കോഴിക്കോട്: ഡോക്ടർ വിപിനെ വെട്ടിയ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി താമരശേരി താലൂക്ക് ആശുപത്രി അധികൃതർ. ബുധനാഴ്ച ഉച്ചയ്ക്ക് ആക്രമണം നടന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ ഡിവെെ.എസ്.പി പി.ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് വെെകിട്ട് തിരികെപ്പോയശേഷം സമീപത്തുള്ള ചിലർ പടക്കംപൊട്ടിച്ച് ആഘോഷിച്ചിരുന്നതായി വിവരമുണ്ടെന്നാണ് ഇവർ പറയുന്നത്. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ട് ഡോ.ഗോപാലകൃഷ്ണൻ ഇന്ന് ഡിവെെ.എസ്.പിക്ക് പരാതി നൽകും.
സൂപ്രണ്ടിനെ ലക്ഷ്യമിട്ടാണ് സനൂപെത്തിയതെന്നാണ് ആരോപണം. ഡോക്ടർമാരുടെ അനാസ്ഥയാണ് മകളുടെ മരണകാരണമെന്ന സനൂപിന്റെ തെറ്റിദ്ധാരണ ഏറെക്കുറെ മാറ്റിയതാണ്. എന്നാൽ പുറത്തുനിന്നുള്ള ചിലർ ഇടപെട്ട് പ്രശ്‌നം ആളിക്കത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഡോ.ഗോപാലകൃഷ്‌ണനോട് പലർക്കും എതിർപ്പുണ്ട്. സനൂപിലൂടെ പക തീർക്കാനാണ് ശ്രമമെന്ന് സംശയിക്കുന്നതായും ആരോപിച്ചു. തന്നെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് ഡോ.ഗോപാലകൃഷ്ണനും പറഞ്ഞിരുന്നു.
ഡോ.വിപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു
ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ള ഡോ.വിപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ബുധനാഴ്ച രാത്രി ശസ്ത്രക്രിയ നടത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റി. സംസാരിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സനൂപിനെ ഇന്നലെ താമരശ്ശേരി ഒന്നാം ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും. അതേസമയം സി.സി ടി.വി ദൃശ്യങ്ങളും ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരങ്ങളും ഡി.എം.ഒ ആരോഗ്യവകുപ്പിന് കെെമാറി.
ഡോക്ടറെ വെട്ടാൻ കാരണം മകളുടെ
മരണത്തിലുള്ള പകയെന്ന് സനൂപ്
കോഴിക്കോട്: ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് തന്റെ മകൾ അനയ മരിച്ചതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് സമ്മതിച്ച് പ്രതി സനൂപ്. ഡിവെെ.എസ്.പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. സൂപ്രണ്ട് ഡോ.കെ.ഗോപാലകൃഷ്ണനെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പറഞ്ഞതായാണ് സൂചന. സൂപ്രണ്ടിനെ അന്വേഷിച്ച് ബുധനാഴ്ച മൂന്നുതവണ സനൂപ് ആശുപത്രിയിലെത്തിയിരുന്നത് ഇതിന് തെളിവാണെന്ന് ജീവനക്കാർ പറയുന്നു. തന്റെ ആക്രമണം ഡോക്ടർമാർക്കും ആരോഗ്യവകുപ്പിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പറഞ്ഞതായും വിവരമുണ്ട്. താമരശ്ശേരി ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്നാണ് അനയ മരിച്ചതെന്ന് സനൂപ് നേരത്തേ ആരോപിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരമാണ് മരണകാരണമെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പനിയെ തുടർന്നാണ് മരിച്ചതെന്ന് തന്നോട് പറഞ്ഞിരുന്നതായി സനൂപ് വെളിപ്പെടുത്തിയിരുന്നു. താമരശ്ശേരി ആശുപത്രിയിലെ ഡോക്ടർമാർ യഥാസമയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തിരുന്നുവെങ്കിൽ മകൾ മരിക്കില്ലെന്നും പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ല,അനയ മരിച്ചതെന്ന് സനൂപ് വിശ്വസിച്ചിരുന്നതായി ഭാര്യ റംബീസയും വെളിപ്പെടുത്തി.
അനയയുടെ മരണത്തിൽ ആശയക്കുഴപ്പം
ആഗസ്റ്റ് 14നാണ് അനയ മരിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളേജിലെത്തുന്നതിന് തൊട്ടുമുമ്പ് മരിച്ചു. തലച്ചോറിലെ സ്രവത്തിന്റെ പ്രാഥമിക പരിശോധനയിൽ അമീബയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ആലപ്പുഴ ലാബിലെ പരിശോധനയിൽ അമീബയുടെ സാന്നിദ്ധ്യമില്ലായിരുന്നെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പനിയാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും പനിക്കൊപ്പം അമീബിക് മസ്തിഷ്ക ജ്വരവുമുണ്ടാകാമെന്നും താമരശ്ശേരി ആശുപത്രി ഡോക്ടർമാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |