ട്രെയിനിൽ നിന്നുള്ള പല വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ എസി കോച്ചിൽ ടിടിഇയുമായി തർക്കിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യുവതിയുടെ കൈവശം എസി കോച്ചിൽ യാത്ര ചെയ്യാൻ ആവശ്യമായ ടിക്കറ്റ് ഇല്ലായിരുന്നു. ടിടിഇ ഇക്കാര്യം ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായതെന്നാണ് വിവരം.
ജനറൽ കോച്ചിലേക്ക് മാറണമെന്ന് ടിടിഇ യുവതിയോട് പറയുന്നു. എന്നാൽ യുവതി ഇതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, തന്നെ ടിടിഇ ശല്യം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്നു. ടിടിഇ കർശനമായിത്തന്നെ കോച്ചിൽ നിന്ന് ഇറങ്ങാൻ യാത്രക്കാരിയോട് ആവശ്യപ്പെട്ടു. 'നിങ്ങളുടെ കൈവശം ടിക്കറ്റ് ഇല്ല. റിസർവ് കോച്ചിൽ നിന്നിറങ്ങൂ. ടിക്കറ്റില്ലാതെ നിങ്ങൾക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല,' അദ്ദേഹം പറഞ്ഞു.
വീഡിയോ പകർത്തുന്ന ടിടിഇയുടെ ഫോൺ തട്ടിപ്പറിക്കാനും യുവതി ശ്രമിക്കുന്നുണ്ട്. ടിടിഇ സംസാരിക്കുന്നത് ശ്രദ്ധിക്കാതെ യുവതി ഫോണിൽ നോക്കിയിരിക്കുകയാണ്. അദ്ദേഹം കോച്ചിൽ നിന്നിറങ്ങണമെന്ന് ആവർത്തിച്ചതോടെ ' എഴുന്നേറ്റ് പോയില്ലെങ്കിൽ നീ എന്ത് ചെയ്യും. ഞാൻ പോകാം, എന്തിനാണ് എന്നെ ശല്യപ്പെടുത്താൻ ശ്രമിക്കുന്നത്? നിങ്ങൾ മനഃപൂർവം ഒരു സ്ത്രീയെ ശല്യപ്പെടുത്തുകയാണ്'- എന്ന് യുവതി പറയുന്നു.
'ഞാൻ എന്തിന് നിങ്ങളെ ബുദ്ധിമുട്ടിക്കണം? നിങ്ങളുടെ കൈയിൽ ടിക്കറ്റ് ഇല്ല. ബീഹാർ ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ടിക്കറ്റില്ലാതെ എങ്ങനെ യാത്ര ചെയ്യാനാകും.'- ടിടിഇ ചോദിച്ചു.
'നിങ്ങളുടെ ഫോൺ കാണിക്കൂ. ഇങ്ങനെ ഒരു സ്ത്രീയുടെ വീഡിയോ എടുക്കാൻ പറ്റില്ല.'- എന്നായിരുന്നു യുവതിയുടെ മറുപടി. ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ ടിടിഇ സംയമനം പാലിക്കുകയും, ശരീരത്തിൽ തൊടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ആ സ്ത്രീ മുമ്പ് ടിക്കറ്റില്ലാതെ യാത്ര ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നു. ഏത് ട്രെയിനിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |