തിരുവനന്തപുരം; ജാതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം അക്കാര്യം പറയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്നേഹാദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി പറഞ്ഞവരും പറയാത്തവരും എവിടെ നിൽക്കുന്നു എന്ന് ചിന്തിക്കണം. ചില വിഭാഗങ്ങൾ അധികാരം കൈയടക്കി വച്ചിരിക്കുകയാണ്. രാഷ്ട്രീയ നീതിയും സാമൂഹിക നീതിയും നടപ്പാക്കണം. അധികാരത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കണം. തനിക്ക് രാഷ്ട്രീയ മോഹമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗുരുവചനം വൺവേ ട്രാഫിക്ക് അല്ല. ഗുരു അരുൾ ഈഴവർ മാത്രം കേട്ടാൽ പോരാ. ഗുരുപറഞ്ഞത് ഈഴവന് മാത്രമുള്ളതാണെന്നാണ് ചിലർ വ്യാഖ്യാനിക്കുന്നത്.
തനിക്ക് പാവങ്ങളുടെ ഹൃദയത്തുടിപ്പ് അറിയാം. കുടിലുകളിൽ കിടന്നവരെയാണ് സംഘടിപ്പിച്ചത്. സമ്പത്ത് ഇല്ലാത്തവരുടെ ദുഃഖം നല്ലതുപോലെ തൊട്ടറിഞ്ഞ ആളാണ് താൻ. മൈക്രോ ഫിനാൻസിന് പാരവെച്ചവർ ഒരുപാടുണ്ട്. കള്ളപ്പണം എടുത്താണ് ഇടപാട് നടത്തിയതെന്നുപോലും പറഞ്ഞു. ഇപ്പോൾ സമുദായത്തിന്റെ അവസ്ഥ കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി പകരക്കാരനില്ലാത്ത
അമരക്കാരൻ : മന്ത്രി വാസവൻ
പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 30 വർഷമായി എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളിയെപ്പോലൊരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാൻ കഴിയില്ല. വിരമിക്കുന്ന പ്രായത്തിലാണ് വെള്ളാപ്പള്ളി സുപ്രധാന പദവി ഏറ്റെടുത്തത്. വെള്ളാപ്പള്ളിയുടേത് ത്യാഗപൂർണ്ണമായ പ്രവർത്തനമാണ്. സമുദായമെന്ന കുത്തഴിഞ്ഞ പുസ്തകം കുത്തിക്കെട്ടി വായിക്കാൻ പാകത്തിലാക്കിയത് വെള്ളാപ്പള്ളിയാണെന്നും മന്ത്രി പറഞ്ഞു. വ്യക്തിയുടെ സംഘടനാമേന്മ ക്രൈസിസ് മാനേജ്‌മെന്റിലാണ്. അക്കാര്യം വിദഗ്ദ്ധമായി കൈകാര്യം ചെയ്തയാളാണ് വെള്ളാപ്പള്ളി. പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി നേരിട്ടു. യൗവനത്തോടെയാണ് സംഘടനയെ അദ്ദേഹം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിനെ ജനസംഘം
ബഹുമാനിക്കുന്നു : ഗവർണർ
ശ്രീനാരായണഗുരുവിനെ എന്തിനെക്കാളും ഉപരിയായി ബഹുമാനത്തോടെയാണ് ബി.ജെ.പി യുടെ പൂർവരൂപമായ ജനസംഘം കണ്ടത്. അത്തരമൊരു പാരമ്പര്യമാണ് ജനസംഘത്തിനുള്ളത്. ജനസംഘത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ 1967 കോഴിക്കോട് എത്തിയപ്പോൾ പന്തലിൽ സ്ഥാപിച്ചിരുന്ന ശ്രീനാരായണഗുരുദേവന്റെ പ്രതിമയ്‌ക്ക് മുന്നിൽ സാഷ്ടംഗ പ്രണാമം നടത്തിയത് മലയാളദിന പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ച് 'കേരളകൗമുദി" എഡിറ്റോറിയലും എഴുതി.
ദൈവത്തിന്റെ അവതാരമാണ് ശ്രീനാരായണഗുരു. എവിടെ അധർമ്മം ഉണ്ടാകുന്നുവോ അവിടെ ധർമ്മം പുനഃസ്ഥാപിക്കാൻ എത്തുമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞതുപോലെ ശ്രീനാരായണഗുരു അവതാരമെടുത്ത് വിവേചനം അടക്കമുള്ള അധർമ്മത്തെ ഇല്ലാതാക്കി. മനുഷ്യത്വം എന്ന ധർമ്മം നടപ്പാക്കി. വിവേചനമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനും ഐക്യത്തോടെ ജീവിക്കാനുമുള്ള അവസരം അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി കൈവന്നുവെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |