ആത്തി, ആത്ത, സീതപ്പഴം അങ്ങനെ പല പേരുകളുണ്ടെങ്കിലും ഈ സുന്ദരൻ പഴത്തെ ഒരിക്കലെങ്കിലും രുചിക്കാത്ത മലയാളിയുണ്ടാകില്ല. പുറം ഭാഗം നല്ല പച്ചനിറത്തിലും അകം വെളുത്ത മാംസളവുമാണ്. വായിലിട്ടാൽ അലിഞ്ഞുപോകും. കേരളത്തിലെ ഏതു കാലാവസ്ഥയിലും നന്നായി വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത. വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു ഫലവർഗമാണ് ഇത്.
സാധാരണ കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. നേരത്തേ കായ്‌ക്കാനും വലിപ്പം ഇല്ലാത്തതുമായ ആത്തകൾക്ക് വേണ്ടി ഗ്രാഫ്റ്റിംഗിൽ കൂടിയും തൈകൾ ഉല്‌പാദിപ്പിക്കാം. നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ ആത്തച്ചക്കയുടെ കുരു ചെറിയ ഗ്രോബാഗിൽ പാകി കിളിർപ്പിക്കണം. രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്. നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്
. വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും. പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം. മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും. ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും. വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. നല്ല നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും. കായ്‌കൾ മൂപ്പെത്തിയാൽ ഇളം പച്ചനിറം മാറി തവിട്ടു നിറമാകും. പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്, എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി.
രുചികരമായ സീതപ്പഴത്തിന് ആരോഗ്യഗുണങ്ങൾ പലതാണ്. സീതപ്പഴം മസ്തിഷ്ക ആരോഗ്യത്തിന് മികച്ചതാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളാണ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പങ്ക് വഹിക്കുന്നത്. ഊർജത്തിന്റെ കലവറയാണ് സീതപ്പഴം. ശരീരത്തിന് ക്ഷീണം തോന്നുമ്പോൾ സീതപ്പഴം കഴിച്ചാൽ ഉന്മേഷം ലഭിക്കും. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങളാണ് ഇതിന് പിന്നിൽ. ഇതിനു പുറമേ പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. സീതപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും ദഹനേന്ദ്രിയത്തിന് സംരക്ഷണം നൽകാനും സഹായിക്കും. അർബുദത്തെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്.
ഇത് ശരീരത്തിലെ മെറ്റബോളിക് നിലയും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. വിറ്റാമിൻ സി യുടെ കലവറയായതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമം. ശരീരത്തിലുണ്ടാവുന്ന അണുബാധ തടയാനും ഈ ഫലത്തിന് കഴിവുണ്ട്. പേശികൾക്ക് ബലം വർദ്ധിപ്പിക്കുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യുന്നതിനാൽ കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കും കുട്ടികൾക്കും കായികതാരങ്ങൾക്കും മെച്ചപ്പെട്ടൊരു ഭക്ഷണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |