മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിൽ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പഠിപ്പിക്കാമെന്ന തീരുമാനത്തിൽ ബോർഡ് ഒഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ.എം എം ബഷീർ സമർപ്പിച്ച റിപ്പോർട്ട് ബോർഡ് ഒഫ് സ്റ്റഡീസ് തള്ളി. വേടന്റെ 'ഭൂമി വാഴുന്നിടം', ഗൗരീലക്ഷ്മിയുടെ 'അജിത ഹരേ മാധവ' എന്നിവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
പുതിയ തലമുറയ്ക്ക് പരിചിതമായ കലാവിഷ്‌കാരങ്ങൾ എന്ന നിലയിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയതെന്ന് ബോർഡ് ഒഫ് സ്റ്റഡീസ് വ്യക്തമാക്കി. സിലബസിൽ അക്ഷരത്തെറ്റുകളും അവ്യക്തതകളും എവിടെയാണ് ഉള്ളതെന്ന് എം എം ബഷീർ സൂചിപ്പിച്ചിട്ടില്ല. പാട്ട് മലയാളം വിദ്യാർത്ഥികൾക്ക് അപ്രാപ്യമാണ് എന്ന നിഗമനത്തെ പരിഗണിക്കാനാവില്ല. 'അജിത ഹരേ മാധവ'യുടെ എട്ടുവരിയുള്ള ആട്ടക്കഥ ഭാഗവും അതിന്റെ ദൃശ്യാവിഷ്‌കാരവും കഠിനമാണെന്ന് പറയുന്നത് യുക്തിസഹമല്ലെന്നും ബോർഡ് നിരീക്ഷിച്ചു. 'ഭൂമി വാഴുന്നിടം', 'അജിത ഹരേ മാധവ' എന്നിവ പഠിപ്പിക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി എം എം ബഷീർ തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് ബോർഡിന്റെ പ്രതികരണം.
വൈസ് ചാൻസലർ നിയോഗിച്ചതനുസരിച്ചാണ് വിഷയം പരിശോധിച്ച മുൻ മലയാളവിഭാഗം മേധാവി ഡോ. എം എം ബഷീർ വേടന്റെ പാട്ടും ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പാഠ്യപദ്ധതിയിൽ നിന്ന് നീക്കണമെന്ന് ശുപാർശ ചെയ്തത്. പാഠപുസ്‌തകത്തിൽ വേടന്റെയും ഗൗരീലക്ഷ്മിയുടെയും രചനകൾ ഉൾപ്പെടുത്തരുതെന്നാവശ്യപ്പെട്ട് അഞ്ച് പരാതികളാണ് സർവകലാശാലയ്ക്ക് ലഭിച്ചത്. ഇതിനെത്തുടർന്നാണ് വിഷയം പരിശോധിക്കാൻ വിസി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |