ന്യൂഡല്‍ഹി: കോടതിയില്‍ ഒരു കേസ് നടക്കുന്നുവെങ്കില്‍ അതിന് വാദിയും പ്രതിയും നേരിട്ട് ഹാജരാകണമെന്ന ആവശ്യം സ്വാഭാവികമാണ്. എന്നാല്‍ വാദിയോ പ്രതിയോ സ്ഥലത്തില്ലെങ്കിലോ? ഇനി വിദേശത്ത് ആണെങ്കില്‍ കേസിനായി മാത്രം നാട്ടിലേക്ക് വരുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ജോലിയിലെ ലീവും വിമാന ടിക്കറ്റുമൊക്കെയാകുമ്പോള്‍ ഇത് വലിയ പ്രയാസമാണ് സൃഷ്ടിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെ ഇന്ത്യയിലെ കോടതി നടപടികളുടെ ഭാഗമാകാന്‍ കഴിയുന്ന സൗകര്യം ലഭ്യമാണ്.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇ-ജാഗ്രതയിലാണ് നേരിട്ട് ഹാജരാകാതെ കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ളത്. ഇന്ത്യയിലെ വസ്തു തര്‍ക്കം, സേവനങ്ങളിലെ വീഴ്ച തുടങ്ങിയവയ്‌ക്കെതിരെ 56 പ്രവാസികളാണ് സര്‍ക്കാരിന്റെ ഇ ജാഗ്രതി പോര്‍ട്ടല്‍ വഴി നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.
ഷാംഗ്ഹായിലുള്ള ഒരു സ്ത്രീ അടുത്തിടെയാണ് ഇത്തരത്തില്‍ ഒരു വസ്തു തര്‍ക്ക കേസില്‍ പരിഹാരം കണ്ടത്. ഇന്ത്യയിലുള്ള വസ്തു -സേവന തര്‍ക്കങ്ങള്‍ ഇ - ജാഗ്രതിയിലൂടെ ഇപ്പോള്‍ പരിഹരിക്കാനാകും. വിദേശത്തുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ പരിപാടിയില്‍ സംസാരിക്കവെ ഉപഭോക്തൃകാര്യമന്ത്രാലയ സെക്രട്ടറി നിധി ഖരെ ആണ് ഇക്കാര്യം അറിയിച്ചത്.
ഷാംഗ്ഹായില്‍ നിന്നുള്ള സ്ത്രീയുടെ കാര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അഞ്ച് മാസം കൊണ്ട് അതിവേഗത്തില്‍ കേസ് തീര്‍പ്പാക്കാന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |