സിംഗ്രൗളി(മദ്ധ്യപ്രദേശ്): കുർകുറെ വാങ്ങാൻ പണം ചോദിച്ചതിന് അമ്മയും സഹോദരിയും തല്ലിയെന്നാരോപിച്ച് എട്ടുവയസുകാരൻ പൊലീസിനെ വിളിച്ചു. മദ്ധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലാണ് സംഭവം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് പ്രശ്നം രമ്യമായി പരിഹരിച്ച് കുട്ടിയെ സന്തോഷിപ്പിച്ചശേഷമാണ് മടങ്ങിയത്. കുട്ടിയുടെ പരാതിയും അത് സൗമ്യമായി പരിഹരിച്ച രീതിയും വിശദീകരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
കോട്വാലി പൊലീസ് സ്റ്റേഷനിലെ ഖുതാർ ഔട്ട്പോസ്റ്റിന് കീഴിലുള്ള ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം നടന്നത്. പൊലീസ് എമർജൻസി നമ്പരായ 112ൽ വിളിച്ചാണ് കുട്ടി പരാതി പറഞ്ഞത്. കുർകുറെ വാങ്ങാൻ ഇരുപതുരൂപ ചോദിച്ചെന്നും അമ്മയും സഹോദരിയും പണം നൽകാതെ കയറുകാെണ്ട് കെട്ടിയിട്ട് തല്ലിയെന്നുമാണ് കുട്ടി പൊലീസുകാരോട് പറഞ്ഞത്. പരാതി പറഞ്ഞുകഴിഞ്ഞതോടെ കുട്ടി കരയാൻ തുടങ്ങി. ഉടൻതന്നെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നും ഉടൻ സ്ഥലത്തെത്തുമെന്നും അവർ കുട്ടിക്ക് വാക്കുകാെടുക്കുകയും ചെയ്തു.
പറഞ്ഞതുപോലെ പൊലീസുകാർ ഉടൻ സ്ഥലത്തെത്തി. അപ്പോഴും ബാലൻ പരാതി ആവർത്തിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ അമ്മയെയും വിളിപ്പിച്ചു. കുട്ടികളെ അനാവശ്യകാര്യങ്ങൾക്കായി ക്രൂരമായി ഉപദ്രവിക്കരുതെന്ന് അവരെ ഉപദേശിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്കും അമ്മയ്ക്കും കൗൺസലിംഗും നൽകി. അതിനുശേഷം പാക്കറ്റുകണക്കിന് കുർകുറെയും വാങ്ങി നൽകിയശേഷമാണ് പൊലീസുകാർ പോയത്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതോടെ കുട്ടിയെയും രക്ഷാർക്കാക്കളെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |