ന്യൂഡൽഹി: സ്വത്വ പ്രതിസന്ധിയെ നേരിടുകയായിരുന്ന ഇന്ത്യൻ നാഗരികതയ്‌ക്ക് പ്രത്യയശാസ്‌ത്രപരമായ വഴികാട്ടിയായത് രാഷ്‌ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ.എസ്.എസിന്റെ ഒരു നൂറ്റാണ്ടിന്റെ ഈ യാത്ര അദ്ഭുതകരവും പ്രചോദനാത്മകവുമാണെന്നും പ്രതിമാസ റേഡിയോ സംഭാഷണ പരിപാടിയായ മൻകീ ബാത്തിൽ പറഞ്ഞു. ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലും അദ്ദേഹം ആർ.എസ്.എസിനെ പുകഴ്‌ത്തിയിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം അപകർഷതാബോധം നേരിട്ട രാജ്യത്തെ പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽ നിന്ന് മുക്തമാക്കേണ്ടതുണ്ടായിരുന്നു. അതു മുന്നിൽ കണ്ടാണ് 1925ൽ വിജയദശമി ദിനത്തിൽ ഡോ. ഹെഡ്‌ഗേവാർ രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചത്. നൂറു വർഷത്തിലേറെയായി ആർ.എസ്.എസ് അക്ഷീണം, നിരന്തരം ദേശസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ത്യാഗത്തിന്റെയും സേവനത്തിന്റെയും ആത്മാവും അത് പഠിപ്പിക്കുന്ന അച്ചടക്കവുമാണ് സംഘത്തിന്റെ യഥാർത്ഥ ശക്തി. അതുകൊണ്ടാണ് രാജ്യത്തെവിടെ ഒരു പ്രകൃതിദുരന്തം സംഭവിച്ചാലും ആർ.എസ്.എസ് വൊളണ്ടിയർമാർ ആദ്യം എത്തിച്ചേരുന്നത്. ലക്ഷോപലക്ഷം വൊളണ്ടിയർമാരുടെ പ്രവൃത്തിയിലും പരിശ്രമത്തിലും 'രാഷ്ട്രം ആദ്യം" എന്ന ഈ മനോഭാവമാണ്.
വരുന്ന ഉത്സവകാലത്ത് സ്വദേശി ഉത്പന്നങ്ങൾ ഉപയോഗിക്കാനും മോദി ആഹ്വാനം ചെയ്തു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് എല്ലാവരും ഖാദി ഉത്പന്നങ്ങൾ വാങ്ങണം. ഗാന്ധിജി എപ്പോഴും സ്വദേശി ഉത്പന്നങ്ങൾക്ക് ഊന്നൽ നൽകിയിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഖാദിയുടെ പ്രാധാന്യം മങ്ങി. എന്നാൽ കഴിഞ്ഞ 11 വർഷത്തിനിടെ ഖാദിയുടെ പ്രസക്തി വർദ്ധിച്ചിട്ടുണ്ട്.-മോദി പറഞ്ഞു.
ജി.എസ്.ടി പരിഷ്‌കാരങ്ങളെക്കുറിച്ചും അതുവഴി ജനങ്ങൾക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പറഞ്ഞു. അന്തരിച്ച ഗായകൻ സുബീൻ ഗാർഗിനെ അനുസ്മരിച്ചു. അസാമീസ് സംസ്‌കാരത്തിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു സുബീൻ ഗാർഗെന്ന് അദ്ദേഹം പറഞ്ഞു.
ദിൽനയ്ക്കും രൂപയ്ക്കും
അഭിനന്ദനം
പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന കോഴിക്കോട്ടുകാരി കെ. ദിൽനയെയും തമിഴ്നാട്ടുകാരി എ. രൂപയെയും അഭിനന്ദിച്ച് മോദി. നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ ഇവരുടെ സാഹസികയാത്ര നിരവധി സ്ത്രീകൾക്ക് പ്രചോദനമാണെന്ന് മോദി പറഞ്ഞു. ദൗത്യത്തിന്റെ വിശേഷങ്ങൾ ദിൽനയും രൂപയും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. സാഗർ പരിക്രമയുടെ ഭാഗമായി 47500 കിലോമീറ്റർ ദൂരമാണ് ഇരുവരും എട്ട് മാസം കടലിലൂടെ സഞ്ചരിച്ചത്. 2024 ഒക്ടോബർ രണ്ടിന് ഗോവയിൽ നിന്ന് പായ്‌വഞ്ചിയിൽ പുറപ്പെട്ട് 2025 മേയ് 29നാണ് ഇവർ തിരിച്ചെത്തിയത്. യാത്രയ്‌ക്കായി മൂന്ന് വർഷത്തെ തയ്യാറെടുപ്പ് നടത്തി. 2014ൽ നാവികസേനയിൽ ചേർന്ന ദിൽന ലോജിസ്റ്റിക്‌സ് കേഡറിലാണ് പ്രവർത്തിക്കുന്നത്. ദിൽനയുടെ അച്ഛൻ സൈനികനാണ്. ഭർത്താവും നാവികസനേയിലാണ്. 2017ൽ നാവികസേനയുടെ ആർമമെന്റ് ഇൻസ്‌പെക്ഷൻ കേഡറിൽ ചേർന്ന രൂപയുടെ അച്ഛൻ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |