തിരുവനന്തപുരം: വീടിന് പുറത്തിറങ്ങുമ്പോൾ മാത്രമല്ല അകത്തിരിക്കുമ്പോഴും കാര്യമായി ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ ജീവൻപോലും നഷ്ടപ്പെടാം. ഒക്ടോബർ മുതലുള്ള മൂന്നുമാസം പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് അധികൃതരുടെ ഈ മുന്നറിയിപ്പ്. എഴുപതുശതമാനത്തിലേറെ പാമ്പുകടി മരണങ്ങളും ഉണ്ടാവുന്നത് ഒക്ടോബർ മുതൽ ഡിസംബർവരെയുള്ള മാസങ്ങളിലാണ്. കഴിഞ്ഞവർഷം മുപ്പതുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത് . അതിൽ 22 പേർക്കും ജീവൻ നഷ്ടമായത് ഈ മൂന്നുമാസങ്ങളിലാണ്. ഇണചേരൽ കാലം സാധാരണഗതിയിൽ ഡിസംബറിൽ അവസാനിക്കുമെങ്കിലും ചിലപ്പോൾ അത് ഫെബ്രുവരിവരെ നീളാം.
എപ്പോഴും സുരക്ഷിതമായ സ്ഥലങ്ങളിൽ ജീവിക്കാനാണ് പാമ്പുകൾ ഇഷ്ടപ്പെടുന്നത്. അതിനാൽ അപൂർവമായേ അവ മനുഷ്യനുമുന്നിൽ പെടാറുള്ളൂ. എന്നാൽ ഇണചേരുന്ന കാലയളവിൽ ഇതല്ല സ്ഥിതി. ഇണയെത്തേടി യാത്രചെയ്യുന്നതിനാൽ മനുഷ്യനുമുന്നിൽ പ്രത്യക്ഷപ്പെടാൻ സാദ്ധ്യത വളരെ കൂടുതലാണ്. മാത്രമല്ല രൂക്ഷസ്വഭാവം കാണിക്കാറുള്ളതിനാൽ മാരകമായ കടിയേൽക്കാനും സാദ്ധ്യത കൂടുതലാണ്. പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ഫിറോമാേണുകളാണ് ആൺപാമ്പുകളെ ആകർഷിക്കുന്നത്. ഇങ്ങനെ ഇണയെത്തേടിയുള്ള യാത്രയിലാണ് മനുഷ്യനുമുന്നിൽ പ്രത്യക്ഷപ്പെടുന്നതും കടിയേൽക്കുന്നതും. അണലിയും മൂർഖനും വെള്ളിക്കെട്ടനും മാത്രമല്ല സർപ്പങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന രാജവെമ്പാലയും ഇങ്ങനെയാത്രചെയ്യാറുണ്ട്. ജനവാസമേഖലകളിലൂടെയായിരിക്കും പലപ്പോഴും ഇവ കടന്നുപോകുന്നത്. രാത്രി വീടിന് പുറത്തേക്കിറങ്ങുമ്പോൾ ചുവരുകൾക്കും പടിക്കെട്ടിനും സമീപം നന്നായി നിരീക്ഷിക്കണം.
ഈസമയത്തുള്ള പാമ്പുകളുടെ പോരടിക്കലും വലിയ പ്രശ്നമാണ്. ഫിറോമാേണുകളിൽ ആകൃഷ്ടരായി പലയിടങ്ങളിൽ നിന്നെത്തുന്ന ആൺപാമ്പുകൾ ഇണചേരൽ അവകാശത്തിനുവേണ്ടിയാണ് പോരടിക്കുന്നത്. ഈ സമയത്തും രൂക്ഷത കൂടുതലായിരിക്കും. പോരടിക്കൽ ശ്രദ്ധിക്കാതെയോ കാണാനുള്ള കൗതുകത്തിനായോ എത്തുന്നവർക്ക് കടിയേൽക്കാനുളള സാദ്ധ്യത കൂടുതലാണ്. അണലി, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെ അവയുടെ രൂപസാദ്ധ്യശ്യമുള്ള വിഷമില്ലാത്ത പാമ്പുകളാണെന്ന് തെറ്റിദ്ധരിക്കുന്നതും അപകടസാദ്ധ്യത കൂട്ടും.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ ഒരുപരിധിവരെ പാമ്പുകളുടെ ശല്യം ഒഴിവാക്കാം. കാടുകൾ നീക്കംചെയ്യുകയും ചെടികൾ വെട്ടിയൊതുക്കി വൃത്തിയാക്കുകയും ചെയ്യണം. കടിയേറ്റാൽ ഉടൻതന്നെ വിദഗ്ദ്ധ ചികിത്സ നൽകാൻ ശ്രദ്ധിക്കണം. ആന്റിവെനം ഉള്ള ആശുപത്രികളിലേക്ക് തന്നെ കടിയേറ്റയാളെ എത്തിക്കണം. ചികിത്സ കിട്ടുന്നതിലുള്ള കാലതാമസമാണ് കൂടുതൽ മരണങ്ങൾക്കും കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |