
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ നഗരത്തിൽ ഭക്ഷണം വിളമ്പുന്ന തട്ടുകടകൾ ഒഴിപ്പിക്കുന്ന നടപടികൾ കടുപ്പിച്ച് നഗരസഭയും പൊലീസും. തിരക്കേറിയ റോഡിലും മറ്റും അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പ്രവർത്തിക്കേണ്ടെന്ന് നിർദ്ദേശിച്ച അധികൃതർ,ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, മതിയായ മുന്നറിയിപ്പോ നോട്ടീസോ നൽകാതെയാണ് കട അടപ്പിക്കുകയും നീക്കം ചെയ്യുന്നതെന്നുമാണ് കടയുടമകളുടെ പരാതി. തിരക്കേറിയ റോഡും പൊതുസ്ഥലവും വ്യാപകമായി കൈയടക്കിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നതെന്നും ഗതാഗത തടസമുണ്ടാക്കുന്നതായി പരാതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നഗരസഭയുടെയും പൊലീസിന്റെയും നടപടി.
വർഷങ്ങളായി ഈ തട്ടുകടകളിലൂടെയാണ് ഉപജീവനം നടത്തുന്നത്. പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് പറയുന്നത് അനീതിയാണ്. രോഗികളും വീട്ടമ്മമാരും നടത്തുന്ന ചെറിയ കടകളും ഒഴിപ്പിച്ചിട്ടുണ്ട്. ഗതാഗത കുരുക്കാണ് പ്രശ്‌നമെങ്കിൽ ഉചിതമായ സ്ഥലം ലഭ്യമാക്കി പുനരധിവസിപ്പിക്കുകയാണ് വേണ്ടത്. വഴിയോര കച്ചവടത്തിനുള്ള ലൈസൻസിന് അപേക്ഷ നൽകിയിട്ട് വർഷങ്ങളായി. അവയൊന്നും പരിഗണിക്കാതെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത് നിക്ഷിപ്‌ത താത്പര്യങ്ങളുടെ പേരിലാണെന്നും കടയുടമകൾ ആരോപിക്കുന്നു.
കർശന നിർദ്ദേശം
-------------------------------
കോട്ടൺഹിൽ സ്കൂളിന് മുൻവശം,വെള്ളയമ്പലം-ശാസ്തമംഗലം റോഡ്,മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിന് മുൻവശം എന്നിവിടങ്ങളിലെ തട്ടുകടകളാണ് ഒഴിപ്പിച്ചത്. കേശവദാസപുരം എം.ജി കോളേജ് മുൽ പരുത്തിപ്പാറ വരെയുള്ള ഭാഗത്തെ കടകൾ ഇന്ന് മുതൽ പ്രവർത്തിപ്പിക്കേണ്ടെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് അധികൃതരിൽ നിന്ന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് കടയുടമകൾ പറഞ്ഞു.
ദ്രോഹിക്കുന്നത് അംഗീകരിക്കില്ലെന്ന് സംഘടനകൾ
-------------------------------------------------------------------------
വൻകിട ഹോട്ടലുകളുടെയും വ്യവസായികളുടെയും ബിനാമികളാണ് ഒട്ടുമിക്ക തട്ടുകടകളും നടത്തുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ അത്തരം ചൂഷണങ്ങളുണ്ടെങ്കിൽ അതിനെതിരേയാണ് നടപടിയെടുക്കേണ്ടതെന്നും സാധാരണ രീതിയിൽ ഉപജീവനം നടത്തുന്നവരെ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വഴിയോര കച്ചവട തൊഴിലാളി സംഘടനകൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |