ന്യൂഡൽഹി: ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം പറന്നത് യാത്രക്കാരുടെ ലഗേജില്ലാതെ. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തങ്ങളുടെ ലഗേജുകൾ വന്നിട്ടില്ലെന്നറിഞ്ഞതോടെ ഡൽഹി വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാർ പരിഭ്രാന്തരായി.
148 യാത്രക്കാരുമായി പറന്ന എസ്‌ജി-12 എന്ന വിമാനത്തിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്‌ക്ക് 1.30ഓടെ (യുഎഇ സമയം 12 മണി) പുറപ്പെട്ട വിമാനം വൈകിട്ട് അഞ്ച് മണിയോടെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തി. ടെർമിനൽ മൂന്നിലാണ് വിമാനം ലാൻഡ് ചെയ്‌തത്. ശേഷം ലഗേജെടുക്കാനായി യാത്രക്കാർ എത്തിയെങ്കിലും ഒരു ബാഗ് പോലും ഡൽഹിയിലേക്ക് എത്തിയിരുന്നില്ല. മിനിട്ടുകളോളം നോക്കിനിന്നെങ്കിലും ആരുടെയും ബാഗുകൾ വന്നില്ല.
'വിമാനത്തിലെ മുഴുവൻ ലഗേജും ഇപ്പോഴും ദുബായിലാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി '- യാത്രക്കാരനായ പ്രതം ചൗധരി പറഞ്ഞു. മറ്റൊരു യാത്രക്കാരനായ ദീപക് ഇതേക്കുറിച്ച് എക്‌സിൽ കുറിച്ചു. അവർ ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ലഗേജുകൾ മറന്നുവച്ചു എന്നാണ് ദീപക് കുറിച്ചത്.
യാത്രക്കാർ അവരുടെ വിവരങ്ങൾ നൽകണമെന്നും ലഭ്യമായ ഏറ്റവും അടുത്ത സർവീസിൽ തന്നെ ബാഗുകൾ ഡൽഹിയിലേക്ക് എത്തിക്കുമെന്നും സ്‌പൈസ് ജെറ്റ് ഉറപ്പുനൽകിയെന്നാണ് യാത്രക്കാർ പറയുന്നത്. വിമാനത്തിൽ അമിത ഭാരമായതിനാലാണ് ലഗേജുകൾ കൊണ്ടുവരാത്തതെന്നും വിമാനക്കമ്പനി അറിയിച്ചതായാണ് ചില യാത്രക്കാർ പറയുന്നത്. എന്നാൽ, ഈ വിശദീകരണം വിശ്വസിക്കാൻ പ്രയാസമാണെന്നാണ് അവർ പ്രതികരിച്ചു. വിലയേറിയ പല വസ്‌തുക്കളും ബാഗിനുള്ളിലുണ്ടെന്നും യാത്രക്കാർ പറഞ്ഞു.
സ്‌പൈസ് ജെറ്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല ഇതെന്നാണ് ഗുജറാത്തി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |