കരൂർ: എങ്ങും അങ്കലാപ്പിന്റെ അലയൊലികൾ. കരൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പുറത്തേക്കും സ്‌ട്രെച്ചറുകളും ഐ.വി ട്രിപ്പുകളുമായി പരക്കംപായുന്നവർ. ചുറ്റും അലറിക്കരയുന്ന മുഖങ്ങൾ. ഇതായിരുന്നു ദുരന്തശേഷമുള്ള കാഴ്ച.
ദുരന്തം വെങ്കമേട്ടിൽ നിന്നുള്ള പാൽ വിൽപ്പനക്കാരൻ മുരുകന് സമ്മാനിച്ചത് ആജീവനാന്ത വേദനയാണ്. വാരിയെല്ലുപൊട്ടി അബോധാവസ്ഥയിലാണ് ശനിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്.
അമ്മയ്ക്കൊപ്പമാണ് മുരുകൻ റാലിയിൽ പങ്കെടുക്കാനെത്തിയത്. തിക്കിലും തിരക്കിലുംപെട്ട് ബോധം നഷ്ടപ്പെട്ട മുരുകൻ അമ്മ ദുരന്തത്തിൽ നഷ്ടപ്പെട്ടത് അറിഞ്ഞില്ല. അമ്മയുടെ മഞ്ഞ നിറത്തിലുള്ള ബാഗ് നിലത്ത് കിടക്കുന്നത് മാത്രമാണ് കണ്ടത്. മുരുകനെ അമ്മയുടെ വേർപാട് അറിയിച്ചിട്ടില്ല. രാവിലെ മുതൽ ഭക്ഷണംപോലും കഴിക്കാതെ വിജയ് വരുന്നത് കാത്തിരിക്കുകയായിരുന്നു അമ്മയും മകനുമെന്ന് സുഹൃത്ത് പറയുന്നു.
രാത്രി 7.30ന് ആരംഭിച്ച വിജയ് യുടെ പ്രസംഗം കേൾക്കാൻ മൂന്നു മണി മുതൽ കാത്തിരിക്കുകയായിരുന്നുവെന്ന് തലനാരിഴക്ക് രക്ഷപ്പെട്ട എൻ. ഗിരിരാജ് ഓർക്കുന്നു. പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് ആളുകൾ ഐസ് ക്രീം വണ്ടിയിലേക്ക് ചാടിക്കയറുകയും അത് തകർന്ന് ആളുകൾ ഒന്നിന് മുകളിൽ ഒന്നായി മറിഞ്ഞ് വീഴുകയുമായിരുന്നു. മുരുകൻ വിറയാർന്ന ശബ്ദത്തോടെ ഓർത്തെടുത്തു.
കരൂർ ദുരന്തം; മരിച്ചവരിൽ ഒന്നര വയസുകാരനും
കരൂർ:കരൂരിലെ റാലി ദുരന്തത്തിൽ മരിച്ചവരിൽ ഒന്നര വയസുകാരനും.മാതാപിതാക്കൾക്കൊപ്പം റാലിയിൽ പങ്കെടുക്കാനെത്തിയ ധ്രുവ് വിഷ്ണുവിനാണ് ജീവൻ നഷ്ടമായത്.ദുരന്തത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണ് ധ്രുവ്.ഒന്ന് കണ്ണു തുറക്കുമോ എന്ന് ചോദിച്ച് കുട്ടിയുടെ അമ്മ അലമുറയിട്ടത് കൂടെയുണ്ടായിരുന്നവരുടെ ഉള്ളുലച്ചു.ഒന്നര വയസുകാരന്റെ മൃതദേഹം മാറോടണച്ച് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ കൂടെയുണ്ടായിരുന്നവരും പൊട്ടിക്കരഞ്ഞു.
15 വയസിൽ താഴെയുള്ള ആയിരത്തോളം കുട്ടികളാണ് റാലിയിൽ പങ്കെടുത്തത്.ചെറിയ കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു.ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. ഹേമലത മക്കളായ സായ് കൃഷ്ണ,സായ് ജീവ എന്നിവരാണ് മരിച്ചത്.കരൂരിൽ ബിരിയാണി കച്ചവടം ചെയ്ത് ഉപജീവനം നടത്തിവന്ന കുടുംബമായിരുന്നു.കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് തിരക്ക് അവഗണിച്ചും മണിക്കൂറുകളോളം വിജയിയെ കാണാനായി കാത്തിരുന്നത്.ആകെ ഒൻപത് കുട്ടികളും 17 സ്ത്രീകളുമാണ് മരിച്ചത്.
വിജയ് എത്തുംമുമ്പേ
പ്രശ്നങ്ങൾ തുടങ്ങി
വിജയ് യുടെ പ്രചരണ വാഹനം എത്തുന്നതിനു മുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്. കാരവൻ എത്തിയതോടെ തിക്കും തിരക്കും വർദ്ധിച്ചു. വിജയ് യുടെ വാഹനം മുന്നോട്ടു നീങ്ങാൻ തുടങ്ങിയപ്പോൾ താൻ താഴേക്ക് വീഴുകയായിരുന്നുവെന്ന്
പരിക്കേറ്റ 17കാരൻ മദിഷ് പറഞ്ഞു. കൈകളിൽ പൊട്ടലും മുഖത്ത് പരിക്കേറ്റ് വീക്കവും ഉണ്ട്. കാരവാൻ ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് രക്ഷപ്പെട്ടവരെല്ലാം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |