മലയാളത്തിലെ ആദ്യ അഭിമുഖത്തിന് 100
മലയാള പത്രപ്രവർത്തനരംഗത്ത് സി.വി കുഞ്ഞുരാമനെപ്പോലെ വൈവിദ്ധ്യവും വൈചിത്ര്യവും ഒന്നുചേർന്ന ഒരു പത്രാധിപ പ്രതിഭ വേറെയില്ല. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ കേരളകൗമുദിയും അതിന്റെ സ്ഥാപക പത്രാധിപർ സി.വി. കുഞ്ഞുരാമനും അനുഷ്ഠിച്ച സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിലും, അതിന് അവരെ ഉദ്ബുദ്ധരാക്കുന്നതിലും, ആത്മാഭിമാനമുള്ള ജനതയായി അവരെ മാറ്റിയെടുക്കുന്നതിലും ശ്രീനാരായണ ഗുരുവും അദ്ദേഹം നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളും നടത്തിയ പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കുന്നതിൽ കേരളകൗമുദി വഹിച്ച പങ്ക് അമൂല്യമാണ്.
കേരളീയ സമൂഹത്തിന്റെ; വിശേഷിച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ സർവതോമുഖമായ ഉയർച്ചയും വളർച്ചയും ലക്ഷ്യമാക്കിക്കൊണ്ട്, ഗുരുസന്ദേശങ്ങൾ അർത്ഥപൂർണവും ഫലവത്തുമായി നടപ്പാക്കുന്നതിൽ ഡോ. പല്പുവിനും മഹാകവി കുമാരനാശാനും ഒപ്പം സി.വിയും ഉണ്ടായിരുന്നു. സമുദായ നേതാവ് എന്നതിനൊപ്പം അനുഗൃഹീതമായ അദ്ദേഹത്തിന്റെ തൂലികയും പത്രവും വഹിച്ച പങ്ക് നിസ്തുലമാണ്. സമുദായ പരിഷ്കരണം, ആചാര പരിഷ്കരണം, വിദ്യാലയ പ്രവേശനം, സർക്കാർ സർവീസിലെ പ്രാതിനിദ്ധ്യം, ക്ഷേത്ര പ്രവേശനം, പ്രായപൂർത്തി വോട്ടവകാശം തുടങ്ങിയ വിഷയങ്ങളിൽ കേരളകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളും മുഖപ്രസംഗങ്ങളും മറ്റു ലേഖനങ്ങളും തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മാത്രമല്ല, ആധുനിക കേരളത്തിന്റെ തന്നെ അലകും പിടിയും മാറ്റുന്നതിൽ അങ്ങേയറ്റം പ്രയോജനപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമെ, കാലിക പ്രസക്തിയുള്ള വിഷയങ്ങൾ സംബന്ധിച്ച വാദപ്രതിവാദങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ ജനങ്ങളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിലും വളരെയധികം സഹായകമായി. ചരിത്രപരമായ കാരണങ്ങളാൽ നൂറ്റാണ്ടുകളായി സാമുദായികമായും രാഷ്ട്രീയമായും സാമ്പത്തികമായും മുഖ്യധാരയിൽ നിന്ന് അകറ്റിനിറുത്തപ്പെട്ടിരുന്ന, വിശേഷിച്ച് തിരുവിതാംകൂറിലും കൊച്ചിയിലും ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന അധ:കൃത വിഭാഗങ്ങളെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് നയിക്കുന്നതിൽ കേരളകൗമുദിയും സി.വി കുഞ്ഞുരാമനും ബദ്ധശ്രദ്ധരായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്ര പ്രവേശനം, പൗരസമത്വവാദം, നിയമസഭാ ഉദ്യോഗ പ്രാതിനിദ്ധ്യം, പ്രായപൂർത്തി വോട്ടവകാശം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ കേരളകൗമുദിയും സി.വിയും നടത്തിയിട്ടുള്ള പോരാട്ടങ്ങൾ തലമുറകൾക്ക് പ്രചോദനം നൽകുന്നതാണ്.
ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവിന്റെയും മഹാരാജാവിനെ അതിനു പ്രേരിപ്പിച്ച ദിവാൻ സി.പി. രാമസ്വാമി അയ്യരുടെയും ഔദാര്യംകൊണ്ട് ഉണ്ടായതാണെന്ന മട്ടിൽ ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. എന്നാൽ കുശാഗ്ര ബുദ്ധിയായ സി.വി. കുഞ്ഞുരാമൻ എന്ന ഈഴവ നേതാവിന്റെ ദീർഘവീക്ഷണത്തോടു കൂടിയതും സന്ദർഭോചിതവുമായ എഴുത്തും പ്രസംഗവും തന്ത്രപരമായ കരുനീക്കങ്ങളുമാണ് ഇതിനു കളമൊരുക്കിയത് എന്ന ചരിത്രസത്യം അവർ കണ്ടില്ലെന്നു നടിക്കുന്നു. 'ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന് " എന്ന തലക്കെട്ടിൽ സി.വി. എഴുതിയ മുഖപ്രസംഗമാണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വാദത്തിന് ബീജാവാപം ചെയ്തത്.
'തൊഴുംതോറും തൊഴിക്കയും, തൊഴിക്കുംതോറും തൊഴുകയും- രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ" എന്ന അദ്ദേഹത്തിന്റെ പ്രയോഗം പിന്നീട് മലയാളത്തിൽ ഏറെ പ്രചാരത്തിലുള്ള ഒരു ശൈലിയായി മാറി. ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും അതിനു പ്രസക്തിയുണ്ട്. കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമനം ലഭിച്ച ഈഴവ യുവാവിനോട് ബ്രാഹ്മണ മേധാവിത്വം വച്ചു പുലർത്തുന്ന അയിത്തവും തൊട്ടുകൂടായ്മയും കാണുമ്പോൾ ഇതിനെതിരെ പ്രതികരിക്കാൻ ഒരു സി.വി ഇല്ലല്ലോ എന്നോർത്ത് ഖേദിക്കുന്നു.
മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ഒരുപക്ഷേ അഭിമുഖ സംഭാഷണം (ഇന്റർവ്യൂ) എന്ന ഏർപ്പാട് ആദ്യമായി നടപ്പിലാക്കിയത് സി.വി. കുഞ്ഞുരാമനാണെന്നു പറയാം. ശ്രീനാരായണ ഗുരുവുമായി അദ്ദേഹം നടത്തിയ അഭിമുഖം വളരെ പ്രസിദ്ധമാണ്. 'സംവാദം" എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന സന്ദേശത്തിന്റെ പൊരുൾ അന്വേഷിക്കുകയാണ് സി.വിയിലെ ജേർണലിസ്റ്റ്. ഗുരുസന്ദേശത്തിലെ 'ഒരു മതം" എന്നത് എങ്ങനെ ശരിയാകും എന്ന ചോദ്യത്തിന് ഗുരു നൽകിയ മറുപടി വിശദമായിത്തന്നെ പ്രസിദ്ധീകരിക്കാൻ സി.വിയിലെ പ്രതാധിപ പ്രതിഭ തയ്യാറായതിന്റെ ഏറ്റവും വലിയ പ്രയോജനം, ഏറെ തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന ഗുരുസന്ദേശം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ജനഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞുവെന്നതാണ്. സി.വിയുടെ അചഞ്ചലമായ ഗുരുഭക്തിയും ഗുരുദേവ ദർശനത്തിലുള്ള അടിയുറച്ച വിശ്വാസവുമാണ് ഇത് വ്യക്തമാക്കുന്നത്.
സി.വിയുടെ ചോദ്യങ്ങൾക്ക് ഗുരുദേവൻ നൽകുന്ന മറുപടി ശ്രദ്ധിക്കുക. ഈ അഭിമുഖ സംഭാഷണവും അതിലെ ഗുരുവചനങ്ങളും വരുംകാലങ്ങളിൽ ഗുരുദർശനത്തിന്റെ വ്യാഖ്യാനരംഗത്ത് ഒരു നാഴികക്കല്ലായിരിക്കുമെന്ന് സി.വിക്ക് അറിയാമായിരു ന്നു. അതുകൊണ്ടുതന്നെ ആധികാരികതയും ഗൗരവസ്വഭാവവും നിലനിറുത്താൻ അദ്ദേഹം എന്തുചെയ്തു എന്നതുകൂടി അറയേണ്ടതാണ്:-
'ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളും ഞാനും തമ്മിൽ നടന്നതായി താഴെ എഴുതിയിരിക്കുന്ന സംവാദം താഴെ ഇരിക്കുന്ന രൂപത്തിൽത്തന്നെ നടന്നതല്ല. എന്നാൽ മതവിഷയമായി സ്വാമി തൃപ്പാദങ്ങളും ഞാനും തമ്മിൽ പല സന്ദർഭങ്ങളിലായി നടന്നിട്ടുള്ള സംഭാഷണങ്ങളിൽ അന്നന്ന് തൃപ്പാദങ്ങളുടെ മുഖത്തുനിന്ന് എനിക്ക് കേൾക്കാനും തൃപ്പാദങ്ങളിൽ കേൾപ്പിക്കാനും ഇടവന്നിട്ടുള്ള കാര്യങ്ങളല്ലാതെ ഇതിൽ കൃത്രിമമായി യാതൊന്നുമില്ല. പല സംവാദങ്ങളിൽ വന്ന സംഗതികളെ വിഷയസ്വഭാവം അനുസരിച്ച് ക്രോഡീകരിച്ച് ക്രമീകരിക്കുക മാത്രമേ ഇതിൽ ചെയ്തിട്ടുള്ളൂ.
ഇതിനെ ഈ രൂപത്തിൽ എഴുതി തീർത്തശേഷം ആദ്യം ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികളെയും അനന്തരം ഈയിടെ ശിവഗിരിയിൽ കൂടിയിരുന്ന സന്യാസി സംഘത്തെയും ഞാൻ തന്നെ വായിച്ചുകേൾപ്പിച്ചു. ഒടുവിൽ സത്യവ്രത സ്വാമി മുഖേന സ്വാമി തൃപ്പാദങ്ങളെ കേൾപ്പിച്ചു. പ്രസിദ്ധീകരണത്തിന് അനുവാദം ലഭിച്ചശേഷം ഇതു പ്രസിദ്ധീകരിക്കുന്നതാണ്. ഈ വിഷയത്തെ സംബന്ധിച്ച് തൃപ്പാദങ്ങൾക്കുള്ള സിദ്ധാന്തങ്ങളിൽ ചിലത് ആലുവയിൽ വച്ച് കൂടിയ സർവമത മഹാസമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിൽ സത്യവ്രത സ്വാമികൾ ക്രോഡീകരിച്ചിട്ടുണ്ട്. ആ പ്രസംഗത്തിൽ വന്നിട്ടുള്ള സംഗതികളെ ഇതിൽ ആവർത്തിച്ചിട്ടില്ല.
(മലയാളത്തിലെ ആദ്യ അഭിമുഖമെന്ന് വിശേഷിപ്പിക്കാവുന്ന ആ സംവാദം കേരളകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് 1925 ഒക്ടോബർ 9-നാണ്. കൃത്യം നൂറുവർഷം മുമ്പ്)
സംവാദം
ഞാൻ: ഈ വിഷയത്തിൽ പ്രമാദം കൊണ്ടുള്ള വഴക്കുകൾ ഹിന്ദുക്കൾക്കു മാത്രമല്ല അഹിന്ദുക്കൾക്കും ഉണ്ട്. ക്രിസ്തുവിനു മുമ്പുള്ള മോശയുടെയും ശലോമോന്റെയും, ക്രിസ്തുവിനു പിമ്പുള്ള സെന്റു പോളിന്റെയും ഉപദേശങ്ങളും കൂടി ക്രിസ്തുമതം എന്ന ഒരു ഒറ്റപ്പേരിനകത്ത് അടക്കുകയാണ് ക്രിസ്തുമതക്കാരും ചെയ്തിരിക്കുന്നത്.
സ്വാമി: ഏറെക്കുറെ എല്ലാ മതക്കാരും അങ്ങനെ തന്നെ ചെയ്തിരിക്കുന്നു. ഒരു മതാചാര്യന്റെ പേരിൽ ആചാര്യന്മാരുടെ ഉപദേശങ്ങളടക്കി അതിനെ ഒരു മതമെന്ന പേർ വിളിക്കാമെങ്കിൽ പല പല ആചാര്യന്മാരാൽ സ്ഥാപിതങ്ങളായ എല്ലാ മതങ്ങളെയും ചേർത്ത്, അതിനെ ഒരു മതമെന്നോ ഏകമതമെന്നോ മനുഷ്യമതമെന്നോ, മാനവ മതമെന്നോ എന്തുകൊണ്ട് ഒരു പൊതുപ്പേരിട്ടുകൂടാ? അങ്ങനെ ചെയ്യുന്നത് യുക്തിഭംഗവും അസംബന്ധവുമാണെങ്കിൽ ഈ അസംബന്ധവും യുക്തിഭംഗവും ഏറെക്കുറെ സംഭവിച്ചു കഴിഞ്ഞിരിക്കുകയാണ്.
ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും അവനവന്റെ മതത്തെ സംബന്ധിച്ച് ചാതുര്യത്തോടെ പ്രസംഗിക്കുന്നവർക്ക് മനുഷ്യജാതിയുടെ മതത്തെ പൊതുവിൽ എടുത്ത്, അതിന്റെ ഏകത്വത്തിൽ നാനാത്വവും നാനാത്വത്തിൽ ഏകത്വവും കാണാൻ കഴിയാതെവന്നത് ആശ്ചര്യമായിരിക്കുന്നു. മഹാത്മജി ഇവിടെ വന്നപ്പോൾ ചെയ്ത പ്രസംഗത്തിൽ ആശ്രമമുറ്റത്തു നിൽക്കുന്ന ഒരു മാവിനെ ചൂണ്ടിക്കാണിച്ച് അതിന്റെ ശാഖകളും ഇലകളും എങ്ങനെ ഒന്നിനൊന്ന് ഭിന്നമായിരിക്കുന്നുവോ, അതുപോലെ മനുഷ്യരിലുള്ള വ്യക്തികളും ഭിന്നരായിരിക്കും; ഈ ഭിന്നത ഉള്ളകാലത്തോളം മനുഷ്യരുടെ മതങ്ങളും ഭിന്നങ്ങളായിരിക്കാനേ നിവൃത്തിയുള്ളൂ എന്നും പറയുകയുണ്ടായി.
ശരിയാണ് മഹാത്മജി പറഞ്ഞത്. എന്നാൽ നൈയായികദൃഷ്ട്യാ (നീതിശാസ്ത്രം അറിയുന്നവൻ നൈയായികൻ) പിരശോധിക്കുന്നതാകയാൽ ഒരോ വ്യക്തിക്കും ഓരോ മതമുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അങ്ങനെയായാൽ ഹിന്ദുവായ രാമനും കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്; 20 കോടി ഹിന്ദുക്കൾക്ക് ഇരുപത് കോടി മതങ്ങളുണ്ടെന്നു വന്നുകൂടും. വാസ്തവം അതുതന്നെയാണെങ്കിലും ചില സാമാന്യലക്ഷണങ്ങൾ ഈ ഇരുപത് കോടിയുടെയും വിശ്വാസങ്ങളിൽ ഉള്ളതുകൊണ്ട് അവരെ ഒരു മതക്കാർ എന്നു പറയുന്നു. അതുപോലെ എല്ലാ മതക്കാരുടെയും വിശ്വാസങ്ങൾക്ക് ചില സാമാന്യ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാർ തന്നെയാണ്.
സനാതനമായ ഏതെങ്കിലും ഒരു ധർമ്മത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദുമതവും സ്‌നേഹത്തിന് ക്രിസ്തുമതവും മുഖ്യത കല്പിക്കുന്നു. എന്നാൽ സാഹോദര്യം സ്‌നേഹത്തെയും സ്‌നേഹം സാഹോദര്യത്തെയും ആശ്രയിച്ചിരിക്കുന്നു എന്നറിയാതെ സാഹോദര്യമാണ് ശ്രേഷ്ഠം; അതല്ല, സ്‌നേഹമാണ് ശ്രേഷ്ഠം എന്ന് വിവാദം ഉണ്ടാകുന്നുവെങ്കിൽ അതിനെ വൃഥാവിവാദം എന്നല്ലാതെ പറയാൻ തരമുണ്ടോ?
സനാതനധർമ്മങ്ങൾ തുല്യപ്രധാനങ്ങളാണ്. ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങൾ അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്നിന് മുഖ്യത കല്പിക്കേണ്ടതു ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളിൽ അഹിംസാ ധർമ്മത്തിന് ജഗദ്ഗുരു മറ്റു ധർമ്മത്തേക്കാൾ മുഖ്യത കല്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് ബുദ്ധൻ മുഖ്യത കൽപ്പിച്ചു. നബിയുടെ കാലത്ത് അറേബിയയിൽ സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ അദ്ദേഹത്തിന്റെ മതത്തിൽ സാഹോദര്യത്തിന് മുഖ്യത കാണുന്നു.
ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്? ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്ന് മോചനം. സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം സ്‌നേഹപൂർവം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോൾ മനസിലാവും. മതപരിവർത്തനോത്സാഹവും അപ്പോൾ അസ്തമിക്കും.
ഞാൻ: അങ്ങനെയാണെങ്കിൽ തൃപ്പാദങ്ങളുടെ ശിഷ്യസംഘത്തിൽ ഹിന്ദുമത വിശ്വാസിക്കും ബുദ്ധമത വിശ്വാസിക്കും ക്രിസ്തുമത വിശ്വാസിക്കും പ്രവേശനം അനുവദിക്കേണ്ടതാണല്ലോ?
സ്വാമി: നമുക്ക് അതിന് യാതൊരു വിരോധവുമില്ല.
(ലേഖകന്റെ ഫോൺ : 94470 37877)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |