റിയൽ എസ്‌റ്റേറ്റ് ഇൻവെസ്‌റ്റ്‌മെന്റ് ട്രസ്‌റ്റുകൾക്ക് പ്രിയമേറുന്നു
കൊച്ചി:നേരിട്ട് ഭൂമി വാങ്ങാതെ റിയൽ എസ്‌റ്റേറ്റ് രംഗത്തെ ഉണർവിൽ നിന്ന് നേട്ടമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കുന്ന സംവിധാനമായ റിയൽ എസ്‌റ്റേറ്റ് ഇൻവെസ്‌റ്റ്‌മെന്റ് ട്രസ്‌റ്റുകൾക്ക്(റൈറ്റ്സ്) ഇന്ത്യൻ വിപണിയിൽ താത്പര്യമേറുന്നു. വരുമാനം ലഭിക്കുന്ന വാണിജ്യ ആസ്തികളായ ഓഫീസുകൾ, ഷോപ്പിംഗ് മാളുകൾ, വെയർ ഹൗസുകൾ തുടങ്ങിയവയിൽ നിക്ഷേപ പങ്കാളിയായി വരുമാനം നേടാനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. റൈറ്റ്സിന്റെ യൂണിറ്റുകൾ സ്‌റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്തിട്ടുള്ളതിനാൽ എപ്പോൾ വേണമെങ്കിലും വിറ്റ് പണമാക്കാനും കഴിയും. അതിവേഗം വളരുന്ന രാജ്യത്തെ വാണിജ്യ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിന്ന് സാധാരണ നിക്ഷേപകർക്കും നേട്ടമുണ്ടാക്കാൻ റൈറ്റ്‌സ് സഹായിക്കുന്നു.
ഓഹരികളിലെന്ന പോലെ റൈറ്റ്‌സിലും നിക്ഷേപിക്കാൻ മ്യൂച്വൽ ഫണ്ടുകൾക്ക് കഴിഞ്ഞ ദിവസം സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നൽകിയതോടെ ഈ മേഖലയിൽ മികച്ച വരുമാനത്തിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. നിക്ഷേപ പങ്കാളിത്തം കൂടാനും നിക്ഷേപകർക്ക് മികച്ച നേട്ടം ലഭിക്കാനും ഇതോടെ സാഹചര്യമൊരുങ്ങി.
ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മേഖലകളെല്ലാം കഴിഞ്ഞ വർഷങ്ങളിൽ മികച്ച വളർച്ച നേടിയതിനാൽ അടുത്ത മുന്നേറ്റം റിയൽ എസ്‌റ്റേറ്റ് രംഗത്താകുമെന്നും ധനകാര്യ വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിലെ ലിസ്‌റ്റഡ് റൈറ്റ്‌സ്
1.ബ്രൂക്ക്‌ഫീൽഡ് ഇന്ത്യ റിയൽ എസ്‌റ്റേറ്റ് ട്രസ്‌റ്റ്
2.എംബസി ഓഫീസ് പാർക്ക് റൈറ്റ്‌സ്
3. മൈൻഡ്‌സ് സ്പേസ് പാർക്ക്‌സ് റൈറ്റ്
4. നെക്‌സസ് സെലക്‌ട് ട്രസ്‌റ്റ്
5. നോളഡ്‌ജ് റിയൽറ്റി ട്രസ്‌റ്റ്
നിലവിൽ റൈറ്റ്‌സിന്റെ ഇന്ത്യയിലെ ആസ്‌തി
18,000 കോടി രൂപ
റിയൽ എസ്‌റ്റേറ്റ് ഇൻവെസ്‌റ്റ്‌മെന്റ് ട്രസ്‌റ്റ്
വരുമാനം ലഭിക്കുന്ന വാണിജ്യ പ്രോപ്പർട്ടികൾ വാങ്ങാനും മാനേജ് ചെയ്യാനും ഉപഭോക്താക്കളിൽ നിന്ന് പണം സമാഹരിക്കുന്ന സ്ഥാപനങ്ങളാണ് റിയൽ എസ്‌റ്റേറ്റ് ഇൻവെസ്‌റ്റ്‌മെന്റ് ട്രസ്‌റ്റുകൾ. ഈ ആസ്തികളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ 90 ശതമാനവും ട്രസ്‌റ്റുകൾ ലാഭവിഹിതമായി നിക്ഷേപകർക്ക് കൈമാറും. നേരിട്ട് ഭൂമി വാങ്ങാതെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം നടത്താമെന്നതാണ് പ്രത്യേകത. നൂറ് രൂപ മുതൽ എത്ര ചെറിയ തുകയും ഇവയിൽ നിക്ഷേപിക്കാം. സെബിയാണ് നിയന്ത്രണ ഏജൻസി. സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ യൂണിറ്റുകൾ ലിസ്‌റ്റ് ചെയ്തിട്ടുള്ളതിൽ നിക്ഷേപകർക്ക് വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |