തിരുവനന്തപുരം:ചരിത്രത്തിലില്ലാത്ത ധന പ്രതിസന്ധിയാണ് കേരളത്തിലെന്നും, ഇങ്ങനെ കടം വാങ്ങിയും തിരിമറി നടത്തിയും എത്ര നാൾ മുന്നോട്ട് പോകുമെന്നും നിയമസഭയിൽ
പ്രതിപക്ഷം.എന്നാൽ, കേന്ദ്രം എല്ലാം വെട്ടിക്കുറച്ചിട്ടും സംസ്ഥാനത്ത് ശമ്പള വിതരണമുൾപ്പെടെ ഒന്നിനും കുറവുണ്ടായിട്ടില്ലെന്നും ഇതു പോലൊരു ഓണം അടുത്ത കാലത്ത് ആഘോഷിച്ചിട്ടുണ്ടോയെന്നും ധന മന്ത്രി കെ.എൻ.ബാലഗോപാൽ .പ്ളാൻ
ഫണ്ട് വെട്ടിക്കുറയ്ക്കുന്നതും കുടിശികയും കടവും പെരുകുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം രണ്ടു മണിക്കൂർ സഭ ചർച്ച ചെയ്തതിനൊടുവിൽ പിൻവലിക്കപ്പെട്ടു.
തന്റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ കാണുന്നതെന്ന ചോദ്യത്തോടെയാണ് മന്ത്രി ബാലഗോപാൽ മറുപടി തുടങ്ങിയത്. സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൊണ്ടുവരുന്നതിനെ വിമർശിക്കുന്ന പ്രതിപക്ഷം, യു.ഡി.എഫ്.ഭരണകാലത്ത് 2002ൽ ട്രഷറി അടച്ചു പൂട്ടാൻ റിസർവ്വ് ബാങ്ക് ഉത്തരവ് നൽകിയ കാലം മറക്കരുത്.ട്രഷറി നിയന്ത്രണം കൊണ്ടുവരുന്നതും പിൻവലിക്കുന്നതും പുതിയ കാര്യമല്ല.എന്നാൽ ഒന്നിനും മുട്ടില്ലാതെ കാര്യങ്ങൾ നടത്തികൊണ്ടുപോകുന്നുണ്ട്. ജി.എസ്.ടി.വന്നില്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് ഒരു രൂപയുടെ കുടിശികയുണ്ടാകുമായിരുന്നില്ല. മിച്ചവും ഉണ്ടാകുമായിരുന്നു. 2021-22ൽ 33000 കോടിയുടെ കേന്ദ്ര ഗ്രാന്റ് കിട്ടിയിരുന്നിടത്ത് നടപ്പ് സാമ്പത്തികവർഷം കിട്ടിയത് 6000 കോടിയാണ്.നികുതിയേതര വരുമാനങ്ങൾ കൂടിയത് കൊണ്ടാണ് ഇപ്പോൾ പിടിച്ചു നിൽക്കാൻ കഴിയുന്നത്. ഈ സർക്കാരല്ലെങ്കിൽ വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല. . നികുതി വെട്ടിക്കാൻ ശ്രമിക്കുന്നവർക്ക് കീഴ്‌പ്പെടില്ല. ഏതെങ്കിലും കോൺട്രാക്ടർക്ക് പണം കിട്ടാത്ത അവസ്ഥയുണ്ടോ? തദ്ദേശ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുപ്പിന് മുമ്പ് പണം കൊടുത്തിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നികുതി വരുമാനം കുത്തനെ ഇടിഞ്ഞെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച മാത്യു കുഴൽനാടൻ പറഞ്ഞു.42000 കോടിയുടെ പ്ളാൻ ഫണ്ടിൽ 21% മാത്രമാണ് ആറു മാസമായിട്ടും ചെലവാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.ജി.എസ്.ടി.വെട്ടിപ്പുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ടു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |