പലപ്പോഴും ഹോട്ടൽ ബില്ല് കണ്ട് നമ്മൾ ഞെട്ടിപ്പോകാറുണ്ട്.സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത അത്ര റേറ്റ് ആയിരിക്കും ചില ഹോട്ടലുകളിൽ ഈടാക്കുക. അത്തരം സാഹചര്യങ്ങളിൽ ആളുകൾ ബില്ല് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് തങ്ങളുടെ അനുഭവം വിവരിക്കാറുണ്ട്. അങ്ങനെയുള്ളൊരു ബില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മുംബയ് സ്വദേശിനിയായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ഇൻസ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. 'കോപ്പർട്ടോ' (Coperto)എന്ന പേരിൽ അധിക തുക ഈടാക്കിയതിനെക്കുറിച്ചാണ് യുവതി പറയുന്നത്.
ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞതോടെ ബില്ല് എത്തി. യുവതി താൻ കഴിച്ച ഭക്ഷണങ്ങളുടെ പേര് ബില്ലിൽ നോക്കി. എന്നാൽ അക്കൂട്ടത്തിൽ 'കോപ്പർട്ടോ' എന്ന് കണ്ടു. അതിനും ഹോട്ടൽ കാശ് ഈടാക്കിയിട്ടുണ്ട്. 'കോപ്പർട്ടോ' എന്താണ് സംഭവമെന്ന് യുവതിക്ക് മനസിലായില്ല. 'ക്ഷമിക്കണം, എന്താണ് ഈ കോപ്പർട്ടോ, എന്തിനാണ് നിങ്ങൾ ഇതിന് എന്റെ പണം ഈടാക്കിയത്?'- എന്ന് യുവതി വെയ്റ്ററോട് ചോദിച്ചു. കോപ്പർട്ടോ എന്നാൽ പ്ലേറ്റാണ്, നിങ്ങൾ ഭക്ഷണം കഴിച്ച പ്ലേറ്റിനാണ് പണം ഈടാക്കിയതെന്ന് വെയ്റ്റർ മറുപടി നൽകി. ഇതോടെ താൻ അമ്പരന്നുപോയെന്ന് യുവതി വീഡിയോയിൽ പറയുന്നു.
ഇറ്റലിയിലെ റസ്റ്റോറന്റ് ബില്ലുകളിൽ കാണപ്പെടുന്ന ഒന്നാണ് കോപ്പർട്ടോ, മേശവിരി, പ്ലേറ്റുകൾ എന്നിവയുടെ വില ഇതിൽ ഉൾപ്പെടുന്നു, സാധാരണയായി ഒരു യൂറോ മുതൽ മൂന്ന് യൂറോ വരെയാണ് ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |