SignIn
Kerala Kaumudi Online
Saturday, 11 October 2025 4.53 AM IST

50 വർഷം ആ രഹസ്യം കാത്തുസൂക്ഷിക്കും; നോബൽ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ കർശനമായി പാലിക്കുന്ന ചട്ടം

Increase Font Size Decrease Font Size Print Page
nobel-prize

ഈ വർഷത്തെ നോബൽ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർഷവും ഒക്ടോബർ ആറ് മുതൽ പത്ത് വരെയുളള തീയതികളിലാണ് വിവിധ മേഖലയിലുളള നോബൽ പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിക്കുന്നത്. റോയൽ സ്വീഡിഷ് അക്കാഡമിയാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത്. രസതന്ത്രം, സാഹിത്യം, സമാധാനം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ ലോകത്ത് മഹത്തായ സംഭാവനകൾ നൽകിയവർക്ക് നൽകുന്ന പുരസ്‌കാരമാണ് നോബൽ സമ്മാനം.

ലോകത്തെ ഏ​റ്റവും വലിയ പുരസ്‌കാരമായാണ് നോബൽ സമ്മാനത്തെ കണക്കാക്കുന്നത്. നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനും പുറമേ ജേതാവിന് പത്ത് മില്യൺ സ്വീഡൽ ക്രോണ വരെ (2006ലെ കണക്കുപ്രകാരം ആറ് കോടി 26 ലക്ഷം) ലഭിക്കുന്നു. എന്നാൽ പുരസ്‌കാരങ്ങൾക്കായി നോമിനേ​റ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ അക്കാഡമി പെട്ടെന്നൊന്നും പുറത്തുവിടാറില്ല. 50 വർഷം വരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


ചരിത്രം
1896ൽ അന്തരിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനായ ആൽഫ്രണ്ട് നോബലിന്റെ അവസാന വിൽപത്ര പ്രകാരമാണ് നോബൽ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. അദ്ദേഹം മരിക്കുന്നതിന് ഒരു വർഷം മുൻപ് തയ്യാറാക്കിയ വിൽപത്രത്തിൽ ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ നിർദ്ദേശങ്ങളും ചേർത്തിട്ടുണ്ട്. നോബൽ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്‌സൈ​റ്റ് പ്രകാരം ഈ ബഹുമതികൾക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കില്ല. പകരം അക്കാദമിക് വിദഗ്ദരോ മുൻ നോബൽ പുരസ്‌കാര ജേതാക്കളോ പ്രമുഖ ഗവേഷകരോ പാർലമെന്റേറിയൻമാരോ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുളളവരോ ആയിരിക്കണം നാമനിർദ്ദേശം സമർപ്പിക്കേണ്ടത്.


50 വർഷത്തെ രഹസ്യം
ഇത്തരത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ വിവരങ്ങൾ പുരസ്‌കാരം പ്രഖ്യാപിച്ച് 50 വർഷം വരെ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. നാമനിർദ്ദേശം ലഭിച്ചവരുടെയും നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെയും വിവരങ്ങൾ ഒരു കാരണവശാലും 50 വർഷത്തേക്ക് പുറത്തുവിടരരുതെന്ന് നോബൽ ഫൗണ്ടേഷൻ ചട്ടങ്ങളിൽ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. അതായത് 2025ൽ ഒരു വ്യക്തിയെ നോബൽ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ടെങ്കിൽ 2075 വരെ ആ വിവരങ്ങൾ വെളിപ്പെടുത്താൻ പാടുളളതല്ല.

1901 മുതലാണ് ആദ്യമായി ഈ പുരസ്‌കാരം നൽകിതുടങ്ങിയത്. പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്ന രീതി, നിക്ഷ്പക്ഷത,സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യുന്നവരുടെ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തിയാൽ പലതരത്തിലുളള സമ്മർദ്ദങ്ങൾക്കും കാരണമായേക്കും. അത്തരത്തിലുണ്ടാകുന്ന ചർച്ചകളുടെ ന്യായയുക്തതയെ അപകടത്തിലാക്കുമെന്നും ഫൗണ്ടേഷൻ വിശദീകരിക്കുന്നു. ബാഹ്യ ഇടപെടലുകളിൽ നിന്ന് നോബൽ സമ്മാനത്തെ സംരക്ഷിക്കുകയെന്ന ആഗ്രഹമുളളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത്.

ഇതിലൂടെ അർഹരായ വ്യക്തികളെ ശുപാർശ ചെയ്യാനുളള സ്വാതന്ത്ര്യം നൽകുന്നുവെന്ന് നോബൽ ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു. 1973ൽ യുഎസ് സ്​റ്റേ​റ്റ് സെക്രട്ടറി ഹെൻറി കിസിംഗറിന് നൽകിയ സമാധാനത്തിനുളള നോബൽ സമ്മാനം വിയ​റ്റ്നാം യുദ്ധത്തിനിടയിൽ ആഗോള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. നാമനിർദ്ദേശം ചെയ്തവരുടെ പേരുകൾ പരസ്യമാക്കിയിരുന്നുവെങ്കിൽ അവർക്ക് രാഷ്ട്രീയ തിരിച്ചടിയോ സമ്മർദ്ദമോ നേരിടേണ്ടി വരുമായിരുന്നുവെന്ന് നിരീക്ഷകർ പറയുന്നു.


ഹി​റ്റ്‌‌ലറുടെ പേര് പുറത്തായപ്പോൾ
നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ 1939ൽ ഒരു രസകരമായ വിവരം പുറത്തുവന്നിരുന്നു. അഡോൾഫ് ഹി​റ്റ്‌ലറിനെ സമാധാനത്തിനുളള നോബൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്നായിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഹി​റ്റ്‌ലറെ ആക്ഷേപഹാസ്യ പ്രതിഷേധമായാണ് നാമനിർദ്ദേശം ചെയ്തിരുന്നത്. അത് പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഈ വിവരം പുറത്തുവന്നിരുന്നുവെങ്കിൽ ഇത് കടുത്ത പ്രതിഷേധത്തിന് കാരണമാകുമായിരുന്നു.

ഇപ്പോഴത്തെ അവസ്ഥ

244 വ്യക്തികൾക്കും 94 സംഘടനകൾക്കുമാണ് ഇത്തവണ നാമനിർദ്ദേശമുള്ളത്. സ്വയം പ്രഖ്യാപിത നാമനിർദ്ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയരുന്നത്. ഫ്രാൻസിസ് മാർപാപ്പ, ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, പാലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി തുടങ്ങിയവരുടെ പേരും ഇത്തരത്തിൽ കേൾക്കുന്നുണ്ട്.

ഈ വ‌ർഷത്തെ സമാധാനത്തിനുളള നോബൽ പുരസ്കാരം ആർക്ക്?​

സമാധാന നോബൽ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ അവശേഷിക്കുന്നുളളൂ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നോബൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. ഡിസംബർ പത്തിന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വച്ചാണ് നോബൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.

TAGS: NOBEL PRIZE, SECRET, REASONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.