തിരുവനന്തപുരം: സ്വർണപ്പാളി കടത്ത് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണംപൂശിയ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വില്പന നടത്തിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കള്ളന്മാരാണ് ബോർഡിന്റെ തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് സഭയിൽ പ്രതിഷേധം തുടരുകയാണെന്ന് വ്യക്തമാക്കി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ഹൈക്കോടതിയെപ്പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്റി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി സർക്കാരും ദേവസ്വം മന്ത്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വരുമ്പോൾ കോടതിയെപ്പോലും അംഗീകരിക്കാത്ത ഈ നാടകം സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും രാജീവ് പറഞ്ഞു.
ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലങ്ങളേറെയായെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോടതിയിൽ നിന്ന് തുടർച്ചയായ തിരിച്ചടികളാണ് പ്രതിപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കളിയുമായി വരരുതെന്നാണ് സുപ്രീംകോടതി പ്രതിപക്ഷത്തോട് പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും നിയമസഭയെയും ജനങ്ങളെയും ഭയമാണ്. തങ്ങളുടെ ഭീരുത്വം ആവർത്തിച്ച് സഭയിൽ പ്രകടിപ്പിക്കുകയാണ്. സുപ്രീംകോടതിയിൽ പോയ മാത്യു കുഴൽനാടനെ സഭയിൽ കാണാനില്ലല്ലോയെന്നും രാജേഷ് പരിഹസിച്ചു.
മന്ത്റിയുടെ മറുപടിക്ക് പിന്നാലെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും 20 മിനിറ്റ് കഴിഞ്ഞപ്പോൾ നിറുത്തിവച്ചു. 10ന് ശേഷം തുടർന്ന് സമ്മേളിച്ച് നടപടികൾ പൂർത്തിയാക്കി പിരിഞ്ഞു.
നിയമനിർമ്മാണം
തുടരും: മന്ത്രി രാജീവ്
തിരുവനന്തപുരം:പ്രതിപക്ഷം എത്ര കോലാഹലം കാട്ടിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള നിയമനിർമ്മാണം മുന്നോട്ടു കൊണ്ടുപോകുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് പ്രതിപക്ഷ നിലപാട്.കോലാഹലത്തിന് പിന്നിൽ പബ്ലിസിറ്റി താത്പര്യമാണ്.സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്രഏജൻസിയുടെ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.കേന്ദ്രഏജൻസിയൊഴികെയുള്ള ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.ബി.ജെ.പിയുടെ ഉപകരണമാണ് കേന്ദ്രഏജൻസി.ചാനൽ ചർച്ചകളിൽ രേഖകളുണ്ടെന്ന് ആവർത്തിക്കുന്ന എം.എൽ.എ (മാത്യു കുഴൽനാടൻ) കോടതിയിൽ ശങ്കരാടി പറഞ്ഞ കൈരേഖയാണ് കാട്ടിയത്.സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ഒരു എം.എൽ.എയ്ക്ക് പത്തു ലക്ഷം രൂപ പിഴചുമത്തട്ടെയെന്നാണ് ചോദിച്ചത്.സുപ്രീംകോടതിയിലും തോറ്റതോടെ ഇനി ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ അപ്പീൽ പോവാമെന്നും മന്ത്രി പരിഹസിച്ചു.
പ്രതിപക്ഷ ബഹളത്തിനിടെ
4 ബില്ലുകൾ സഭ കടന്നു
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളിയിൽ തട്ടി തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിക്കുന്നതിനിടെ നാല് ബില്ലുകൾ ചർച്ചയില്ലാതെ
അംഗീകാരം നേടി സഭ കടന്നു.രാജ് ഭവൻ കൂടി അംഗീകരിച്ചാൽ ഇവയെല്ലാം നിയമങ്ങളാവും.
സബ്ജക്ട് കമ്മിറ്റികൾ പരിഗണിച്ച് ഇന്നലെ സഭയിലെത്തിയ കേരള പൊതുവില്പന നികുതി ബിൽ, കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, കേരള കയർ തൊഴിലാളി ക്ഷേമ സെസ് ബിൽ എന്നീ ബില്ലുകളാണ് അംഗീകരിച്ചത്.
പഴങ്ങളിൽ നിന്നുണ്ടാക്കുന്ന ഹോർട്ടി വൈനിന് ഇന്ത്യൻ നിർമ്മിത വൈനിന്റേതിന് തുല്യമായ വിൽപന നികുതി ചുമത്താൻ അനുവദിക്കുന്ന ബില്ലാണ് അതിലൊന്ന്.കോർപറേറ്റ് കമ്പനികളുണ്ടാക്കുന്ന വൈനുകളുമായി മത്സരിക്കാൻ സംസ്ഥാനത്തെ നാടൻ ഹോർട്ടിവൈൻ ഉൽപാദകരെ തള്ളിവിടുന്നതാണ് ബിൽ.
കയർ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതത്തിൽ വീഴ്ച വരുത്തുന്ന കയർ വ്യാപാരികളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നതാണ് കയർ ക്ഷേമനിധിയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകൾ..
നേരത്തെ മലബാറിലും തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്ന വ്യത്യസ്ത നിയമങ്ങൾ ഒഴിവാക്കി സംസ്ഥാനത്താകെ ഏകീകൃത നിയമം വരും.
പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോഴും നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മുഴുവൻ സംഘങ്ങളുടെയും സാധൂകരണം ഉറപ്പാക്കിയിട്ടുണ്ട്. കല, കായികം, സാഹിത്യം, സാംസ്കാരികം, വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും സുതാര്യവുമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |