തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് പറഞ്ഞതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ നിയമസഭ സംഘർഷഭരിതമായി. സണ്ണിജോസഫിന്റെ നോട്ടീസ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ച ശേഷം സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ബഹളം കനത്തതോടെ നടപടികൾ വേഗത്തിലാക്കി ഇരുപത് മിനിറ്റുകൊണ്ട് സഭ പിരിഞ്ഞു. ഇനി ഒക്ടോബർ ആറിന് ചേരും.
രാഹുൽഗാന്ധിക്കെതിരേ വധ ഭീഷണി മുഴക്കിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സണ്ണി ജോസഫ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ എ.എൻ.ഷംസീർ അവതരണാനുമതി നൽകിയില്ല. ചാനൽ ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് നിയമസഭയിൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെ, പ്രകോപിതരായ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചെത്തി മുദ്രാവാക്യം മുഴക്കി. രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരേ വധ ഭീഷണി മുഴക്കിയയാളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണ്.അതിന് മറുപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞെങ്കിലും സ്പീക്കർ വഴങ്ങിയില്ല. അതോടെ ബഹളം കനത്തു. പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു നിന്ന് ബഹളമുണ്ടാക്കി.
സ്പീക്കർ നീതിപാലിക്കണമെന്നെഴുതിയ കറുത്ത ബാനറുയർത്തി പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ചു. സബ്മിഷനായി വിഷയം ഉന്നയിക്കാമെന്ന സ്പീക്കറുടെ വാഗ്ദാനം പ്രതിപക്ഷം തള്ളി. ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ ടി.സിദ്ധിഖ്, എം.വിൻസെന്റ്, പി.സി.വിഷ്‌ണുനാഥ്, ഐ.സി.ബാലകൃഷ്ണൻ, ടി.ജെ.വിനോദ്, റോജി.എം.ജോൺ, മാത്യുകുഴൽനാടൻ, ചാണ്ടിഉമ്മൻ അടക്കമുള്ളവർ ഡയസിന്റെ പടവുകൾ കയറി മുകളിലെത്തി. മറ്റംഗങ്ങൾ ഇവർക്ക് പിന്നിൽ നിലയുറപ്പിച്ചു.ശേഷിച്ച നടപടികൾ വേഗത്തിലാക്കി സഭ 20 മിനിട്ടിൽ സഭ പിരിഞ്ഞു.പിണറായി സർക്കാർ ആർ.എസ്.എസിന് പാലൂട്ടുകയാണെന്നും, പിണറായിക്ക് ആർ.എസ്.എസിനെ പേടിയാണെന്നും പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി.
'രാഹുൽഗാന്ധിക്കെതിരായ വധഭീഷണി ഗൗരവമുള്ളതല്ലെന്ന് സ്പീക്കർ പറഞ്ഞതിൽ പ്രതിഷേധമുണ്ട്. '
-വി.ഡി.സതീശൻ
പ്രതിപക്ഷ നേതാവ്
'രാഹുൽഗാന്ധിയെ സ്നേഹിക്കുന്നവരാണെങ്കിൽ 3 ദിവസമായിട്ടും വിഷയം സഭയിലുന്നയിച്ചില്ല. ഇത് സമരാഭാസമാണ്''
- മന്ത്രി പി.രാജീവ്
രാഹുലിന് വധഭീഷണി:
പ്രിന്റുവിനായി തെരച്ചിൽ
തൃശൂർ: ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് പ്രിന്റു മഹാദേവിനെ തേടി പാർട്ടി നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, സഹോദരൻ ഗോപി, മണ്ഡലം പ്രസിഡന്റ് വിപിൻ ഐനിക്കുന്നത്ത് എന്നിവരുടെ വീടുകളിൽ പേരാമംഗലം പൊലീസ് പരിശോധന നടത്തി. പാർട്ടി നേതാക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി നടത്തിയ പരിശോധനകളിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
രാഹുൽഗാന്ധി വിഷയത്തിൽ
പ്രക്ഷോഭത്തിന് യു.ഡി.എഫ്
തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ ഭീഷണി ഉയർത്തിയ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി കോൺഗ്രസ് തുടങ്ങിയ പ്രക്ഷോഭം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നിയമ സഭ സമ്മേളനത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യു.ഡി.എഫ് നേതാക്കൾ.
രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട പായിക്കുമെന്ന് ബി.ജെ.പി നേതാവ് പരസ്യമായി വെല്ലുവിളിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും തിങ്കളാഴ്ച വൈകിട്ട് മാത്രമാണ് എഫ്.ഐ.ആർ ഇട്ടത്. അറസ്റ്റു ചെയ്യാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ചാൽ അറസ്റ്റു ചെയ്യുകയും വീടും ഓഫീസും റെയ്ഡ് ചെയ്യുകയും ചെയ്യുന്ന സർക്കാരാണ് ഈ വിഷയത്തിൽ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നത്. കേരളത്തിലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ നിറയൊഴിക്കുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞത് നിസാര സംഭവമാണോയെന്ന് പിണറായി വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. നിസാര സംഭവമെന്ന് സർക്കാർ പറഞ്ഞതിനു പിന്നിൽ ബി.ജെ.പി - സി.പി.എം അവിശുദ്ധ ബന്ധം സംശയിച്ചാൽ അവരെ തെറ്റുപറയാനാകില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി നേതാക്കൾ പോലും പരസ്യമായി ന്യായീകരിക്കാത്ത പ്രതിയെ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും സംരക്ഷിക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |