കോട്ടയം: '' എന്റെ മതവും രാഷ്ട്രീയവും നിലപാടും സിനിമയാണ്. അതിന് മുകളിൽ മറ്റൊന്നുമില്ല. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാനുണ്ടായ കാലം ആത്മാർത്ഥമായി ജോലി ചെയ്തു. തിരികെ പൂന
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് വന്നപ്പോഴും ഞാനെന്റെ സിനിമാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു''- ഭരണസമിതിയുമായുള്ള വിയോജിപ്പിനെ തുടർന്ന് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ചലച്ചിത്ര പ്രവർത്തകനും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അസോസിയേറ്റ് പ്രൊഫസറുമായ പി.ആർ.ജിജോയ് കേരളകൗമുദിയോടു സംസാരിക്കുന്നു.
വിദ്യാർത്ഥി സമരത്തെ തുടർന്നാണ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് വന്നത് പിന്നീടെന്താണ് സംഭവിച്ചത്?
ഞാൻ ചുമതലയേറ്റെടുത്തതിന് ശേഷം രണ്ട് വർഷക്കാലം സമയം നോക്കാതെയാണ് ജോലി ചെയ്തത്. സംവരണം പാലിച്ച് പ്രവേശനം നടത്തി. 60 സീറ്റുകളിലും വിദ്യാർത്ഥികളെത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി ഫണ്ട് ലഭിക്കാനുള്ള പദ്ധതി തയ്യാറാക്കി നൽകി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ വിദ്യാർത്ഥികളുടെ സിനിമകൾ ഭാഗമായി. ഇക്കാലമത്രയും വിദ്യാർത്ഥികളെ കൂടെക്കൂട്ടിയാണ് മുന്നോട്ടുപോയത്.
പെട്ടെന്ന് എങ്ങനെയാണ് വിയോജിപ്പുണ്ടായത്?
അദ്ധ്യാപകരുടെ ശമ്പളവുമായി ബന്ധപ്പെട്ട വലിയ പ്രശ്നം അവിടെയുണ്ട്. പത്ത് വർഷമായി ഒരേ ശമ്പളത്തിലാണ് അവർ ജോലി ചെയ്യുന്നത്. അതിന് മാറ്റം വേണമെന്ന് ഞാൻ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ ഡോ.ബീനാ പോളിനെ മെന്റർ തസ്തികയിലേയ്ക്ക് കൊണ്ടുവരാനുള്ള നീക്കമുണ്ടായി. ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് 75,000 രൂപ ശമ്പളത്തിൽ അത്തരമൊരു തസ്തിക എന്തിനെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തിനാണ് മെന്റർ, ഡയറക്ടർ തസ്തികയിലേയ്ക്ക് നിയമിക്കാമല്ലോ. ചെയർമാന്റെ ശമ്പളം ഇരട്ടിയാക്കണമെന്ന് ആവശ്യപ്പെടാൻ എനിക്ക് നിർദേശം വന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അത്തരമൊരു കീഴ്‌വഴക്കമില്ലെന്ന്. ഓണറേറിയം വർദ്ധിപ്പിക്കാൻ ചെയർമാൻ രേഖാമൂലം ആവശ്യപ്പെടണം. വേണമെങ്കിൽ ഡയറക്ടർക്ക് ശുപാർശ ചെയ്യാം. ഇത്തരം കാര്യങ്ങളിലൊക്കെ വിയോജിപ്പിണ്ട്.
തുടർ പരിപാടികൾ എന്തൊക്കെ
എനിക്ക് ശേഷം പ്രളയം എന്നൊന്നും ചിന്തയില്ല. നല്ല കഴിവുള്ള കുട്ടികളാണ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലേത്. നന്നായി ജോലി ചെയ്യുന്നൊരു ഡയറക്ടർ അവിടെ വരട്ടെ. പൂനയിലേയ്ക്ക് തിരിച്ചു വന്നതിന്റെ മറ്റൊരു സന്തോഷം. തമിഴ് സിനിമയിൽ അഭിനയിക്കുന്നുണ്ട്. പി.എച്ച്.ഡി തുടരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |