ആലപ്പുഴ: കേരളപിറവി ദിനത്തിൽ ആലപ്പുഴ നഗരസഭയെ അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന അജണ്ടയെ എതിർത്ത് പ്രതിപക്ഷം. ജനങ്ങൾക്ക് നൽകാമെന്ന് പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യങ്ങൾ നൽകാതെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നഗരസഭയെ അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നത് അവരെ കബളിപ്പിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് റീഗോ രാജു പറഞ്ഞു. ഭവന രഹിതർക്ക് വീട് നൽകുന്നതിനായി ചാത്തനാട് നിർമ്മാണം ആരംഭിച്ച ഫ്ലാറ്റ് പൂർത്തിയാക്കാനായിട്ടില്ലെന്നും റീഗോരാജു പറഞ്ഞു. എന്നാൽ സർക്കാർ മാനദണ്ഡപ്രകാരമാണ് അതിദാരിദ്ര്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നത്. 187 പേരാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത്. ആരെതിർത്താലും പ്രഖ്യാപനം നടത്തുമെന്ന് നഗരസഭ അദ്ധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. എന്നാൽ എതിർപ്പുകൾക്കിടയിൽ അജണ്ട നഗരസഭ പ്രഖ്യാപിച്ചു.
...............
വികസന സദസ് 17ന്
സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളലേക്ക് എത്തിക്കുന്നതിനും നാടിന്റെ ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ് 17ന് ആലപ്പുഴ നഗരസഭയിൽ നടക്കും.
.........
ഭരണപക്ഷം മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷം
ഓഡിറ്റ് പരാമർശങ്ങളിലും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിലും വ്യക്തതയില്ലാത്ത മറുപടി നൽകാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. പൂട്ടിക്കിടക്കുന്ന ടൗൺഹാൾ എപ്പോൾ പുനർനിർമ്മിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. കൊട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്ത വളം നിർമ്മാണ യൂണിറ്റും എയ്റോഫെർട്ട് വളവും നാളിതുവരെ ആർക്കും വിതരണം ചെയ്തിട്ടില്ല. ആധുനിക അറവുശാല ഇനി പ്രവർത്തിപ്പിക്കുവാൻ കഴിയുകയില്ലെന്ന് പറയുന്ന ഭരണസമിതി തുടർ നടപടികളെ പറ്റിയും മിണ്ടുന്നില്ല. സ്റ്റേഡിയം നിർമ്മാണവും ഫുഡ് സ്ട്രീറ്റ് പദ്ധതിയും എങ്ങുമെത്തിയില്ല. നഗരസഭയുടെ തനത് വരുമാനം തിരിച്ചെടുക്കുന്നതിൽ വീഴ്ച വന്നത് മൂലം 12 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടത് ഉൾപ്പെടെയുള്ള ഓഡിറ്റ് പരാമർശങ്ങൾക്ക് വ്യക്തമായ മറുപടി നൽകുവാൻ കഴിയാത്തത് ഭരണപക്ഷത്തിന്റെ പരാജയമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |