തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ അന്യജില്ലകളില്‍ നിന്ന് വരികയും താമസിക്കുകയും ചെയ്യുന്നത് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിലാണ്. വ്യാവസായിക നഗരമെന്ന നിലയില്‍ കൊച്ചി വളരുമ്പോള്‍ തലസ്ഥാന നഗരമെന്നതായിരുന്നു തിരുവനന്തപുരത്തിന്റെ പ്രത്യേകത. എന്നാല്‍ തിരുവനന്തപുരത്ത് കാര്യങ്ങള്‍ മാറുകയാണ്. സംസ്ഥാനത്ത് ഏറ്റവും അധികം പുതിയ പാര്‍പ്പിട സമുച്ചയങ്ങള്‍ രജിസ്റ്റര്‍ ചെയ്തവയുടെ പട്ടികയില്‍ ഈ വര്‍ഷവും മുന്നില്‍ തലസ്ഥാന ജില്ലയാണ്.
ഫ്‌ളാറ്റുകള്‍, റസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ (വീടുകള്‍, വില്ലകള്‍) എന്നിവ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ തിരുവനന്തപുരം ആണ് മുന്നിലെന്ന് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ കണക്കുകളില്‍ നിന്ന് വ്യക്തം. 2024ലെ കണക്ക് പരിശോധിച്ചാല്‍ ആദ്യമായിട്ടാണ് അന്ന് തലസ്ഥാന ജില്ല മുന്നിലെത്തിയത്. 2025ലും ഇതുവരെയുള്ള കണക്ക് അനുസരിച്ച് തിരുവനന്തപുരം തന്നെയാണ് മുന്നില്‍. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നതും.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരത്തിന് ഉണ്ടായിരിക്കുന്ന വളര്‍ച്ച, നിക്ഷേപങ്ങളുടെ വര്‍ദ്ധനവ് ഒപ്പം വ്യാവസായി നഗരമെന്ന രീതിയിലേക്കുള്ള തിരുവനന്തപുരത്തിന്റെ വളര്‍ച്ച എന്നിവയാണ് അവ. വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ കൂടുതലും തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ ഭൂമി കച്ചവടത്തിന്റെ മൂന്നിലൊന്ന് ഭാഗവും - പ്രത്യേകിച്ച് ഒരു കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ആഡംബര അപ്പാര്‍ട്ടുമെന്റുകളിലും വില്ല പ്രോജക്ടുകളിലും പ്രവാസികളാണ് താത്പര്യം പ്രകടിപ്പിക്കുന്നത്.
ഐടി പ്രൊഫഷണലുകളുടെ കാര്യമെടുത്താലും സ്ഥിതി സമാനമാണ്. തലസ്ഥാനത്ത് ടെക്‌നോപാര്‍ക്കുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് കരുത്ത് പകരുന്നുണ്ട്. ഭൂമിയുടെ വിലയില്‍ പ്രതിവര്‍ഷം എട്ട് മുതല്‍ 12 ശതമാനം വരെ വര്‍ദ്ധനവും രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതുപോലെ തന്നെ വാടക വീടുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് തലസ്ഥാന നഗരത്തില്‍ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |