തിരുവനന്തപുരം: ഭാരതാംബ ചിത്രം ഒഴിവാക്കി രാജ്ഭവനിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ഊഷ്മളമായി വരവേറ്റ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇരുവരും പരസ്‌പരം കൈ കൊടുത്തു. രാജ്ഭവന്റെ ത്രൈമാസികയായ രാജഹംസിന്റെ പ്രകാശന ചടങ്ങിനാണ് ഒരിടവേളയ്ക്കു ശേഷം മുഖ്യമന്ത്രി എത്തിയത്. ഡോ. ശശിതരൂർ എം.പിയാണ് മാസിക ഏറ്റുവാങ്ങി.
വി.സി നിയമനം, ഭാരതാംബ വിവാദം തുടങ്ങിയ വിഷയങ്ങളിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഗവർണറുമായി മുഖ്യമന്ത്രി അകലം പാലിച്ചിരുന്നു. സ്വാതന്ത്ര്യ ദിനത്തിലെ ഗവർണറുടെ വിരുന്നായ അറ്റ് ഹോമിലും പങ്കെടുത്തിരുന്നില്ല. രാജ്‌ഭവനിലെ സ്വീകരണ മുറിയിൽ നിന്ന് മുഖ്യമന്ത്രിയെ ഗവർണർ സ്വീകരിച്ചാണ് വേദിയിലേക്ക് കൊണ്ടുവന്നത്. മുഖ്യമന്ത്രിയെ ഗവർണർ ഷാളണിയിച്ചു. അനന്തശയന രൂപം ഉപഹാരമായി നൽകി.
നിലവിളക്ക് തെളിക്കുന്നതിലും ഇരുവരുടെയും സൗഹാർദ്ദം പ്രകടമായി. നിലവിളക്ക് ആദ്യം കൊളുത്താൻ മുഖ്യമന്ത്രിയെ ഗവർണർ നിർബന്ധിച്ചു. ചെറുചിരിയോടെ നിരസിച്ച മുഖ്യമന്ത്രി, ഗവർണറോട് തുടങ്ങാൻ ആവശ്യപ്പെട്ടു. ചിരിച്ചു കൊണ്ട് ഗവർണർ വീണ്ടും ആവർത്തിച്ചതോടെ മുഖ്യമന്ത്രി ദീപം തെളിച്ചു. പിന്നാലെ തരൂരും ഗവർണറും. ചടങ്ങിനുശേഷം ഗവർണറുടെ ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. തുടർന്ന് കാർ പോർച്ചുവരെ എത്തി ഗവർണർ മുഖ്യമന്ത്രിയെ യാത്രയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |