കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സരിതയെ കൂറുമാറ്റ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാബു വേങ്ങവേലിയും ചേർന്ന് നൽകിയ ഹർജിയെ തുടർന്നാണ് നടപടി. നാലാം വാർഡിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർത്ഥിയായിട്ടാണ് സരിത ജനവിധി തേടിയത്. യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യ രണ്ട് വർഷം വൈസ് പ്രസിഡന്റ് സ്ഥാനം സിനി ജോസഫിനും രണ്ട് വർഷം ഓമന സോദരനും അവസാന ഒരു വർഷം പി.എസ്. സരിതയ്ക്കുമെന്നായിരുന്നു ധാരണ. ധാരണ പ്രകാരം കാലവധി പൂർത്തിയാക്കിയ സിനി ജോസഫ് രാജിവെച്ചതോടെ 2023 ജൂലായ് 26ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സരിത എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റാകുകയായിരുന്നു. തുടർന്നാണ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിലും സാബു വേങ്ങവേലിയും ചേർന്ന് ഹർജി നൽകിയത്. ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാടില്ലെന്ന വിലക്കുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ വിധി സ്വാഗതർഹമാണെന്നും സ്ഥാനമാനങ്ങൾക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി കുറുമാറുന്ന എല്ലാ രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഇത് ഒരു പാഠമാണെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.
കോൺഗ്രസ് ആഹ്ലാദപ്രകടനം നടത്തി
കട്ടപ്പന: ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സരിതയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയ സംഭവത്തിൽ കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മിറ്റി ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പ്രകടനവും കോലം കത്തിക്കലും ശേഷം മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഫ്രാൻസിസ് അറക്കപറമ്പിൽ, സാബു വേങ്ങവേലിയിൽ, റോജി സലീം, അരുൺ പൊടിപാറ, സിനി ജോസഫ് വെട്ടിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |