ദുബായ്: പ്രവാസികൾക്ക് യു.എ.ഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്നതിൽ പുതിയ മാനദണ്ഡങ്ങൾ നശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് , പോർട്ട് സെക്യൂരിറ്റി (ഐ.സി.പി). തിങ്കളാഴ്ചയാണ് ഐ.സി.പി സന്ദർശക വിസ നിയമങ്ങൾ പ്രഖ്യാപിച്ചത്. പുതിയ മാനദണ്ഡ പ്രകാരം യു.എ.ഇ നിവാസികൾക്കോ പ്രവാസികൾക്കോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് നിശ്ചിത മാസവരുമാന പരിധി നിശ്ചയിച്ചു.
പുതിയ നിയമപ്രകാരം ഒരാൾക്ക് അടുത്ത ബന്ധുക്കളെ യു,എ.ഇയിലേക്ക് സ്പോൺസർ ചെയ്യണമെങ്കിൽ പ്രതിമാസ ശമ്പളം 4000 ദിർഹത്തിൽ കുറവായിരിക്കരുത്. അടുത്ത ബന്ധുക്കളല്ലാത്തവരെ സ്പോൺസർ ചെയ്യണമെങ്കിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കണം. ഇവർക്ക് മാസ വരുമാനം 8000 ദിർഹം ഉണ്ടായിരിക്കണം എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. അതേസമയം ഇവർക്ക് സുഹൃത്തുക്കളെ സ്പോൺസർ ചെയ്യണമെങ്കിൽ കുറഞ്ഞത് 15000 ദിർഹം മാസശമ്പളം നിർബന്ധമാണ്,
അതോറിറ്റി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയിദ് അൽ ഖൈലി പറഞ്ഞു. യു.എ.ഇയിൽ ജോലിക്കോ ബിസിനസിനായോ എത്തുവരുടെ മാനുഷികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ മനസിലാക്കുന്നതിനും കൂടിയാണ് പുതിയ മാറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിത നിലവാരം മെച്ചപ്പെടുത്തുക, വ്യാപാരവും ഗതാഗതവും വർദ്ധിപ്പിക്കുക, സാങ്കേതിക മേഖലകളെ പിന്തുണയ്ക്കുക, പ്രാദേശികമായും ആഗോളമായും യു.എ.ഇയുടെ മത്സരശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇവയ്ക്കൊപ്പം എൻജിനീയറിംഗ്, എ.ഐ. വിനോദം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർക്കായി പുതിയ വിസകൾ, വിധവകൾക്കും വിവാഹ മോചിതർക്കും സ്പോൺസറില്ലാതെ താമസാനുമതി എന്നിവയും പുതിയ നിയമങ്ങളുടെ ഭാഗമായി യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |