കോഴിക്കോട് : മോഷ്ടിച്ച കാറിലെത്തി ആൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാസർകോഡ് പരപ്പ ഷാഹുൽ ഹമീദ് മൻസിലിൽ സിനാൻ (33)നാണ് പന്തീരങ്കാവ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാവിലെ 10 ഓടെ പയ്യാനക്കൽ സ്‌കൂളിന് സമീപത്താണ് സംഭവം. ഫൂട്‌ബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പയ്യാനക്കൽ സ്വദേശിയായ 12 വയസുകാരാനായ കുട്ടിയോട്, യുവാവ് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച കുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഇടപെടുകയും യുവാവിനെ തടഞ്ഞുവെച്ച് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. കർണാടകയിൽ പൊലീസിനെ ആക്രമിച്ച കേസിലും കാസർകോഡ് ആത്തൂരിൽ വാഹനാപകടം വരുത്തിയതിനും യുവാവിനെതിരെ കേസുണ്ടെന്ന് പന്നിയങ്കര ഇൻസ്പക്ടർ എസ്.സതീഷ്‌കുമാർ പറഞ്ഞു. പ്രതി ഓടിച്ചു വന്ന കാര്‍ കോഴിക്കോട് ബീച്ച് ഹോസ്പിലിനടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡില്‍ നിന്ന് മോഷ്ടിച്ചെടുത്തതാണെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 13 നാണ് കാസർകോട് നിന്ന് യുവാവ് കോഴിക്കോടെത്തിയത്. രണ്ടാഴ്ചയിലേറെയായി നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. കാർമോഷ്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ വെള്ളയിൽ പൊലീസും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |