വിവാഹം ഉള്‍പ്പെടെയുള്ള പല ചടങ്ങുങ്ങകള്‍ക്കും സ്വര്‍ണം മലയാളിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍ വില കുതിക്കുന്ന രീതി കണ്ടിട്ട് പലര്‍ക്കും ഇപ്പോള്‍ തന്നെ ഒരു തരി പൊന്ന് വാങ്ങുകയെന്നത് വലിയ പണച്ചെലവുള്ള കാര്യമായി മാറിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 50,000 ആയിരുന്നു ഒരു പവന് വിലയെങ്കില്‍ ഇന്ന് അത് 90,000 എന്ന സര്‍വകാല റെക്കോഡും മറികടന്ന് മുന്നേറുകയാണ്. ഒക്ടോബര്‍ എട്ട് (ബുധനാഴ്ച) രണ്ട് തവണയാണ് വിലയില്‍ മാറ്റം വന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് 90,880 രൂപയാണ് ഇന്നത്തെ വില. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയും പവന് 560 രൂപ വര്‍ധിച്ച് 90,880 രൂപയുമായി. രാവിലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും കൂടിയതിന് പുറമെയാണിത്. ഇതോടെ ഇന്ന് പവന് വര്‍ദ്ധിച്ചത് 1,400 രൂപ. ഡോളറിന്റെ വിനിമയ നിരക്ക്, അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയവയാണ് സ്വര്‍ണ വില ഇങ്ങനെ വര്‍ദ്ധിക്കുന്നതിന് കാരണമായി പറയപ്പെടുന്നത്.
വില കുതിക്കുമ്പോഴും വില്‍പ്പന പൊടിപൊടിക്കുന്നവെന്നതാണ് മാര്‍ക്കറ്റിലെ ട്രെന്‍ഡെന്ന് ജ്വല്ലറി ഉടമസ്ഥര്‍ പറയുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. ഒരു പവന് 90,880 രൂപയാണ് നിരക്കെങ്കിലും ആഭരണമായി വാങ്ങണമെങ്കില് ഇപ്പോള്‍ തന്നെ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് നല്‍കണം. സാധാരണക്കാര്‍ക്കിടയില്‍ ഉയരുന്ന ചോദ്യം സ്വര്‍ണ വില എന്ന് എപ്പോള്‍ കുറയും എന്നതാണ്.
സ്വര്‍ണ വില കുറയുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പങ്കുവയ്ക്കുന്ന അഭിപ്രായം പക്ഷേ സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. ഫെഡ് നിരക്ക് കുറക്കുന്നതും വിപണിയിലെ ഡിമാന്‍ഡും കണക്കിലെടുത്താല്‍ സ്വര്‍ണവില ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ട്രോയ് ഔണ്‍സിന് 5,000 ഡോളറിലേക്ക് അധികം വൈകാതെ എത്താനും സാദ്ധ്യതയുണ്ട്. എന്നാല്‍ ലാഭമെടുപ്പ് പോലുള്ള സാഹചര്യങ്ങളില്‍ വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |