തിരുവനന്തപുരം: വാട്സാപ്പിന് ബദലായി ചെന്നൈ ആസ്ഥാനമായ സോഹോ കോർപ്പറേഷൻ തദ്ദേശീയമായി വികസിപ്പിച്ച ചാറ്റിംഗ് ആപ്പായ 'അരട്ടൈ മെസഞ്ചറിന്" ജനപ്രീതി ഏറുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് നാലുലക്ഷത്തിലധികം പേർ പുതുതായി ഡൗൺലോഡ് ചെയ്തു. ആകെ ഉപഭോക്താക്കൾ ഒരു ദശലക്ഷത്തിലധികമായി. കേരളത്തിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക് കമ്പനികളിലും വ്യാപകമായി ഡൗൺലോഡ് ചെയ്യുന്നുണ്ട്.
മാതൃകമ്പനിയായ മെറ്റയിലേക്ക് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നേരിട്ട വാട്സാപ്പിന് ബദലായി 2021ലാണ് പുറത്തിറക്കിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആപ്പിന് എക്സിലൂടെ പിന്തുണ പ്രഖ്യാപിച്ചതോടെ നാലുവർഷങ്ങൾക്കിപ്പുറം ആപ്പ് ശ്രദ്ധിക്കപ്പെട്ടു. അരട്ടൈ എന്നാൽ ചാറ്റിംഗ് എന്നാണ് അർത്ഥം.
നിർമ്മിതബുദ്ധി അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്. വാട്സാപ്പിന് സമാനമായി സ്റ്റാറ്റസ് ഇടാനും ചാറ്റ് ചെയ്യാനും ഓപ്ഷനുകളുണ്ട്. ചിത്രങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം. പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോറുകളിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 1996ൽ തമിഴ്നാട് സ്വദേശി ശ്രീധർ വെമ്പുവും മലയാളിയായ ടോണി തോമസും ചേർന്ന് സ്ഥാപിച്ചതാണ് സോഹോ കോർപ്പറേഷൻ.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്തുണയുണ്ടെങ്കിൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയുള്ള കൂടുതൽ ആപ്പുകൾ രാജ്യത്ത് നിർമ്മിക്കാനാകുമെന്ന് ടെക്കികൾ പറയുന്നു. വാട്സാപ്പിന് ബദലായി മലയാളിയായ ഡിനു വികസിപ്പിച്ച 'ഇൻബോക്സ്" ആപ്പിനെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
കടക്കാനുണ്ട്
ചില കടമ്പകൾ
ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള വാട്സാപ്പിന് ബദലാവാൻ അരട്ടൈയ്ക്ക് ഇനിയും ചില കടമ്പകൾ കടക്കണം. സന്ദേശങ്ങളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സേവനം ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഒരാൾ അയയ്ക്കുന്ന സന്ദേശം അത് സ്വീകരിക്കുന്ന ആളിനുമാത്രം വായിക്കാൻ പറ്റുന്നതാണ് എൻക്രിപ്ഷൻ. നിലവിൽ വീഡിയോ കാളുകളും വോയിസ് സന്ദേശങ്ങളും മാത്രമാണ് എൻക്രിപ്റ്റ് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |