നെഹ്റു കുടുംബത്തിന് വയനാടുമായുള്ള ബന്ധം അത്ര ചെറുതല്ല. അതുകൊണ്ട് തന്നെ കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള വയനാടൻ മണ്ണിൽ നിന്ന് എ.ഐ.സി.സി അംഗങ്ങളുടെ എണ്ണവും കുറവല്ല. മുൻ മന്ത്രി പി.കെ ജയലക്ഷ്മി, അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ എന്നിവർക്ക് പുറമെ എൻ.ഡി. അപ്പച്ചനും എ.ഐ.സി.സി അംഗമായി നോമിനേഷൻ ലഭിച്ചു. പതിനഞ്ചുവർഷത്തോളം വയനാട് ഡി.സി.സിയുടെ അമരസ്ഥാനത്തിരുന്ന എൻ.ഡി. അപ്പച്ചനെ കഴിഞ്ഞ ദിവസമാണ് കേരളത്തിൽ നിന്നുള്ള കോ ഓപ്പ്റ്റഡ് എ.ഐ.സി.സി അംഗമായി ദേശീയ അദ്ധ്യക്ഷൻ നോമിനേറ്റഡ് ചെയ്തത്. വയനാട് കോൺഗ്രസിലുണ്ടായ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും ചേരിതിരിഞ്ഞുള്ള കൂട്ടത്തല്ലും കള്ളക്കേസുകൾ തുടങ്ങിയ വിവാദങ്ങളെ തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച എൻ.ഡി. അപ്പച്ചൻ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. നെഹ്റു കുടുംബത്തിലെ ഇളംതലമുറക്കാരിയുടെ നിർബന്ധത്തെ തുടർന്നാണ് എൻ.ഡി അപ്പച്ചന് രാജിവയ്ക്കേണ്ടി വന്നതെന്ന് രാഷ്ട്രീയ ശത്രുക്കളും കോൺഗ്രസിലെ ഒരു വിഭാഗവും കുറ്റപ്പെടുത്തുന്നുണ്ട്. അത് പ്രവർത്തന പാരമ്പര്യമുള്ള എൻ.ഡി. അപ്പച്ചനോടുളള അസൂയകൊണ്ടാണെന്ന് മാത്രം കരുതുക. എന്തായാലും എൻ.ഡി. അപ്പച്ചൻ രാജിവച്ച് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിഷമത്തോടെ പ്രത്യക്ഷപ്പെട്ടപ്പോൾ പലരും കരുതിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്നാണ്. എന്നാൽ മണിക്കൂറുകൾക്കകം ഇന്ദ്രപ്രസ്ഥത്തിൽ നിന്നൊരു അറിയിപ്പ് 'ദൃശ്യമാദ്ധ്യമ സുഹൃത്തുക്കളുടെ' മൊബൈലിലെത്തി. എൻ.ഡി. അപ്പച്ചനെ കേരളത്തിൽ നിന്നുള്ള കോ ഓപ്പ്റ്റഡ് എ.ഐ.സി.സി അംഗമാക്കിയിരിക്കുന്നുവെന്ന്! താൻ അത്രയ്ക്കും വലിയ നേതാവായേ എന്നോർത്ത് എൻ.ഡി. അപ്പച്ചൻ പോലും ഞെട്ടിക്കാണും.
ഗ്രൂപ്പിലെ കടുവകൾ
വയനാട്ടിലെ പ്രശ്നങ്ങൾ അടഞ്ഞ അദ്ധ്യായമല്ല, തുടരാനാണ് സാദ്ധ്യത. അപ്പോൾ ജില്ലയിൽ നിന്ന് ഇനിയും എ.ഐ.സി.സി അംഗങ്ങളുണ്ടാകും. ആരെയും പിണക്കരുതല്ലോ. പതിനഞ്ച് വർഷത്തോളം ഇരുന്ന വയനാട് ഡി.സി.സി പ്രസിഡന്റ് കസേരയിൽ നിന്ന് ആത്മഹത്യകളുടെയും ആത്മഹത്യാശ്രമങ്ങളുടെയും മറ്റ് വിവാദങ്ങളുടെയും പേരിൽ സ്ഥാനമൊഴിയുകയെന്നത് വലിയ മനോവിഷമമുള്ള കാര്യം തന്നെയാണ്. എൻ.ഡി അപ്പച്ചന് കോൺഗ്രസിലെ എല്ലാ രഹസ്യങ്ങളും നന്നായിട്ടറിയാം. അപ്പച്ചൻ പടിയിറങ്ങുന്നതിലൂടെ, ആ രഹസ്യങ്ങൾ പുറത്ത് വന്നാൽ വലിയ പ്രശ്നമായിരിക്കും. അതിനുള്ള പോംവഴിയെന്ത്? എ.ഐ.സി.സിയുടെ കോ ഓപ്പ്റ്റഡ് അംഗമാക്കി അപ്പച്ചനെ അവരോധിക്കുക തന്നെ. എങ്ങനെയുണ്ട് ബുദ്ധി? നാട്ടിലെത്തുന്ന കടുവകളെ പിടികൂടി പാർപ്പിക്കാൻ ഒരു കേന്ദ്രമുണ്ട് വയനാട്ടിൽ, കുപ്പാടിക്കടുത്ത നാലാം മൈലിലെ അനിമൽ ഹോസ് പെയ്സ് സെന്റർ. ജനവാസ കേന്ദ്രത്തിലിറങ്ങി നിരന്തരം ശല്യക്കാരായതും പ്രായാധിക്യത്താലും പരിക്കു പറ്റി ഇരപിടിക്കാൻ കഴിയാത്തതുമായ കടുവകളെ പിടികൂടി പരിപാലിക്കുന്നതാണ് ഇവിടം. അഞ്ചേക്കർ വനവിസ്തൃതിയിൽ പ്രത്യേകം വേലികെട്ടി സുരക്ഷ ഒരുക്കിയാണ് സെന്ററിന്റെ പ്രവർത്തനം. നാലു കടുവകളെ പരിചരിക്കുന്നതിന് വേണ്ടി തുടങ്ങിയ ഇവിടെ എട്ട് കടുവകൾ വരെയായി. അതിൽ രണ്ടു കടുവകളെ തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലേയ്ക്കും അടുത്തിടെ മാറ്റി. വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളെ എ.ഐ.സി.സിയിലേക്ക് നോമിനേറ്റ് ചെയ്യുമ്പോൾ ഓർമ്മ വരുന്നത് അനിമൽ ഹോസ് പെയ്സ് സെന്ററാണ്.
എല്ലാത്തിന്റെയും തുടക്കം
അവിടെ നിന്ന്
2024 ഡിസംബർ 27ന് വയനാട് ഡി.സി.സി ട്രഷറായിരുന്ന എൻ.എം. വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്തതോടെയാണ് വയനാട്ടിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ അതിരൂക്ഷമായത്. അതിന് മുമ്പും വയനാട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ലീഡറുടെ വിശ്വസ്തനും കോൺഗ്രസിന്റെ നട്ടെല്ലെന്ന് അറിയപ്പെട്ടിരുന്ന കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ തട്ടകമായിരുന്നു വയനാട്. മലബാറിൽ, പ്രത്യേകിച്ച് വയനാട്ടിൽ ഇന്ന് കാണുന്ന മുഴുവൻ പേരും കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ ശിക്ഷണത്തിൽ വളർന്ന് വന്നവരാണ്. രാമചന്ദ്രൻ മാസ്റ്ററിൽ നിന്ന് പലതും നേടിയവർ. എൻ.ഡി. അപ്പച്ചൻ പോലും രാഷ്ട്രീയത്തിലെ കളികൾ അഭ്യസിക്കുന്നത് രാമചന്ദ്രൻ മാസ്റ്ററിൽ നിന്നാണ്. സി.പി.എമ്മിനെ രാഷ്ട്രീയമായി നേരിടാൻ കെൽപ്പുള്ള മലബാറിലെ ഒരു നേതാവെന്ന നിലയിലായിരുന്നു രാമചന്ദ്രൻ മാസ്റ്ററുടെ സ്ഥാനം. ലീഡറുടെ മകൻ കെ. മുരളീധരന് മുകളിലേക്ക് വളരുമെന്ന ഘട്ടമെത്തിയപ്പോഴാണ് രാമചന്ദ്രൻ മാസ്റ്റർ ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത്. മന്ത്രിയായപ്പോൾ ഒരുദിനം പൊട്ടിക്കരഞ്ഞുകൊണ്ട് ടെലിവിഷൻ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ട രാമചന്ദ്രൻ മാസ്റ്ററുടെ മുഖം രാഷ്ട്രീയ കേരളം മറന്നുകാണില്ല. അങ്ങനെയുള്ള കുറെ കഥകൾ വയനാടൻ രാഷ്ട്രീയത്തിൽ നടമാടിയിട്ടുണ്ട്. അവിടെയാണ് ഇപ്പോൾ പുതിയ സംഭവങ്ങൾ അരങ്ങേറുന്നത്.
നടപടിയില്ല:
സംരക്ഷണം മാത്രം
ഇക്കാലയളവിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ സംബന്ധിച്ച് നടപടിയെടുക്കാൻ തുടങ്ങിയാൽ പ്രസ്ഥാനത്തിന്റെ കൊടി പിടിക്കാൻ ചിലപ്പോൾ ആളുകളെ ചുരത്തിന് താഴെ നിന്ന് കൊണ്ടുവരേണ്ടി വരുമെന്ന് കെ.പി.സി.സിക്കും നന്നേ ബോദ്ധ്യമുള്ള കാര്യമാണ്. കുറ്റക്കാരെ സംരക്ഷിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ അച്ചടക്ക നടപടിയെ രാഷ്ട്രീയ എതിരാളികൾ പോലും കളിയാക്കുന്നു. നേതാക്കൾ ജീവനൊടുക്കാനിടയാക്കിയ ക്രിമിനൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെയും കള്ളക്കേസിൽ കുടുക്കി നിരപരാധിയെ ജയിലിലടച്ചവരെയും സംരക്ഷിക്കുകയാണ്. മുള്ളൻകൊല്ലി കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ട്മലയിൽ തങ്കച്ചനെതിരെ കള്ളക്കേസ് കെട്ടിച്ചമർച്ചവർക്കെതിരെയും ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ജോസ് നെല്ലേത്തിന്റെയും ആത്മഹത്യ എന്നിവയിലൊന്നും നടപടിയില്ല. എൻ.എം. വിജയനും ജോസ് നെല്ലേടവും ആത്മഹത്യ ചെയ്തത് നേതാക്കളുടെയടക്കം പേരുവിവരങ്ങൾ എഴുതി വച്ചാണ്. സുൽത്താൻ ബത്തേരിയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് എൻ.എം. വിജയൻ നേതൃത്വത്തിന് വേണ്ടി വലിയൊരു കടക്കാരനായി മാറുന്നത്. ഒടുവിൽ നേതൃത്വം കൈമലർത്തി. വിജയനും ഭിന്നശേഷിക്കാരനായ മകനും ആത്മഹത്യ ചെയ്യാനെ വഴിയുണ്ടായിരുന്നുള്ളു. കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജയന്റെ കുടുംബം അന്ന് തുടങ്ങിയ യുദ്ധമാണ്. മരുമകൾ പത്മജക്ക് ആത്മഹത്യാശ്രമവും നടത്തേണ്ടി വന്നു. ഒടുവിൽ സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ ബാദ്ധ്യതയായുണ്ടായിരുന്ന 58, 23,047 രൂപ കെ.പി.സി.സി നേതൃത്വം ബാങ്കിൽ അടച്ചു. 69,53,727 രൂപയുടെ ബാദ്ധ്യതയാണ് ബാങ്കിലുണ്ടായിരുന്നത്. പലിശയും പിഴപ്പലിശയും ഒഴിവാക്കിയുള്ള തുകയാണ് കെ.പി.സി.സി അടച്ചത്. നെഹ്റു കുടുംബത്തിന്റെ ഇടപെടലിനെ തുടർന്നാണ് കെ.പി.സി.സിക്ക് തുക അടക്കേണ്ടി വന്നത്. ചുരുക്കിപ്പറഞ്ഞാൽ ആകെ നാണംകെട്ട ഏർപ്പാട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ താക്കീതും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കണ്ണുരുട്ടലും വിലപ്പോയില്ല. നെഹ്റു കുടുംബം വടിയെടുത്തപ്പോൾ എല്ലാം ഒതുങ്ങി. നെഹ്റു കുടുംബത്തിന്റെ മണ്ണാണ് വയനാട്. ഇവിടെ ഒരു ഇല അനങ്ങിയാൽ അത് ദേശീയമാദ്ധ്യമങ്ങളിൽ പോലും വാർത്തയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |