വിവാഹമോചനം നേടിയ മകളെ കൊട്ടും പാട്ടും മേളവുമായി വീട്ടിലേയ്ക്ക് ആനയിച്ച ഒരു അച്ഛന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വിവാഹമോചനം ആഘോഷമാക്കുന്ന സ്‌ത്രീകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ വിവാഹമോചനം നേടിയ മകനെ പാലഭിഷേകം നടത്തുന്ന അമ്മയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
'ഐയാംഡികെബിരാദർ' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. നിലത്തിരിക്കുന്ന യുവാവിനെ അമ്മ പാലഭിഷേകം നടത്തുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നീട് ഇയാൾ വരന്റേതായ വസ്ത്രങ്ങൾ അണിയുന്നതും ഷൂസ് ധരിക്കുന്നതും കാണാം. ശേഷം 'ഹാപ്പി ഡിവോഴ്‌സ്' എന്നെഴുതിയ കേക്ക് മുറിക്കുകയും ചെയ്യുന്നു. '120 ഗ്രാം സ്വർണം, 18 ലക്ഷം ക്യാഷ്' എന്നും കേക്കിൽ എഴുതിയിട്ടുണ്ട്.
'ദയവായി സന്തോഷത്തോടെയിരിക്കൂ. നിങ്ങളെ തന്നെ ആഘോഷിക്കൂ, വിഷാദരായി ഇരിക്കരുത്. 120 ഗ്രാം സ്വർണവും 18 ലക്ഷം രൂപയും വാങ്ങുകയല്ല, നൽകുകയാണ് ചെയ്തത്. സിംഗിൾ ആണ്, സന്തോഷവാനാണ്, സ്വതന്ത്രനാണ്'- എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ യുവാവിനെ കുറ്റപ്പെടുത്തി കമന്റ് ചെയ്തപ്പോൾ മറ്റുചിലർ അഭിനന്ദിക്കുകയും ആശംസകൾ നേരുകയുമാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |