തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു. രാവിലെ ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം കടുത്തതോടെ 10.50ന് സഭ പിരിഞ്ഞു. 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയായിരുന്നു അസാധാരണ
പ്രതിഷേധം.
ചോദ്യോത്തര വേള ആറു മിനിറ്റ് മാത്രമാണ് നീണ്ടത്. മന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പറയാനൊരുങ്ങവേ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വർണ്ണപ്പാളി വിഷയം ഉന്നയിച്ചു. കിലോക്കണക്കിന് സ്വർണം കാണാതായത് സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്നും, ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ബാലഗോപാലിനെ സ്പീക്കർ
ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ക്ഷണിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് ബാനറുയർത്തി സ്പീക്കറുടെ കാഴ്ച തടസപ്പെടുത്തി. രാജ്യത്തെവിടെയും ചോദ്യോത്തരവേള തടസപ്പെടുത്തിയിട്ടില്ലെന്നും ശൂന്യവേളയിൽ വിഷയം ഉന്നയിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കർ പലവട്ടം ആവശ്യപ്പെട്ടിട്ടും ബാനർ താഴ്‌ത്താതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ചോദ്യോത്തരവേളയുടെ ശേഷിക്കുന്ന ഭാഗം റദ്ദാക്കി.
ശൂന്യവേളയിലും പ്രതിപക്ഷം നടുത്തളത്തിൽ ബാനറുയർത്തി മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ചു. ഏതാനും അംഗങ്ങൾ സ്പീക്കറുടെ വേദിയിലേക്കുള്ള പടികൾ കയറിയെങ്കിലും വാച്ച്ആൻഡ് വാർഡ് തടഞ്ഞു. ''ദേവസ്വം മന്ത്രി രാജിവയ്ക്കുക, ഇതെന്തു മായം മറിമായം, വാസവന്റെ മറിമായം, സ്വർണപ്പാളികൾ അടിച്ചു മാറ്റിയ ദേവസ്വം മന്ത്രി രാജിവയ്ക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി. പ്രതിപക്ഷം പ്രതിഷേധം തുടർന്നതോടെ ബിൽ അവതരണമടക്കം നടപടികൾ വേഗത്തിലാക്കി സഭ പിരിയുകയായിരുന്നു. ആറു ബില്ലുകൾ ചർച്ച കൂടാതെ സബജക്ട് കമ്മിറ്റിക്ക് വിട്ടു.
''അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയുള്ള ബഹളം പ്രതിപക്ഷത്തിന്റെ സമനില തെറ്റിയ പ്രകടനമായി. '
- മന്ത്രി എം.ബി. രാജേഷ്
സഭയിലെ ബഹളം
പാർട്ടി പരിപാടിക്ക്
പോകാൻ: മന്ത്രി രാജേഷ്
തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കിയത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കാൻ വേണ്ടിയായിരുന്നെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് പോലും നൽകാതെ സമനില തെറ്റിയ പ്രകടനമാണ് പ്രതിപക്ഷം നടത്തിയത്. തിരക്കഥയാണിത്. സ്വർണപ്പാളി വിഷയത്തിൽ പുകമറ നിലനിറുത്തുക പ്രതിപക്ഷത്തിന്റെ ആവശ്യമാണ്. ചർച്ച ചെയ്താൽ കാര്യങ്ങൾ വെളിച്ചത്താവും. ഏത് വിഷയത്തിലും ചർച്ചയ്ക്ക് സർക്കാരിന് ആത്മവിശ്വാസക്കുറവില്ല. പ്രതിപക്ഷത്തിന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |