ന്യൂഡൽഹി: ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ രണ്ടിന് ദസറ മഹോത്സവത്തോടെ രാജ്യത്താകെ സമാപിച്ചു. രാവണനെതിരായ ശ്രീരാമന്റെ വിജയാഘോഷം കൂടിയാണ് ദസറ. രാമലീലയെന്നും ഇതിനെ വിളിക്കാറുണ്ട്. രാമായണത്തിലെ രംഗങ്ങൾ പുനരാവിഷ്‌കരിക്കുന്ന രാമലീല പ്രകടനങ്ങളും രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങുകളുമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദസറയുടെ ഭാഗമായി ഈ സമയം നടക്കും. ഇത്തവണ അത്തരമൊരു രാമലീല പ്രകടനത്തിന് തൊട്ടുമുമ്പുണ്ടായ രസകരമായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.
രാമലീലയിൽ ഹനുമാന്റെ വേഷമണിഞ്ഞ ഒരു നടൻ റോഡരികിൽ ഒരാളെ കാത്തുനിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാമലീലയ്ക്ക് വൈകിയതിനാൽ ഇദ്ദേഹം റാപിഡോ (ഓൺലൈൻ ഓട്ടോ-ടാക്സി സേവനം) വഴി റൈഡ് ബുക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്നു. അൽപസമയത്തിനകം ഒരു ഇരുചക്രവാഹനം അദ്ദേഹത്തിനടുത്ത് നിർത്തി. റൈഡർ ഒടിപി പരിശോധിച്ച് യാത്ര ഉറപ്പാക്കിയ ശേഷം ഹനുമാന്റെ വേഷമിട്ട നടൻ വണ്ടിയിൽ കയറി ഇരുന്നു. അടുത്ത രംഗമാണ് ഏറ്റവും രസകരമായത്. ഹനുമാൻ തന്റെ കൈയിലുണ്ടായിരുന്ന ഗദ ഉപയോഗിച്ച് പോകേണ്ട ദിശയിലേക്ക് ആംഗ്യം കാണിച്ചു.
'രാമലീലയ്ക്ക് വൈകി, ഹനുമാൻജി വേഗത്തിലെത്താൻ റാപിഡോ ബുക്ക് ചെയ്തു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ കണ്ടവർ ഒട്ടേറെ രസകരമായ കമന്റുകൾ കുറിച്ചു. 'വഴികാണിക്കാൻ ഗദ ഉപയോഗിച്ചത് കിടുക്കി" - ഒരാൾ കുറിച്ചു. 'അദ്ദേഹത്തിന് പറന്നു പോകാമായിരുന്നല്ലോ" - മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'ഒടിപി ചോദിക്കുമ്പോൾ ഹനുമാൻജി ജയ് ശ്രീറാം എന്നായിരിക്കും പറഞ്ഞത്' എന്ന് മറ്റൊരാൾ തമാശയായി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |