തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ. ''എന്റെ നാട്ടിൽ ഒരു ചൊല്ലുണ്ട്, 'എട്ടു മുക്കാൽ അട്ടിവ ച്ചതു പോലെ'. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോയത്. സ്വന്തം ശരീര ശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ച് നിശബ്ദ ജീവികളായ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു. അപമാനകരമാണിത്''- അംഗത്തിന്റെ പേരു പറയാതെ മുഖ്യമന്ത്രി ഈ പരാമർശം നടത്തുമ്പോൾ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചീരുന്നു.
എം.എൽ.എയ്ക്കെതിരേ ശാരീരിക അധിക്ഷേപം നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം പാർലമെന്ററി വിരുദ്ധമായതിനാൽ സഭാരേഖകളിൽ നിന്നു നീക്കണമെന്നു പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യം? പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരു വിട്ടെന്നും സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം രാജ്യത്തെവിടെയും ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമവായത്തിന് സർക്കാർ പരമാവധി ശ്രമിച്ചു. ദിവസങ്ങളായി പ്രതിപക്ഷം പ്രകോപനം തുടർന്നിട്ടും ഭരണപക്ഷം സംയമനം പാലിച്ചത് ദൗർബല്യമായി കാണരുത്. പാർലമെന്ററി രീതിയിൽ എങ്ങനെ തിരിച്ചു പെരുമാറണമെന്ന് അറിയാം. അതിന് ഭരണപക്ഷത്തെ നിർബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'അരോഗ ദൃഢഗാത്രർക്ക് മാത്രമുള്ളതാണോ നിയമസഭ"
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ നിയമസഭയിൽ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ലീഗ് എം.എൽ.എ നജീബ് കാന്തപുരം. അരോഗ ദൃഢഗാത്രർക്ക് മാത്രമുള്ളതാണോ നിയമസഭയെന്നും,. ഇ.എം.എസും വി.എസും ഇരുന്ന മുഖ്യമന്ത്രി കസേരയിൽ ഇപ്പോൾ എത്ര ഇഞ്ചുള്ള ആളാണ് ഇരിക്കുന്നതെന്നും നജീബ് ഫേസ്ബുക്കിൽ കുറിച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവ് കൂടെ ഇനി പിണറായി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. മുഖ്യമന്ത്രിക്ക് പ്രസംഗം എഴുതിക്കൊടുക്കുന്നത് ഏത് പിന്തിരിപ്പനാണെന്ന് പരിശോധിക്കണമെന്നും നജീബിന്റെ കുറിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |