കൊച്ചി: പഠനനിലവാരവും സൗകര്യങ്ങളും മെച്ചപ്പെട്ടതോടെ, സ്വകാര്യ സ്‌കൂളുകളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. പഠനഭാരം, സാമ്പത്തികച്ചെലവ് തുടങ്ങിയവയും മാറ്റത്തിനു പ്രേരകമാണ്.
എട്ടാം ക്ലാസുവരെ സി.ബി.എസ്.ഇ സിലബസിൽ പഠിച്ച ശേഷം മാറുന്നതാണ് പുത്തൻ ട്രെൻഡ്. സി.ബി.എസ്.ഇയിൽ ചേർത്താൽ കുട്ടികൾക്ക് ഇംഗ്ലീഷിൽ നല്ല അഭിരുചി ഉണ്ടാകുമെന്നും ഉയർന്ന ക്ലാസുകളിൽ പഠനഭാരമേറുമ്പോൾ മാറ്റാമെന്നും നിശ്ചയിച്ച് മുന്നോട്ടുപോകുന്നവരും കുറവല്ലെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
2024-25 വർഷം തിരുവനന്തപുരം, കൊല്ലം, എറണാകുളം ഒഴികെയുള്ള 11 ജില്ലകളിൽ നിന്നായി രണ്ടു മുതൽ ഒമ്പത് വരെ ക്ലാസുകളിലെ 32,259 കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് മാറിയത്. ഏഴാം ക്ലാസിൽ നിന്ന് എട്ടിലേക്കും നാലിൽ നിന്ന് അഞ്ചിലേക്കുമാണ് കൂടുതൽ പേരും സ്കൂൾ മാറുന്നത്. ഈ കാലയളവിൽ എട്ടിലേക്ക് 9,564ഉം അഞ്ചിലേക്ക് 6,994 ഉം കുട്ടികളെത്തി.
2025-26ൽ 31,352 കുട്ടികൾ പൊതുവിദ്യാലങ്ങളിലെത്തി. എട്ടിലേക്ക് 9,066 പേരും അഞ്ചിലേക്ക് 6,600 പേരുമെത്തി. 2024-25ൽ രണ്ടു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ പൊതുവിദ്യാലയങ്ങളിലേക്ക് 32,259 പേർ മാറി. 2025-26ൽ 31,352 കുട്ടികളെത്തി.
2025-26ൽ അഞ്ചിലേക്കും എട്ടിലേക്കും
പൊതുവിദ്യാലയങ്ങളിൽ എത്തിയവരുടെ എണ്ണം
(തിരുവനന്തപുരം, കൊല്ലം, എറണാകുളം ഒഴികെ)
പത്തനംതിട്ട----441----313
ആലപ്പുഴ----418----676
കോട്ടയം----440----374
ഇടുക്കി----273----173
തൃശൂർ----1424----1223
പാലക്കാട്----847----937
മലപ്പുറം----1396----2293
കോഴിക്കോട്----153----127
വയനാട്----165----685
കണ്ണൂർ----487----1474
കാസർകോട് ----556----791
ആകെ----6600----9066
എൻട്രൻസ് പരീക്ഷാ പ്രവേശനത്തിലെ മുൻഗണന ഉന്നം വച്ച് കേരള സിലബസ് തിരഞ്ഞെടുക്കുന്നവർ ഏറെയാണ്
ഡോ.ടി.പി. സേതുമാധവൻ
വിദ്യാഭ്യാസ വിചക്ഷണൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |