സ്വർണത്തോടുള്ള ഇന്ത്യയ്ക്കാരുടെ മനോഭാവത്തിൽ മാറ്റം വരണം
സ്വർണത്തിൽ അധിഷ്ഠിതമായ ലോകക്രമത്തിലെ ആഗോള നേതൃത്വം സ്വാഭാവികമായും ഇന്ത്യയ്ക്ക് ലഭിക്കേണ്ടതാണ്. ഇന്ത്യയുടെ വിശ്വാസ്യതയും ജനസംഖ്യ ശക്തിയും സ്വർണത്തോടുള്ള പരമ്പരാഗതമായ അടുപ്പവും അനുകൂല ഘടകങ്ങളാണ്. എന്നാൽ സ്വർണത്തിനുള്ള അമിത സ്വകാര്യ സ്വാധീനം വെല്ലുവിളിയും വിരോധാഭാസവും സൃഷ്ടിക്കുന്നു. ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഒന്നര ലക്ഷം കോടി ഡോളർ വിപണി മൂല്യമുള്ള 25,000 ടൺ സ്വർണമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ ശേഖരമാണിത്. ഇതു ശക്തിയാണെന്ന് തോന്നുമെങ്കിലും സാമ്പത്തികമായി ഇതൊരു മിഥ്യാഭ്രമം മാത്രമാണ്. പ്രതിവർഷം 800 ടണ്ണിലധികം സ്വർണമാണ് ഇന്ത്യ ഇറക്കുമതി നടത്തുന്നത്. ഇതിന് ചെലവ് 5,200 കോടി ഡോളറാണ്. ക്രൂഡോയിൽ കഴിഞ്ഞാൽ ഏറ്റവും വലിയ ഇറക്കുമതി ഉത്പന്നമാണിത്. അതായത് സമ്പത്ത് ലോഹമായി മാറുന്നു, എന്നാൽ പ്രചോദനമായി മാറുന്നില്ല. സാംസ്‌കാരിക അഭിമാനത്തിന്റെ പേരിൽ സ്വയം സൃഷ്ടിക്കുന്ന കറന്റ് അക്കൗണ്ട് കമ്മിയുടെ ഉത്തമോദാഹരണമാണിത്.
ഈ വിരോധാഭാസത്തിന്റെ മികച്ച ഉദാഹരണം കേരളമാണ്. ഇന്ത്യൻ ജനസംഖ്യയുടെ വെറും മൂന്ന് ശതമാനം മാത്രമുള്ള കേരളത്തിലാണ് മൊത്തം സ്വർണ ഉപഭോഗത്തിന്റെ നാലിലൊന്നും നടക്കുന്നത്. സാമൂഹ്യവികസനത്തിൽ മാതൃകയായ കേരളം ഇന്ന് 'സ്വർണ സമ്പദ്വ്യവസ്ഥയുടെ' അടിത്തറയായും മാറി. തിളക്കമുണ്ട് പക്ഷേ ഉത്പാദനക്ഷമതയില്ലെന്ന് ചുരുക്കം.
മോദി സർക്കാരിന്റെ നഷ്ട അവസരം
പുതിയ സാഹചര്യം മോദി സർക്കാർ നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് വാസ്തവം. നിർജീവമായ സ്വർണത്തെ ധനകാര്യ ആസ്തിയായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സോവറിൻ സ്വർണ ബോണ്ടുകളും ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമും അടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. ഇവ ലാഭവും സുരക്ഷയും രാജ്യത്തിന്റെ മൂല്യസൃഷ്ടിയും ഒരേസമയം വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ത്യയ്ക്കാരുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാനായില്ല. ഇപ്പോഴും ഇന്ത്യൻ കുടുംബങ്ങൾക്ക് സ്വർണം നിക്ഷേപമല്ല, പാരമ്പര്യമാണ്. അതിനാൽ യുക്തിപരമായ സാമ്പത്തികതത്വങ്ങൾക്ക് അതീതവുമാണ്. ഈ മനോഭാവം രാജ്യത്തിന് ബാദ്ധ്യതയാണ്. ഓരോ ഗ്രാം സ്വർണം ഇറക്കുമതി നടത്തുമ്പോഴും രൂപ ദുർബലമാകും, രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കൂടും.
തന്ത്രപരമായ സാഹചര്യം
ഇന്ത്യ ഇപ്പോൾ അപൂർവമായ ഒരു വഴിത്തിരിവിലാണ്. ഡോളർ അധിഷ്ഠിതമായ ലോകക്രമം കടബാധ്യതയുടെ ഭാരത്തിൽ തളരുകയും ആഗോള വ്യാപാരം പ്രാദേശിക കൂട്ടായ്മകളിലേക്ക് മാറുകയും ചെയ്യുമ്പോൾ ഭാവിയുടെ റിസർവ് ആസ്തി 'വിശ്വാസം' അല്ല, രൂപമാണ്. ദൃശ്യമായതും പരിധിയുള്ളതും ഡിജിറ്റൽ അല്ലാത്തതുമായ ആസ്തിയെന്ന പദവി അതിനാൽ സ്വർണത്തിനാണ് ഏറെ ചേരുന്നത്.
ഇതിനെ തന്ത്രപരമായി പ്രയോജനപ്പെടുത്തണമെങ്കിൽ സ്വർണം സ്വകാര്യ ശേഖരത്തിൽ നിന്ന് പൊതു സാമ്പത്തിക ഘടനയിലേക്ക് മാറ്റണം. സ്വർണശേഖരങ്ങൾ മോണിറ്റൈസ് ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ച് അതിലൂടെ ലഭിക്കുന്ന തുക പുനരുത്പാദന ഊർജം, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നിക്ഷേപിച്ചാൽ ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും വിദേശ നാണയശേഖരം മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ 25 ശതമാനം സാമ്പത്തിക രൂപത്തിലാക്കിയാൽ ഊർജ മേഖലയിലെ മാറ്റം പൂർത്തിയാക്കാൻ പണം കണ്ടെത്താം. കേരളത്തിലെ ജനങ്ങളുടെ സ്വർണവും ഇപ്രകാരം ഉത്പാദനപരമാക്കിയതാൽ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം വളർച്ചയ്ക്കും പുനരുപയോഗ ഇന്ധന ഉത്പാദനത്തിനും ആവശ്യമായ പണം കണ്ടെത്താനാകും
(പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും രഞ്ജിത്ത് കാർത്തികേയൻ അസോസിയേറ്റ്സിന്റെ സ്ഥാപക പാർട്ട്ണറുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |