ന്യൂഡൽഹി: ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. 18കാരിയായ വിദ്യാർത്ഥിനിയാണ് തന്റെ സഹപാഠിയായ 20കാരനെതിരെ പരാതി നൽകിയത്. സെപ്തംബർ 9ന് ഡൽഹിയിലെ ആദർശ് നഗർ ഏരിയയിലുള്ള ഹോട്ടലിൽ വച്ചായിരുന്നു സംഭവം. സൗഹൃദം നടിച്ച് പ്രതി തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
അവിടെ വച്ച് ഇയാൾ യുവതിക്ക് മയക്കുമരുന്ന് നൽകുകയും അതിനുശേഷം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പാർട്ടിക്ക് വേണ്ടിയെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി 20 കാരനും ഇയാളുടെ രണ്ട് കൂട്ടുകാരും ചേർന്നാണ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിനിരയാക്കിയ ശേഷം എടുത്ത തന്റെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പരസ്യമാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനെ അറിയിച്ചു. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ യുവതി ഡൽഹിയിലെ ബാബാ സാഹേബ് അംബേദ്കർ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |