മലയാളികളുടെ ഇഷ്ട മത്സ്യങ്ങളിലൊന്നാണ് ചൂര (ബ്ലൂ ഫിന്‍ ട്യൂണ). മാര്‍ക്കറ്റില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ വാങ്ങിക്കൊണ്ട് പോകുന്നവയുടെ കൂട്ടത്തില്‍ മുന്നിലാണ് ചൂരയുടെ സ്ഥാനവും. എന്നാല്‍ ചൂര മീനിനെ സംബന്ധിച്ച് ആളുകള്‍ പൊതുവേ പറയുന്ന ഒരു കാര്യം അല്ലെങ്കില്‍ നിരവധി ആളുകള്‍ക്കുള്ള സംശയങ്ങളില്‍ ഒന്നാണ് ചൂര മത്സ്യത്തിന്റെ നടുഭാഗത്തായി കാണുന്ന കറുത്ത നിറത്തിലുള്ള മാംസത്തെ പറ്റിയുള്ളത്. ഈ ഭാഗം ഭക്ഷ്യയോഗ്യമാണോ അല്ലെയോ എന്നതിലാണ് പല അഭിപ്രായങ്ങളുള്ളത്.
ചിലര്‍ മീന്‍ മുറിക്കുമ്പോള്‍ ഈ ഭാഗം എടുത്ത് കളയുന്നു. എന്നാല്‍ ചിലര്‍ ഇത് കഴിക്കുകയും ചെയ്യുന്നു. കറുത്ത നിറത്തില്‍ കാണുന്നത് മീനിന്റെ മാലിന്യമാണെന്ന് വിശ്വസിക്കുന്നവരും ആ ഭാഗത്തെ മാംസത്തിന്റെ രുചി ഇഷ്ടമല്ലാത്തവരുമാണ് കഴിക്കാതിരിക്കുന്നത്. ഈ കറുത്ത ഭാഗത്തെ രക്തപേശികള്‍ അഥവാ ബ്ലഡ് ലൈന്‍ എന്നാണ് പറയുന്നത്. ഇത് മീനിന്റെ നട്ടെല്ലിന് സമാന്തരമായി കാണപ്പെടുന്ന ഒരു പ്രത്യേകതരം പേശികലയാണ്.
ഈ രക്തപേശികളില്‍ 'മയോഗ്ലോബിന്‍' എന്ന പോഷകം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പ്രോട്ടീനാണ് പേശികള്‍ക്ക് കടുത്ത കറുപ്പ് നിറം നല്‍കുന്നത്. വെളുത്ത ഭാഗത്തെ അപേക്ഷിച്ച് മറ്റൊരു സ്വാദാണ് അനുഭവപ്പെടുന്നതെങ്കിലും ഇത് മീനിന്റെ മാലിന്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ദീര്‍ഘ ദൂരം വളരെ വേഗത്തില്‍ നീന്തുന്ന മീനുകളാണ് ചുരകള്‍. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ വരെ നീന്താന്‍ കഴിവുള്ളവയാണ് ചൂരകള്‍. നടുഭാഗത്തായി കാണുന്ന കറുത്ത നിറത്തിലെ രക്ത പേശികളാണ് ഇവയ്ക്ക് ദീര്‍ഘദൂരം വേഗത്തില്‍ നീന്തുന്നതിനുള്ള ഊര്‍ജം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്.
നമ്മുടെ നാട്ടില്‍ പലരും കറുത്ത നിറത്തിലെ ഭാഗം മാലിന്യമാണെന്നും രുചിയില്ലെന്നും പറഞ്ഞ് ഒഴിവാക്കുമ്പോള്‍ പല വിദേശ രാജ്യങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇറ്റലി, സ്‌പെയ്ന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലും ഫിഷ് സോസ് ഉണ്ടാക്കുന്നതിന് ഉള്‍പ്പെടെ ഇവ ഉപയോഗിക്കാറുണ്ട്. ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന ഈ സോസുകള്‍ കാലങ്ങളോളും കേടുവരാതെ സൂക്ഷിക്കാറുമുണ്ട് വിദേശികള്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |