തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ആർക്കാണ് അടിച്ചതെന്ന ആകാംക്ഷയിലാണ് മലയാളികൾ. 25 കോടിയുടെ ഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരം ആറ്റിങ്ങലിലെ ഭഗവതി ഏജൻസി പാലക്കാട് നിന്നാണ് 25 കോടിയടിച്ച TH 577825 എന്ന ടിക്കറ്റ് വാങ്ങിയത്. അത് വൈറ്റിലയിലെ ബ്രാഞ്ചിൽ നിന്ന് ലോട്ടറി വിൽപ്പനക്കാരനായ നെട്ടൂർ സ്വദേശി ലതീഷ് വാങ്ങി.
ലതീഷ് 800 ടിക്കറ്റായിരുന്നു വാങ്ങിയത്. ഇതിൽ 25 കോടിയടിച്ച ടിക്കറ്റ് ആർക്കാണ് വിറ്റതെന്ന് ഓർമയില്ലെന്നാണ് ലതീഷ് പറയുന്നത്. ഇത്തവണ 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 75 ലക്ഷം പേരാണ് ഇത്തവണ തിരുവോണം ബമ്പർ ഭാഗ്യക്കുറി വാങ്ങിയത്. ഇതിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് എത്തുക കോടികളാണ്. ഏകദേശം 375 കോടിയോളം രൂപയാണ് തിരുവോണം ബമ്പർ വിറ്റുവരവ്. അപ്പോൾ 25 കോടി ബമ്പർ അടിച്ചാൽ എത്ര രൂപ ഭാഗ്യശാലിക്ക് കിട്ടുമെന്ന് അറിയാമോ?
25 കോടി മുഴുവൻ ലഭിക്കില്ല. നിങ്ങൾക്ക് ലോട്ടറി അടിച്ചാൽ ആദ്യം അതിന്റെ ഏജന്റ് കമ്മീഷൻ ഈടാക്കും. അത് ഏകദേശം 10 ശതമാനമാണ്. അപ്പോൾ 25 കോടിയുടെ 10 എന്നാൽ 2.5 കോടിയാണ്. ഈ പണം ഏജന്റിന് കമ്മീഷനായി നൽകണം. ശേഷം സമ്മാന നികുതി 30 ശതമാനമാണ്. അതായാത് 6.75 കോടി രൂപ. ഇത് കൂടാതെ നികുതി തുകയ്‌ക്കുള്ള സർചാർജ് 37 ശതമാനമാണ്. ഏകദേശം 2.49 കോടി. ആരോഗ്യ, വിദ്യാഭ്യാസ സെസ് നാല് ശതമാനം, 36.9 ലക്ഷം. അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി 2.85 കോടി. അങ്ങനെ എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്ന തുക 12,88,25,000 രൂപ (12.8 കോടി) ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |