
ഹോട്ടലുകൾ, പരിപാടികൾ നടക്കുന്ന വേദികൾ തുടങ്ങിയ ഇടങ്ങളിൽ തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി വാങ്ങി സൂക്ഷിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലുള്ള ആധാർ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.
ഇനി മുതൽ ആധാർ വിവരങ്ങൾ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ യുഐഡിഎഐ സംവിധാനത്തിൽ റജിസ്റ്റർ ചെയ്യണം. പേപ്പർ രൂപത്തിലുള്ള രേഖകൾ പൂർണ്ണമായും ഒഴിവാക്കി, ഡിജിറ്റൽ സംവിധാനത്തിലൂടെ പരിശോധന ഉറപ്പാക്കാനാണ് ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.
യുഐഡിഎഐ അധികൃതർ പറയുന്നതനുസരിച്ച്, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കും. നിലവിൽ, ആപ്പിൽ നിന്ന് ആപ്പിലേക്കുള്ള ഓതന്റിക്കേഷൻ സൗകര്യം പരീക്ഷണ ഘട്ടത്തിലാണ്. ഇത് വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കും.
വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായാണ് പുതിയ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്യുന്നത്. മൊബൈൽ ഫോൺ ഇല്ലാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിൽ ഉൾപ്പെടുത്താനുള്ള സൗകര്യവും ഇതിലുണ്ടാകും. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |