വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ആദ്യ പോരാട്ടം
ഗോഹട്ടിയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു
3 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്
ഗോഹട്ടി : ഇതുവരെ സ്വന്തമാക്കാൻ കഴിയാത്ത ഏകദിന ലോകകപ്പ് കിരീടം ഇക്കുറി സ്വന്തം മണ്ണിൽ നേടിയെടുക്കാൻ കച്ചകെട്ടിയിറങ്ങി ഇന്ത്യൻ പെൺപുലികൾ. ഇന്ന് ഗോഹട്ടിയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ വെറ്ററൻ താരം ചമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കയാണ് ഹർമൻ പ്രീത് കൗറിന്റേയും കൂട്ടരുടേയും ആദ്യ എതിരാളികൾ.
നായിക ഹർമൻപ്രീതിനെക്കൂടാതെ മികച്ച ഫോമിലുള്ള ഉപനായിക സ്മൃതി മാന്ഥന, പരിചയസമ്പന്നരായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ദിയോൾ, റിച്ച ഘോഷ്, ദീപ്തി ശർമ്മ, അരുന്ധതി റെഡ്ഡി തുടങ്ങിയവരാണ് ഇന്ത്യയുടെ കരുത്ത്. ഷെഫാലി വർമ്മയെ ഒഴിവാക്കി ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യൻ സംഘത്തിലേക്ക് പേസ് ബൗളർ രേണുക സിംഗ് താക്കൂർ ആറുമാസത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിട്ടുണ്ട്.
ഈ മാസമാദ്യം ഓസ്ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ കളിച്ചിരുന്നു.ഇതിൽ ഒരു കളിയിൽ മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നുള്ളൂ. തുടർന്ന് ഇംഗ്ളണ്ടിന് എതിരായ സന്നാഹത്തിലും ഇന്ത്യ തോറ്റിരുന്നു. അവസാനമായി കളിച്ച ന്യൂസിലാൻഡിനെതിരായ സന്നാഹത്തിൽ ജയിച്ചത് ആശ്വാസമാണ്. ഈ വർഷം വിവിധ ഫോർമാറ്റുകളിലായി നാലുസെഞ്ച്വറികൾ നേടിയ സ്മൃതി മാന്ഥനയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്.
ശ്രീലങ്കയ്ക്ക് എതിരെ കളിച്ച അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും ജയിച്ചത് ഇന്ത്യയാണ്. പരിചയസമ്പന്നരായ ഹർഷിത സമരവിക്രമ,കവിഷ ദിൽഹരി എന്നിവരാണ് ലങ്കൻ നിരയിലെ മികച്ച ബാറ്റർമാർ. ക്യാപ്ടൻ ചമരിയെക്കൂടാതെ ദേവ്മി വിഹാംഗ,അചിനി കുലസൂര്യ തുടങ്ങിയ ബൗളേഴ്സും ലങ്കൻ നിരയിലുണ്ട്.
ഇന്ത്യൻ ടീം
ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മാന്ഥന (വൈസ് ക്യാപ്ടൻ), പ്രതിക റാവൽ, ഹർലീൻ ദിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ്, ശ്രീ ചരണി, യസ്തിക ഭാട്യ, സ്‌നേഹ് റാണ.
ഇന്ത്യയുടെ മത്സരങ്ങൾ
ഇന്ന്,ഗോഹട്ടി
Vs ശ്രീലങ്ക
ഒക്ടോബർ 5,കൊളംബോ
Vs പാകിസ്ഥാൻ
ഒക്ടോബർ 9, വിശാഖപട്ടണം
Vs ദക്ഷിണാഫ്രിക്ക
ഒക്ടോബർ 12, വിശാഖപട്ടണം
Vs ഓസ്ട്രേലിയ
ഒക്ടോബർ 19, ഇൻഡോർ
Vs ഇംഗ്ളണ്ട്
ഒക്ടോബർ 23, നവി മുംബയ്
Vs ന്യൂസിലാൻഡ്
ഒക്ടോബർ 26, നവി മുംബയ്
Vs ബംഗ്ളാദേശ്
ലോകകപ്പ് ടീമുകൾ
ഇന്ത്യ, ഇംഗ്ളണ്ട്, ഓസ്ട്രേലിയ,ബംഗ്ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക,ന്യൂസിലാൻഡ്, പാകിസ്ഥാൻ.
ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്. ഒക്ടോബർ 29, 30 തീയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ നവംബർ രണ്ടിന്. നവി മുംബയ്, ഗോഹട്ടി,വിശാഖപട്ടണം,ഇൻഡോർ, കൊളംബോ എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികൾ. പാകിസ്ഥാന്റെ എല്ലാമത്സരങ്ങളുടേയും ശ്രീലങ്കയുടേയും ചില മത്സരങ്ങളുടെയും വേദി ലങ്കയിലെ കൊളംബോയാണ്. ഒക്ടോബർ 5ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരം.
ഓസ്ട്രേലിയയാണ് നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാർ.
7 തവണ ഓസ്ട്രേലിയ വനിതാ ലോകകപ്പ് ഉയർത്തിയിട്ടുണ്ട്.
ഇംഗ്ളണ്ട് നാലുതവണയും കിവീസ് ഒരു തവണയും ജേതാക്കളായി.
ഇന്ത്യയ്ക്ക് ഇതുവരെയും വനിതാ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.
12 വർഷത്തിന് ശേഷമാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.2005ലും 2017ലും റണ്ണേഴ്സ് അപ്പായതാണ് ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |