തിരുവനന്തപുരം: കെ.എ.എസ് മെയിൻ പരീക്ഷ നടക്കുന്ന ദിവസം തന്നെ റിസർവ് ബാങ്കിന്റെ ഗ്രേഡ്-ബി പരീക്ഷയും നടത്തുന്നത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി. ഈ മാസം 17,18 തീയതികളിലാണ് കെ.എ.എസ് പരീക്ഷ. റിസർവ് ബാങ്ക് പരീക്ഷയുടെ ഒന്നാംഘട്ടം നിശ്ചയിച്ചിരിക്കുന്നത് 18,19 തീയതികളിലുമാണ്. സിവിൽ സർവീസിന് സമാനമായി റിസർവ് ബാങ്ക് നടത്തുന്ന പ്രധാന പരീക്ഷയാണ് ഗ്രേഡ് ബിയുടേത്. ദേശീയതലത്തിൽ നടത്തുന്ന പരിക്ഷയുടെ തീയതി നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ.എ.എസ് മുഖ്യപരീക്ഷയ്ക്ക് അർഹത നേടിയവരിൽ ഒരുവിഭാഗം ഗ്രേഡ് ബി എഴുതുന്നവരാണ്. രണ്ട് പരീക്ഷകൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നവർ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
കെ.എ.എസ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് ഉദ്യോഗാർത്ഥികൾ നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ കെ.എ.എസ് പരീക്ഷ നേരത്തേ പ്രഖ്യാപിച്ചതാണെന്ന് പി.എസ്.സി ചൂണ്ടിക്കാണിച്ചു. കെ.എ.എസ് പരീക്ഷയ്ക്ക് മൂന്ന് സ്ട്രീമുകളിലായി 674പേരാണ് മുഖ്യ പരീക്ഷയെഴുതുന്നത്. പൊതുവിഭാഗത്തിനുള്ള ആദ്യ സ്ട്രീമിൽ 308പേരും ഗസറ്റഡ് അല്ലാത്ത സർക്കാർ ജീവനക്കാർക്കുള്ള രണ്ടാം സ്ട്രീമിൽ 211പേരും മൂന്നാംസ്ട്രീമിൽ 155 പേരും മുഖ്യപരീക്ഷയെഴുതും. റിസർവ്ബാങ്ക് പരീക്ഷ ദേശീയതലത്തിലുള്ളതായതിനാൽ മാറ്റിവയ്ക്കില്ല. എന്നാൽ കെ.എ.എസ് പരീക്ഷ കേരളത്തിലെ ഉദ്യോഗാർത്ഥികളെ മാത്രം ഉദ്ദേശിച്ചായതിനാൽ മാറ്റിവെച്ചാൽ കുഴപ്പം പരിഹരിക്കാമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |