വെസ്റ്റ് ഇൻഡീസിനെ ട്വന്റി-20യിൽ അട്ടിമറിച്ച് നേപ്പാൾ
വിജയം ജെൻ സി പ്രക്ഷോഭത്തിൽ മരണപ്പെട്ടവർക്ക് സമർപ്പിച്ച് നേപ്പാൾ ടീം
ഷാർജ : രണ്ട് വട്ടം ട്വന്റി-20 ലോകകപ്പ് നേടിയിട്ടുള്ള വെസ്റ്റ് ഇൻഡീസിനെ മൂന്നുട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച് നേപ്പാൾ. ഷാർജയിൽ നടന്ന മത്സരത്തിൽ 19 റൺസിനായിരുന്നു നേപ്പാളിന്റെ ജയം. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ നേപ്പാൾ ആദ്യമായാണ് വിജയിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 148/8 എന്ന സ്കോർ ഉയർത്തിയപ്പോൾ വെസ്റ്റ് ഇൻഡീസിന് 129/9ലേ എത്താനായുള്ളൂ. 12 റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ നേപ്പാളിനെ നായകൻ രോഹിത് പൗഡേൽ (38), കുശാൽ മല്ല 30) ,ഗുൽസാൻ ഝാ (22), ദിപേന്ദ്ര സിങ് (17) എന്നിവർ ചേർന്നാണ് 148-ലെത്തിച്ചത്. വിൻഡീസിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. കൈൽ മെയേഴ്‌സ് (5), അമിർ ജാൻഗൂ (19), അക്കീം അഗസ്റ്റെ (15), ജെവൽ ആൻഡ്രൂ (5),കീസി കാർട്ടി (16), നവീൻ ബിദൈസി (22), ഫാബിയൻ അലൻ (19), അകീൽ ഹൊസൈൻ (18) എന്നിവരുടെ വിക്കറ്റുകൾ നിരനിരയയായി പൊഴിഞ്ഞതോടെയാണ് 19 റൺസ് അകലെ വിൻഡീസ് അവസാനിച്ചത്.
ടെസ്റ്റ് കളിക്കുന്ന രാജ്യത്തെ തോൽപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും വിജയം ജെൻ സി പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നുവെന്നും നേപ്പാൾ നായകൻ രോഹിത് പൗഡേല പറഞ്ഞു. വിജയം നേപ്പാളിലെ ജനങ്ങൾക്ക് ചെറിയ സന്തോഷമെങ്കിലും നൽകുന്നുവെങ്കിൽ അത് നല്ലതാണെന്നും രോഹിത് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |