ഇരുപത്തി ഒന്നാം വയസിൽ തന്നെ സെൻസേഷൻ. യൂട്യൂബിൽ കോടിക്കണക്കിനു ആളുകൾ ഇഷ്ടപ്പെടുന്ന പാട്ടുകൾ സമ്മാനിച്ച ചെറുപ്പക്കാരൻ. ഈ വിശേഷണത്തിൽ ഒന്നും ഒതുങ്ങുന്നതല്ല സായ് അഭ്യങ്കർ എന്ന തമിഴ് സംഗീത സംവിധായകന്റെ മഹിമ. ചുരുങ്ങിയ സമയത്തിനിടെ പുതുതലമുറയുടെ വൈബ് മനസിലാക്കി തെന്നിന്ത്യയെ ഇളക്കി മറിക്കാൻ സായ്ക്ക് കഴിഞ്ഞു. ഷെയ്ൻ നിഗം നായകനായ 'ബൾട്ടി" സിനിമയിലെ 'ജാലക്കാരി "എന്ന ഗാനം വൻ തരംഗമായപ്പോൾ കേൾവിക്കാർക്ക് ലഭിച്ചത് പുത്തൻ സംഗീത അനുഭവം കൂടിയായിരുന്നു. എ.ആർ. റഹ്മാനെ മാറ്റി നിറുത്തിയാൽ മലയാളത്തിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലം 2 കോടി രൂപ സായ് കൈപ്പറ്റിയപ്പോൾ , കാത്തിരുന്നത് 16 സിനിമകൾ ആണ് . മനംമയക്കുന്ന പാട്ടും ഈണവും നിറച്ച് ലക്ഷക്കണക്കിന് ആസ്വാദകരുടെ ഹൃദയത്തിൽ കയറിക്കൂടിയ സായ് അഭ്യങ്കറുടെ യാത്ര സംഗീതംപോലെ മനോഹരവും നേട്ടങ്ങൾ മാത്രം നിറഞ്ഞതുമാണ്.
മിന്നൽ
വേഗത്തിൽ പാട്ട്
തൊട്ടതെല്ലാം പൊന്നാക്കിയ ജാലക്കാരൻ എന്ന് സായ് അഭ്യങ്കറിനെ വിശേഷിപ്പിക്കുന്നവരും ഏറെയാണ്. ഇതിനോടകം സായ് അഭ്യങ്കറിന്റേതായി പുറത്തിറങ്ങിയ ആൽബങ്ങൾ എല്ലാം വൻ ശ്രദ്ധ നേടി . ആർക്കും മൂളി നടക്കാവുന്ന ലളിതമായ വരികളും ട്യൂണും ആണ് സായ് അഭ്യങ്കർ സംഗീതം . ചെന്നൈയിൽ ഒരു സംഗീത കുടുംബത്തിലാണ് ജനനം.അച്ഛൻ ടിപ്പുവും അമ്മ ഹരിണിയും അറിയപ്പെടുന്ന ഗായകരായതിനാൽ, ചെറുപ്രായത്തിൽ തന്നെ സംഗീതത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കിയ സായ് സ്വന്തം പാതയിലൂടെ മുന്നേറുകയായിരുന്നു. കൊവിഡിനുശേഷം പുറത്തിറങ്ങിയ മ്യൂസിക്കൽ ആൽബങ്ങൾ ഹിറ്റായത് അവസരങ്ങൾ കൂടുതൽ തുറന്നു. 2024ൽ പുറത്തിറങ്ങിയ 'കച്ചി സേര" എന്ന സ്വതന്ത്ര പാട്ട് സായിയുടെ ജീവിതം പൂർണമായി മാറ്റി. ഇത് യൂട്യൂബിൽ കണ്ടത് മുപ്പതു കോടി കാഴ്ചക്കാർ. പിന്നീട് ആസ കൂടാ, സിത്തിര പൂത്തിരി എന്നീ ആൽബങ്ങളും ശ്രദ്ധിക്കപ്പെട്ടു. 2024ൽ പുറത്തിറങ്ങിയ 'ആസ കൂട"യിൽ ട്രാക്കിൽ സായ് യോടൊപ്പം സഹോദരി സായ് സ്മൃതിയും പാടി . 'ആസ കൂട" എന്ന ഗാനവും സോഷ്യൽ മീഡിയയിൽ തീ പടർത്തി. മ്യൂസിക്കൽ ആൽബങ്ങൾ ഹിറ്റായതോടെ സൗത്ത് ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം ആരാധകരെ നേടാനും സായ് അഭ്യങ്കറിന് കഴിഞ്ഞു.
കൈയിലൊതുങ്ങാത്തത്ര
സിനിമകൾ
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ ബെൻസിൽ നിവിൻ പോളിയുടെ ക്യാരക്ടർ വീഡിയോ പുറത്തുവന്നതോടെ സായ് ഒരുക്കിയ ബിജി എം കരിയർ വീണ്ടും മാറ്റി വരച്ചു. സായ് ആദ്യമായി കരാർ ഒപ്പു വച്ച സിനിമ ബെൻസ് ആണെങ്കിലും ആദ്യം പുറത്തിറങ്ങിയത് ബൾട്ടി എന്ന് മാത്രം. അറ്റ്ലിയും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം നടത്താൻ സായ് കൈകോർത്തു കഴിഞ്ഞു. ആർ.ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പ് , പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡ് , വെട്രിമാരന്റെ സംവിധാനത്തിൽ ചിമ്പു നായകനാവുന്ന 49 ാം ചിത്രം ഉൾപ്പെടെ സിനിമകൾ. വൻനിര നീളുകയാണ്. 'സായ് ചെയ്താൽ പാട്ട് ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് സംഗീതം ഏൽപ്പിച്ചതെന്ന് '. ബൾട്ടിയുടെ നിർമ്മാതാക്കളിൽ ഒരാളായ സന്തോഷ് ടി . കുരുവിളയുടെ വാക്കുകൾ തന്നെയാണ് ഇപ്പോൾ തെന്നിന്ത്യൻ നിർമ്മാതാക്കൾക്കും. പുതുതലമുറയ്ക്ക് വേണ്ടത് എന്തെന്ന് സായ്ക്ക് കൃത്യമായി അറിയാം.അതു തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകാനും പ്രശസ്തി നേടാനും ,സഹായിച്ചത്. ദീപാവലി റിലീസായി എത്തുന്ന ഡ്യൂഡിലെ ഊരും ബ്ളഡ് എന്ന പാട്ടിലും ഫാസ്റ്റ് നമ്പരുമായാണ് സായ് എത്തുന്നത്. യൂട്യൂബ് കൈയടക്കിയ പാട്ട് സായ് അഭ്യങ്കറും ദീപ്ത സുരേഷും ഭൂമിയും ചേർന്നാണ് ആലാപനം. റൊമാൻസും ഡാൻസ് രംഗങ്ങളുംം കോർത്തിണക്കിയ ഗാനം പുറത്തിറങ്ങിയപ്പോൾ വിമർശനം നടത്തിയവർ തന്നെ പാട്ട് ഹൃദയത്തിലേറ്റി. ''എന്റെ ജോലി തുടരുംം. അതിൽ മാത്രമാണ് ശ്രദ്ധ. കൂടുതൽ നല്ല പാട്ടും ഇനിയും വരും."" ഉറപ്പു തരുന്നു സായ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |