ഇസ്‌താംബുൾ: ഗാസയിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചതിന് നേരിട്ടത് കൊടിയ പീഡനമെന്ന് ഇസ്രയേൽ നാടുകടത്തിയ ആക്‌ടിവിസ്‌റ്റുകൾ. ഇസ്രയേൽ സൈന്യത്തിന്റെ തടങ്കലിൽ കഴിയവെ നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങളാണ്. പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗിനോടും തങ്ങളോടും ഇസ്രയേൽ സൈന്യം വളരെ മോശമായാണ് പെരുമാറിയതെന്ന് ആക്‌ടിവിസ്‌റ്റുകൾ ആരോപിച്ചു. ഇസ്രയേൽ സൈന്യം ശനിയാഴ്ചയാണ് ഇവരെ തുർക്കിയിലേക്ക് നാടുകടത്തിയത്. തുർക്കിയിലെ ഇസ്താംബൂൾ വിമാനത്താവളത്തിലാണ് ഇവർ വന്നിറങ്ങിയത്. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ നിന്ന് 137 ആക്ടിവിസ്റ്റുകളെ ഗാസയിലേക്ക് സഹായം എത്തിക്കാൻ ശ്രമിച്ചതിനാണ് കസ്റ്റഡിയിലെടുത്ത് നാടുകടത്തിയത്.
വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് തങ്ങളെ താമസിപ്പിച്ചതെന്നും ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ പോലും നൽകിയില്ലെന്നും ആക്ടിവിസ്റ്റുകൾ ആരോപിച്ചു. തടങ്കലിൽ കഴിയവെ ഇസ്രയേൽ സൈന്യം ഗ്രെറ്റ തുൻബർഗിനെ തള്ളിമാറ്റിയെന്നും ഇസ്രയേൽ പതാക ധരിക്കാൻ ഗ്രെറ്റയ്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും മലേഷ്യൻ പൗരനായ പസ്മാനി ഹെൽമി, അമേരിക്കൻ പൗരനായ വിൻഡ് ഫീൽഡ് ബീവർ എന്നിവർ തുർക്കിഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇസ്രയേലിന്റെ രാജ്യ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രെറ്റയെ മുടിയിൽ പിടിച്ച് മുറിയിലേക്ക് തള്ളിയെന്നും ബീവർ പറഞ്ഞു. സ്വതന്ത്ര പാലസ്തീൻ മുദ്രാവാക്യം മുഴക്കിയതിന് ആക്ടിവിസ്റ്റുകളിൽ ചിലരെ അഞ്ച് മണിക്കൂറോളം കൈകൾ കൂട്ടികെട്ടി മുട്ടുകുത്തിച്ച് ഇരുത്തിച്ചെന്ന് അദലാ എന്ന സംഘടന വെളിപ്പെടുത്തി. ഫ്ലോട്ടില്ലയിലെ അംഗങ്ങൾക്ക് നിയമ സഹായം നൽകുന്നത് ഈ സംഘടനയാണ്.
ഇസ്രയേൽ സൈന്യം ഇതുവരെ ഈ പുതിയ ആരോപണങ്ങളിൽ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ തടവുകാരോട് മോശമായി പെരുമാറുന്നു എന്ന റിപ്പോർട്ടുകളെ നേരത്തെ തന്നെ ഇസ്രയേൽ സൈന്യം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇസ്താംബൂൾ വിമാനത്താവളത്തിൽ വന്നിറങ്ങിയ ആക്ടിവിസ്റ്റുകളിൽ 36 പേർ തുർക്കിഷ് പൗരന്മാരാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |