അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്നിംഗ്സിനും 140 റൺസിനും തകർപ്പൻ വിജയം നേടി ഇന്ത്യ. മത്സരത്തിന്റെ മൂന്നാം ദിവസം 45.1 ഓവറിൽ 146 റൺസിനാണ് വിൻഡീസിനെ ഇന്ത്യ ആൾഔട്ടാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. വിൻഡീസിന്റെ രണ്ടാം ഇന്നിംഗ്സിലെ അവസാന വിക്കറ്റും വീഴ്ത്തി കുൽദീപ് യാദവാണ് ടീമിന് വിജയം ഉറപ്പാക്കിയത്.
വിൻഡീസ് വാലറ്റത്ത് ജെയ്ഡൻ സീൽസ് (12 പന്തിൽ 22), യൊഹാൻ ലെയ്ൻ (13 പന്തിൽ 14), ഖാരി പിയറി (28 പന്തിൽ 13) എന്നിവർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ അവരുടെ മുൻനിര ബാറ്റർമാർ പൂർണ്ണമായും പരാജയപ്പെട്ടു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസിനെ തകർത്തപ്പോൾ, മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റുകൾ നേടി.
ആദ്യ ഇന്നിംഗ്സിലെ നാല് വിക്കറ്റുകൾ കൂടി ചേർത്തതോടെ മത്സരത്തിൽ സിറാജിന്റെ ആകെ വിക്കറ്റ് നേട്ടം ഏഴായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും, വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി. വിൻഡീസ് മുൻനിരയിൽ ടാഗ്നരെയ്ൻ ചന്ദർപോൾ (8), ബ്രാണ്ടൻ കിംഗ് (5), ക്യാപ്റ്റൻ റോസ്റ്റൻ ചെയ്സ് (1), ഷായ് ഹോപ് (1) എന്നിങ്ങനെ ദയനീയമായിരുന്നു രണ്ടാം ഇന്നിംഗ്സിലെ വിൻഡീസിന്റെ പ്രകടനം. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി (104*) നേടിയതിന് പുറമെ നിർണായക വിക്കറ്റുകൾ വീഴ്ത്തി ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയാണ് മാൻ ഓഫ് ദി മാച്ച്.
കുൽദീപിന്റെ പന്തിൽ ജെയ്ഡൻ സീൽസ് പുറത്തായതോടെയാണ് മത്സരം അവസാനിച്ചത്. പിച്ചിലെ റഫിൽ കുത്തിത്തിരിഞ്ഞ ഒരു ഫുൾ ലെംങ്‌ത്ത് പന്താണ് സീൽസിന്റെ പുറത്താകലിന് വഴിയൊരുക്കിയത്. സ്പിന്നർമാരെ ആക്രമിച്ചു കളിക്കാൻ ശ്രമിച്ച സീൽസ് ലോംങ് ഓൺ ഷോട്ടിന് ശ്രമിക്കവെയാണ് പുറത്തായത്. ആദ്യ ശ്രമത്തിൽ കൈയ്യിൽ നിന്ന് വഴുതിയ പന്ത് രണ്ടാമത്തെ ശ്രമത്തിൽ കുൽദീപ് യാദവ് കൈയിലൊതുക്കി.
രണ്ടാം ദിനം കളി നിർത്തുമ്പോൾ 286 റൺസിന്റെ മികച്ച ലീഡിൽ തൃപ്തരായ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതോടെ വിൻഡീസ് ബാറ്റിംഗിനിറങ്ങുകയായിരുന്നു. എന്നാൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവരടങ്ങുന്ന സ്പിൻ ത്രയം വിൻഡീസ് ബാറ്റ്‌സ്മാൻമാരെ വട്ടംകറക്കി. അലിക് അതനാസെ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, അവരുടെ ചെറുത്തുനിൽപ്പ് അധികം നീണ്ടുനിന്നില്ല. ആദ്യ ഇന്നിംഗ്ലിൽ വെസ്റ്റിൻഡീസ് 162 റൺസെടുത്താണ് പുറത്തായത്.
ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് സെഞ്ച്വറി നേടി തിളങ്ങിയത്. ഫസ്റ്റ് ഡൗൺ കെ. എൽ രാഹുൽ (100), വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (125), ജഡേജ (104 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറികൾ നേടിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മൂന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ സെഞ്ച്വറി നേടുന്നത്.
ലീഡ്സിൽ ഇംഗ്ളണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറിയടിച്ചപ്പോൾ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഗിൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരും സെഞ്ച്വറി നേടി തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. നാലാം തവണയാണ് ടെസ്റ്റിൽ വിൻഡീസിനെതിരെ ഒരു ഇന്നിംഗ്സിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ സെഞ്ച്വറിയടിക്കുന്നത്. 1979,1986,2007 വർഷങ്ങളിലാണ് ഇതിനുമുമ്പ് ഇങ്ങനെ സംഭവിച്ചത്.
അതേസമയം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരങ്ങളുടെ പട്ടികയിൽ മുൻ നായകൻ ധോണിയെ മറികടന്ന് ജഡേജ നാലാമതെത്തി. വിൻഡീസിനെതിരെ അഞ്ച് സിക്‌സർ നേടിയതോടെ ടെസ്റ്റിലെ ജഡേജയുടെ സിക്‌സറുകളുടെ എണ്ണം 80ലേക്ക് എത്തുകയായിരുന്നു. ധോണി 90 ടെസ്റ്റിൽ 78 സിക്‌സറുകളാണ് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |