ചെന്നെെ: 41 പേരുടെ ദാരുണാന്ത്യത്തിന് കാരണമായ കരൂരിലെ റാലിക്ക് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട്. വിജയ്‌ക്ക് സുഖമില്ലെന്ന് താൻ അറിഞ്ഞതായി ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡി പറഞ്ഞു. തന്റെ എക്സ് പേജിലൂടെയാണ് അമർ ഇക്കാര്യം വെളിപ്പെടുത്തിയത്.
'വിജയ്ക്ക് സുഖമില്ലെന്ന് ഞാൻ അറിഞ്ഞു. വേഗം സുഖം പ്രാപിക്കൂ. നിങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം എനിക്ക് മനസിലാകും. ദയവായി നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക'- അമർ പ്രസാദ് റെഡ്ഡി എക്സിൽ കുറിച്ചു. പണയൂരിലെ വീട്ടിലായിരുന്ന വിജയ് ഇന്ന് രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവർത്തിക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി എം പി വിജയ്‌യെ ഫോണിൽ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു.
I heard that @actorvijay is unwell. Get well soon.
— Amar Prasad Reddy (@amarprasadreddy) September 29, 2025
I completely understand the trauma you are undergoing. Please take care of your health.
അതേസമയം, വിജയ് എന്തിനാണ് സിനിമ വിട്ട് രാഷ്ട്രീയത്തിൽ ചേർന്നതെന്നാണ് വെെകാരികമായ കുറിപ്പ് പങ്കുവച്ച് തമിഴ് നടി വിനോദിനി ചോദിച്ചത്. വിജയ്‌യെ വെറുക്കരുതെന്നും സാഹചര്യം രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്നും വിനോദിനി അഭ്യർത്ഥിച്ചു.
'ഒരു നടൻ എന്ന നിലയിൽ വിജയ് സാറിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം 'ജില്ല' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ സഹോദരാ ഈ കുറ്റബോധം നിങ്ങൾ എങ്ങനെ കെെകാര്യം ചെയ്യുമെന്ന് എനിക്കറിയില്ല. അദ്ദേഹം ഹൃദയം കൊണ്ട് വളരെ നല്ല മനുഷ്യനാണ്. പാർട്ടിയുടെ പല ആശയങ്ങളോടും എനിക്ക് യോജിപ്പില്ലാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചോ അഭിപ്രായങ്ങളെക്കുറിച്ചോ ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ സൗമ്യനും മൃദുവായി സംസാരിക്കുന്നവനും ദയയുള്ളവനുമായ ഒരു വ്യക്തി എന്ന നിലയിൽ, നിരവധി നിരപരാധികളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നിട്ടുണ്ടാകും. ദയവായി ഈ സാഹചര്യത്തെ രാഷ്ട്രീയവൽക്കരിക്കരുത്. '- വിനോദിനി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |