വിജയതിലകം ചാർത്തി ഇന്ത്യ
കുൽദീപിന് നാലുവിക്കറ്റ്, അക്ഷറിനും വരുണിനും ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം
അർദ്ധസെഞ്ച്വറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ച് തിലക് വർമ്മ
ദുബായ് : മൂന്നാഴ്ചയ്ക്കിടെ മൂന്നാം തവണയും പാകിസ്ഥാനെ കുഴിച്ചുമൂടിയാണ് ഇന്ത്യ ഒൻപതാം വട്ടം ഏഷ്യാകപ്പിൽ മുത്തമിട്ടത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കം ലഭിച്ച പാകിസ്ഥാനെ ഇരുഘട്ടങ്ങളിലും പ്രധാനം ഫിനിഷിംഗാണെന്ന് പഠിപ്പിച്ച് ഇന്നലെ സൂര്യയും സംഘവും കപ്പുയർത്തുകയായിരുന്നു. 20/3 എന്ന നിലയിൽ നിന്ന് 150/5 എന്ന ഫിനിഷിലേക്കുള്ള ഇന്ത്യയുടെ ചേസിംഗിൽ കരുത്തായത് 53 പന്തുകളിൽ മൂന്നുഫോറും നാലുസിക്സുമടക്കം 69 റൺസുമായി പുറത്താകാതെനിന്ന തിലക് വർമ്മയാണ്. 21 പന്തുകളിൽ 24 റൺസ് നേടിയ സഞ്ജു സാംസണും 22 പന്തുകളിൽ 33 റൺസ് നേടി ശിവം ദുബെയും തിലകിന്റെ പോരാട്ടത്തിന് പിന്തുണ പകർന്നു. ഈ ടൂർണമെന്റിൽ ആദ്യമായി കളിക്കാനിറങ്ങിയ റിങ്കു സിംഗ് ആദ്യമായി നേരിട്ട പന്തിൽനിന്നാണ് കിരീടവിജയം കുറിച്ച റൺ പിറന്നത്.
അടിച്ചുതുടങ്ങിയ പാകിസ്ഥാൻ
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയപ്പോൾ നല്ല തുടക്കം ലഭിച്ച പാകിസ്ഥാനെ സ്പിന്നർമാരെ ഉപയോഗിച്ചാണ് സൂര്യ കുരുക്കിയിട്ടത്. കുൽദീപ് യാദവ് നാലുവിക്കറ്റും വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും പേസർ ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം റിങ്കുസിംഗിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഫൈനൽ മത്സരത്തിനിറങ്ങിയത്.
ശിവം ദുബെയാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലയുറപ്പിച്ചുനിന്ന് ആക്രമിക്കാൻ ശ്രമിക്കുന്ന പാക് ഓപ്പണർമാരെയാണ് ഫൈനലിൽ കണ്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സാഹിബ്സദ മത്സരത്തിലെ ആദ്യ ബൗണ്ടറി കണ്ടെത്തി.നാലുറൺസ് മാത്രമാണ് പാകിസ്ഥാന് ആദ്യ ഓവറിൽ നേടാനായത്.രണ്ടാം ഓവർ എറിയാനെത്തിയ ബുംറയ്ക്ക് എതിരെയും സാഹിബ്സദ ബൗണ്ടറി കണ്ടെത്തി.നാലാം ഓവറിൽ ബുംറയ്ക്ക് എതിരെ സാഹിബ്സദ മത്സരത്തിലെ ആദ്യ സിക്സും പായിച്ചു. ഇതോടെ പാക് ഓപ്പണർമാരിലേക്ക് ആവേശം എത്തിത്തുടങ്ങി.നാലാം ഓവറിൽ ബുംറ 13 റൺസാണ് വിട്ടുകൊടുത്തത്. അഞ്ചാം ഓവറിൽ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് സ്പിന്നർ വരുൺ ചക്രവർത്തിയെ പന്തേൽപ്പിച്ചു. തന്റെ ആദ്യ ഓവറിൽ അഞ്ചുറൺസാണ് വരുൺ വിട്ടുകൊടുത്തത്. അക്ഷർ പട്ടേലാണ് ആദ്യ പവർപ്ളേയിലെ അവസാന ഓവർ എറിഞ്ഞത്. പവർപ്ളേയിൽ വിക്കറ്റ് നഷ്ടം കൂടാതെ 45 റൺസാണ് പാകിസ്ഥാൻ നേടിയത്.
ആദ്യവിക്കറ്റിന് വരുണാസ്ത്രം
പവർപ്ളേ കഴിഞ്ഞുള്ള ആദ്യ ഓവർ എറിയാനെത്തിയത് കുൽദീപ് യാദവാണ്.ഈ ഓവറിന്റെ അവസാന പന്തിൽ കുൽദീപിനെ ഡീപ് സ്ക്വയർ ലെഗിന് മുകളിലൂടെ സിക്സ് പറത്തി.ഒൻപതാം ഓവറിൽ കുൽദീപിനെ ഫഖാർ സിക്സിന് പറത്തിയതിന് പിന്നാലെ സാഹിബ്സദ അർദ്ധസെഞ്ച്വറിയിലെത്തി. ഇന്ത്യയ്ക്ക് എതിരായ സാഹിബ്സദയുടെ രണ്ടാം അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. സൂപ്പർ ഫോറിലെ മത്സരത്തിൽ അർദ്ധസെഞ്ച്വറിക്ക് ശേഷം തോക്കുപോലെ ബാറ്റുചൂണ്ടി ആഘോഷിച്ച പാക് ഓപ്പണർ ഇക്കുറി അതിന് മുതിർന്നില്ല. പത്താം ഓവറിൽ തന്നെ സിക്സിന് പറത്തിയതിന് തൊട്ടടുത്ത പന്തിലാണ് വരുൺ സാഹിബ്സദയെ പുറത്താക്കിയത്. ഡീപ് മിഡ് വിക്കറ്റിൽ തിലക് വർമ്മയാണ് സാഹിബ്സദയെ പിടികൂടിയത്.
സാഹിബ്സദയ്ക്ക് പകരമിറങ്ങിയ സെയിം അയൂബിനെ(14) ഒപ്പം കൂട്ടി ഫഖാർ സമാൻ സ്കോർ ഉയർത്താൻ ശ്രമിച്ചു. 12-ാം ഓവറിൽ അവർ 100 കടന്നു. എന്നാൽ 12.5-ാം ഓവറിൽ ടീം സ്കോർ 113ൽ നിൽക്കുമ്പോൾ സെയിം അയൂബിനെ ബുംറയുടെ കയ്യിലെത്തിച്ച് കുൽദീപ് അടുത്ത പ്രഹരം ഏൽപ്പിച്ചു. പകരമിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസിനെ(0) കാലുറപ്പിക്കാൻ അനുവദിക്കാതെ അക്ഷർ പട്ടേൽ 14-ാം ഓവറിൽ കൂടാരം കയറ്റിയതോടെ പാകിസ്ഥാൻ 114/3 എന്ന നിലയിലായി. റിങ്കുവാണ് മനോഹരമായി ഹാരിസിന്റെ ക്യാച്ചെടുത്തത്.
കുൽദീപിന്റെ കുന്തമുനകൾ
15-ാം ഓവറിൽ ഫഖാർ സമാന്റെ ചെറുത്തുനിൽപ്പ് വരുൺ അവസാനിപ്പിച്ചു. ഈ ഓവറിലെ നാലാം പന്തിൽ വരുണിനെ ലോംഗ്ഓണിന് മുകളിലൂടെ സിക്സിന് പറത്തിയ ഫഖാർ അടുത്ത പന്തിൽ വീണ്ടും ആഞ്ഞടിക്കാൻ ശ്രമിച്ച് കുൽദീപിന് ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ പാകിസ്ഥാൻ 15 ഓവറിൽ 128/4 എന്ന നിലയിലായി. പകരമിറങ്ങിയ ഹുസൈൻ തലത്തിനെ 16-ാം ഓവറിൽ അക്ഷറിന്റെ പന്തിൽ സഞ്ജു പിടികൂടി.അടുത്ത ഓവറിന്റെ ആദ്യ പന്തിൽ പാക് നായകൻ സൽമാൻ ആഗയെ(8)ക്കൂടി സഞ്ജു പിടികൂടിയതോടെ പാകിസ്ഥാൻ 133/6ലേക്ക് പതിച്ചു. കുൽദീപായിരുന്നു ബൗളർ.ഇതേ ഓവറിൽതന്നെ കുൽദീപ് ഷഹീൻ ഷാ അഫ്രീദിയെ (0) എൽ.ബിയിൽ കുരുക്കുകയും ഫഹീം അഷ്റഫിനെ(0) തിലകിന്റെ കയ്യിലെത്തിക്കുകയും ചെയ്‌തതോടെ പാകിസ്ഥാൻ 134/8ലെത്തി. പിന്നീട് അധികം വൈകാതെ ആൾഔട്ടായി.
അപ്രതീക്ഷിത തിരിച്ചടി
മറുപടിക്കിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് അപ്രതീക്ഷിത തകർച്ചയാണ്.രണ്ടാം ഓവറിന്റെ ആദ്യ പന്തിൽതന്നെ ഫഹീം അഷ്റഫ് ഇൻഫോം ബാറ്റർ അഭിഷേക് ശർമ്മയെ(5) ഹാരീസ് റൗഫിന്റെ കയ്യിലെത്തിച്ചു. മൂന്നാം ഓവറിൽ ഷഹീൻ ഷാ അഫ്രീദിയെ പ്രഹരിക്കാൻ ശ്രമിച്ച സൂര്യയെ(1) അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പാക് ക്യാപ്ടൻ സൽമാൻ ആഗ പുറത്താക്കി. ആഗയുടെ കയ്യിലെത്തും മുമ്പ് ഗ്രൗണ്ടിൽ തട്ടിയെന്ന സംശയമുയർന്നെങ്കിലും മൂന്നാം അമ്പയർ വിക്കറ്റ് വിധിച്ചു. നാലാം ഓവറിന്റെ അവസാന പന്തിൽ ഫഹീം ശുഭ്മാൻ ഗില്ലിനെയും (12) റൗഫിന്റെ കയ്യിലെത്തിച്ചതോടെ ഇന്ത്യ 20/3 എന്ന നിലയിലായി.
കരകയറ്റാൻ തിലകും സഞ്ജുവും
തുടർന്ന് ക്രീസിൽ ഒരുമിച്ച സഞ്ജുവും തിലക് വർമ്മയും ചേർന്നാണ് വലിയൊരു തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ആറോവർ പവർപ്ളേയിൽ 36 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്.
സിംഗിളുകളിലൂടെ സ്ട്രൈക്ക് കൈമാറി സ്കോർ ബോർഡ് ചലിപ്പിച്ച സഞ്ജുവും തിലകും ഇടയ്ക്ക് ബൗണ്ടറികളും കണ്ടെത്തി. വ്യക്തിഗത സ്കോർ 12ൽ നിൽക്കേ സഞ്ജു നൽകിയ ക്യാച്ച് തലത്ത് ഹുസൈൻ വിട്ടുകളഞ്ഞത് നിർണായകമായി. ആദ്യ പത്തോവറിൽ 58/3 എന്ന നിലയിലായിരുന്നു ഇന്ത്യ. മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്ന ഈ കൂട്ടുകെട്ട് പക്ഷേ 12.2-ാം ഓവറിൽ പാകിസ്ഥാൻ തകർത്തുകളഞ്ഞു. സ്പിന്നർ അബ്റാറിനെ അനാവശ്യമായി ഉയർത്തിയടിച്ച് സാഹിബ്സദയ്ക്ക് പിടികൊടുക്കുകയായിരുന്നു സഞ്ജു. 21 പന്തുകളിൽ ഒരു സിക്സും രണ്ട് ഫോറും സഞ്ജു പായിച്ചിരുന്നു. ഇതോടെ ഇന്ത്യ 77/4 എന്ന നിലയിലായി. തുടർന്ന് തിലകും ശിവം ദുബെയും ചേർന്ന് മുന്നോട്ടുനയിച്ചു.19-ാം ഓവറിന്റെ അവസാന പന്തിലാണ് ദുബെ(33) പുറത്തായത്. തുടർന്ന് റിങ്കു ഇറങ്ങി വിജയറൺ നേടി.
9 ഇന്ത്യ ഏഷ്യാകപ്പ് ജേതാക്കളാകുന്നത് ഒൻപതാം തവണ
1984,1988,1991,1995,2010,2016,2018,2023, വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇന്ത്യ ഏഷ്യാകപ്പുയർത്തിയത്.
ഒറ്റക്കളിപോലും തോൽക്കാതെ ഇന്ത്യയുടെ കിരീടവിജയം
7 മത്സരങ്ങളാണ് ഈ ടൂർണമെന്റിൽ ഇന്ത്യ തുടർച്ചയായി ജയിച്ചത്.
പാകിസ്ഥാൻ 146, ഇന്ത്യ 150/5
ഇന്ത്യയും പാകിസ്ഥാനും ഏഷ്യാകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് ഇതാദ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |