തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സമ്മേളനം ഒരു ദിവസം മുമ്പേ പിരിഞ്ഞതോടെ അവസാനദിവസം ചരിത്രനേട്ടമാക്കി മന്ത്രി പി.രാജീവ്. 5 ബില്ലുകളാണ് മന്ത്രി രാജീവ് അവതരിപ്പിച്ച് ഇന്നലെ പാസാക്കിയത്.നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രി 5 ബില്ലുകൾ ഒരുമിച്ച് അവതരിപ്പിച്ച് പാസാക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ സുപ്രധാന ബില്ലായ ഏക കിടപ്പാട സംരക്ഷണ ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര വികസനവും ഭേദഗതി ബിൽ, മലയാള ഭാഷാബിൽ, പൊതുസേവനാവകാശ ബിൽ, ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി) ബിൽ എന്നിവയാണ് മന്ത്രി രാജീവ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ചുമതലയിലുള്ള മറ്റ് വകുപ്പുകളിലെ ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു.
ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതുമൂലം പണയപ്പെടുത്തിയ കിടപ്പാടം നഷ്ടപ്പെട്ട് കുടുംബങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ഏക കിടപ്പാട സംരക്ഷണ ബിൽ.
സഭ സമ്മേളിച്ചത് 11 ദിവസം,
പാസാക്കിയത് 21 ബില്ലുകൾ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനം പാസാക്കിയത് 21 ബില്ലുകൾ. സെപ്തംബർ 15 ന് തുടങ്ങിയ സഭ ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
സെലക്ട് കമ്മിറ്റിയുടെ പരിഗണന പൂർത്തീകരിച്ചുവന്ന 2023ലെ കേരള പൊതുരേഖ ബില്ലും 2025-26 വർഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യർത്ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും ഉൾപ്പെടെയാണ് 21 ബില്ലുകൾ പാസാക്കിയത്. 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ, 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബിൽ, 2025ലെ കേരള വന (ഭേദഗതി) ബിൽ, 2025ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബിൽ, 2025ലെ മലയാളഭാഷാ ബിൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
ചട്ടം 50 പ്രകാരമുള്ള നാല് അടിയന്തര പ്രമേയ നോട്ടീസുകൾ സഭ പരിഗണിച്ചതിൽ നാലും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമായി. 15 ശ്രദ്ധക്ഷണിക്കലുകളും 83 സബ്മിഷനുകളും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |