ലക്‌നൗ: അഴുകിയ മൃതദേഹം കിടന്ന വാട്ടർ ടാങ്കിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം വെള്ളം ഉപയോഗിച്ചത് പത്തുദിവസം. ഉത്തർപ്രദേശ് ഡിയോറിയയിലെ മഹാമൃഷി ദേവരാഹ ബാബ മെഡിക്കൽ കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ സ്ഥാപിച്ചിരുന്ന ടാങ്ക് പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അഴുകി, തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. ആശുപത്രിയിലെ ഒപി, വാർഡ് വിഭാഗങ്ങളിലും ഈ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നതായി അധികൃതർ വെളിപ്പെടുത്തി.
സംഭവത്തിൽ വിശദാന്വേഷണത്തിനായി ഡിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ വാട്ടർ ടാങ്ക് തുറന്നുകിടന്നിരുന്നതായി മജിസ്‌ട്രേറ്റ് കണ്ടെത്തി. ഇത് സീൽ ചെയ്തു. സംഭവത്തെത്തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. രാജേഷ് കുമാർ ബൺവാളിനെ ചുമതലയിൽ നിന്ന് നീക്കി. പകരം ഇതാഹ് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. രജ്‌നിയെ ആക്‌ടിംഗ് പ്രിൻസിപ്പാളായി ചുമതലപ്പെടുത്തി. മൃതദേഹം കണ്ടെത്തിയ ടാങ്കിന് പകരം പുതിയ ടാങ്ക് സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |