കപ്പ് വാങ്ങാൻ വരാതെ സൂര്യകുമാർ യാദവ്
ചെക്ക് വലിച്ചെറിഞ്ഞ് സൽമാൻ ആഗ
ദുബായ് : വിജയികളായ ഇന്ത്യ ട്രോഫി ഏറ്റുവാങ്ങാൻ എത്താതിരുന്നത് ഇന്നലെ ഏഷ്യാകപ്പിന്റെ സമാപനച്ചടങ്ങിൽ നാടകീയത നിറച്ചു. പാകിസ്ഥാൻകാരനായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് മത്സരത്തിന് മുന്നേതന്നെ പറഞ്ഞിരുന്നു. ഇന്നലെ ജയിച്ചശേഷവും നിലപാടിൽ ഒരു മാറ്റവും വരുത്തിയില്ല. ഇതോടെ സമ്മാനദാനച്ചടങ്ങ് ഒരുമണിക്കൂറിലേറെ വൈകി.
മാച്ച്ഒഫിഷ്യൽസും ഇന്ത്യൻ താരങ്ങളും തമ്മിൽ ദീർഘനേരം ചർച്ച നടന്നു. ഒടുവിൽ കിരീടദാനം ഇല്ലാതെയാണ് സമാപനച്ചടങ്ങ് നടന്നത്. ആദ്യം പാക് താരങ്ങൾ വ്യക്തിഗത മെഡലുകൾ ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ചെക്ക് വലിച്ചെറിഞ്ഞ ശേഷമാണ് പാക് ക്യാപ്ടൻ സൽമാൻ ആഗ അവതാരകനായ സൈമൺ ഡള്ളുമായി അഭിമുഖത്തിന് എത്തിയത്.
ഇന്ത്യൻ താരങ്ങളിൽ നിന്ന് പ്ളേയർ ഒഫ് ദ മാച്ചായ തിലക് വർമ്മയും വാല്യുവബിൾ പ്ളേയറായ കുൽദീപ് യാദവും പ്ളേയർ ഒഫ് ദ ടൂർണമെന്റായ അഭിഷേക് ശർമ്മയും കാഷ് അവാർഡ് ഏറ്റുവാങ്ങി. ഇവരാരും വേദിയിലുണ്ടായിരുന്ന മൊഹ്‌സിൻ നഖ്‌വിക്ക് ഷേക് ഹാൻഡ് നൽകുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഇന്ത്യൻ ടീം മൊത്തമായി മെഡലും ക്യാപ്ടൻ സൂര്യകുമാർ ട്രോഫിയും ഏറ്റുവാങ്ങാൻ എത്തിയില്ല. സമ്മാനദാനച്ചടങ്ങ് അവസാനിച്ചതായി പ്രഖ്യാപിച്ചശേഷം ഇന്ത്യൻ താരങ്ങൾ വേദിയിലെത്തി ട്രോഫിയില്ലാതെ ആഹ്ളാദപ്രകടനം നടത്തി.
ഇത് കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ -
പ്രധാനമന്ത്രി നരേന്ദ്രമോദി.
3-0
മത്സരശേഷം ബി.സി.സി.ഐ സോഷ്യൽ മീഡിയയിൽ ഇട്ട 3-0 പോസ്റ്റ് വൈറലായി. മൂന്ന് ആക്രമണങ്ങൾ, 0 മറുപടി എന്നായിരുന്നു ബി.സി.സി.ഐ പോസ്റ്റ്. ഏഷ്യാകപ്പ് മത്സരത്തിനിടെ ഓപ്പറേഷൻ സിന്ദൂറിൽ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന പാകിസ്ഥാൻ താരം ആസാദ് റൗഫിന്റെ പ്രകോപനപരമായ 6-0 ആംഗ്യത്തിന് മറുപടിയാണ് ഈ പോസ്റ്റ്. ഇന്നലെ റൗഫ് മെഡൽ വാങ്ങാൻ വന്നപ്പോൾ കൊഹ്‌ലി എന്ന് വിളിച്ചും പാക് ടീം വന്നപ്പോൾ ഇന്ത്യ എന്നുവിളിച്ചും ഗാലറിയിൽ നിന്ന് കളിയാക്കിയിരുന്നു.
21 കോടി സമ്മാനം
ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനും സപ്പോർട്ടിംഗ് സ്റ്റാഫിനും ബി.സി.സി.ഐ 21 കോടി രൂപസമ്മാനം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |